മണ്ഡല പൂജയ്ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു.സ്ഥാനമൊഴിഞ്ഞ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് നട തുറന്നത്. മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്‌നി പകർന്നു. തുടർന്ന് പുതിയ ശബരിമല മേൽശാന്തിയായി എൻ.പരമേശ്വരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി ശംഭു നമ്പൂതിരിയെയും അവരോധിച്ചു. സ്‌പെഷൽ കമ്മീഷണറും കൊല്ലം ജില്ലാ ജഡ്ജിയുമായ എം.മനോജ് സന്നിഹിതനായിരുന്നു.
വൃശ്ചികം ഒന്നായ ഇന്ന് പുലർച്ചെ ഇരുക്ഷേത്രനടകളും പുറപ്പെടാ ശാന്തിമാരായ എൻ.പരമേശ്വരൻ നമ്പൂതിരിയും ശംഭു നമ്പൂതിരിയും തുറക്കും. ഒരു വർഷത്തെ ശാന്തി വൃത്തി പൂർത്തിയാക്കിയ ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റിയും മാളികപ്പുറം മേൽശാന്തി രജികുമാർ നമ്പൂതിരിയും തിങ്കളാഴ്ച രാത്രി തന്നെ പതിനെട്ടാം പടികൾ ഇറങ്ങി കലിയുഗവരദന് യാത്രാവന്ദനം നടത്തി വീടുകളിലേക്ക് മടങ്ങി.
ഇന്ന് മുതൽ ഡിസംബർ 26 വരെയാണ് മണ്ഡലപൂജാ മഹോൽസവം. മകരവിളക്ക് ഉൽസവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബർ 30ന് തുറക്കും. മകരവിളക്ക് ഉത്സവം ഡിസംബർ 30 മുതൽ ജനുവരി 20 വരെയാണ്. 2022 ജനുവരി 19 വരെ ഭക്തർക്ക് ദർശനത്തിനുള്ള അനുമതി ഉണ്ട്. തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഡിസംബർ 26ന് നടക്കും. മകരവിളക്ക് ദിവസമായ ജനുവരി 14ന് വൈകുന്നേരം 6.30ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും.

Related posts

Leave a Comment