ശബരിമല തീർഥാടനം: സ്പോട്ട് ബുക്കിം​ഗ് താൽക്കിലികമായി നിർത്തി

പത്തനംതിട്ട: ശബരിമല തീർഥാടനം ഇന്നു തുടങ്ങാനിരിക്കെ, തീർഥാടകർക്കുള്ള സ്പോട്ട് ബുക്കിം​ഗ് താൽക്കിലികമായി നിർത്തി.‌ നാളെ മുതൽ മൂന്നു ദിവസത്തേക്കാണ് നിയന്ത്രണം. നേരത്തേ വിർച്വലായി ബുക്ക് ചെയ്തവർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകാനും തീരുമാനമായി.
രണ്ടു മാസത്തെ തീർഥാടനത്തിന് ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെലിക്കും. പതിവ് പൂജകൾക്ക് ശേഷം ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാർ ചുമതല ഏൽക്കും. വൃശ്ചികം ഒന്നായ നാളെ പുലർച്ചെ മുതലാണ് ഭക്തർക്ക് ദർശനാനുമതി.
ത്രിവേണിയിൽ വെള്ളം കയറി. പമ്പാ സ്നാനം ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ നിരോധിച്ചു. ശബരിമലയിലേക്കുള്ള പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായി. പുനലൂർ മൂവാറ്റുപുഴ റോഡിൽ കോന്നി വകയാറിൽ വെള്ളം കയറി. അടൂരിൽ നിന്നും പത്തനംതിട്ടയിലേക്കുള്ള റോഡിലും വെള്ളം കയറിയിട്ടുണ്ട്. പത്തനംതിട്ട റിങ്ങ് റോഡിലും താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു.
പമ്പയിലേക്കുള്ള റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടെന്ന് ജില്ല കളക്ടർ ദിവ്യ എസ് അയ്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബദൽ വഴികളിലൂടെ ഗതാഗതം തിരിച്ചുവിടാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും കളക്ടർ അറിയിച്ചു.കനത്ത മഴയുടെ സാഹചര്യത്തിൽ പമ്പ, ത്രിവേണിയിൽ കരകവിഞ്ഞ് ഒഴുകുന്നതിനാൽ പമ്പാ സ്നാനം അനുവദിക്കാൻ കഴിയാത്ത സാഹചര്യം ആണിപ്പോഴുള്ളത്. അതേസമയം തീർഥാടന ഒരുക്കങ്ങൾ ഏകോകിപ്പിക്കാൻ റവന്യുമന്ത്രി കെ രാജൻ ഇന്ന് പമ്പയിലെത്തും.

Related posts

Leave a Comment