ശബരിമല നടയടച്ചു; ഇനി തുറക്കുന്നത് സെപ്റ്റംബർ 16ന്

തിരുവനന്തപുരം: നിറപുത്തരി പൂജയ്ക്കും ചിങ്ങമാസം, ഓണം നാളുകളിലെ പൂജകൾക്കുമായി തുറന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഹരിവരാസന സങ്കീർത്തനം പാടി അടച്ചു. കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16-ന് വൈകുന്നേരം അഞ്ചിനാണ് വീണ്ടും നട തുറക്കുക. പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21ന് വീണ്ടും ക്ഷേത്ര തിരുനടയടക്കും.ചതയദിനമായ ഇന്നലെ രാവിലെ അഞ്ചുമണിക്കാണ് ശബരിമല നട തുറന്നത്. തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടന്നു. ഉഷപൂജ, നെയ്യഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയും ഉണ്ടായിരുന്നു .വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം പടിപൂജയും പുഷ്പാഭിഷേകവും നടന്നു. ചതയം ദിനത്തിലും ഭക്തർക്കായി ഓണസദ്യ ഒരുക്കിയിരുന്നു. മാളികപ്പുറം മേൽശാന്തിയുടെ വകയായിരുന്നു ചതയ ദിനത്തിലെ ഓണസദ്യ. തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ചെയർമാൻ വൈ.വി സുബ്ബ റെസ്റ്റി, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി.മോഹൻ ദാസ്, ഗുരുവായൂർ ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ബ്രീജാകുമാരി എന്നിവർ ശബരിമലയിൽ എത്തി കലിയുഗവരദ ദർശനം നടത്തി. ഉച്ചപൂജ കണ്ട് തൊഴുതശേഷം ഓണസദ്യയും കഴിച്ചാണ് ചെയർമാൻമാർ മടങ്ങിയത്. അന്നദാന മണ്ഡപം സന്ദർശിച്ച തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ അന്നദാന വിതരണ പ്രവർത്തനങ്ങളും വിലയിരുത്തി.

Related posts

Leave a Comment