അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രത;ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം

തിരുവനന്തപുരം :കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. തീവ്ര മഴയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ വിളിച്ചുചേർത്ത ജില്ലാ കലക്ടർമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.എറണാകുളം, ഇടുക്കി തൃശൂർ ജില്ലകളിലാണ് നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കക്കി, ഇടുക്കി ഡാമുകൾ തുറന്നുവിട്ടു. വൈദ്യുതി, ജല വകുപ്പുകളുടെ വിവിധ ഡാമുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് ടീമുകൾ നിലവിൽ സംസ്ഥാനത്തുണ്ട്. നാല് ടീമുകൾ നാളെ രാവിലെയോടെ എത്തും. ഡിഫൻസ് സെക്യൂരിറ്റി കോർപ്സിന്റെ രണ്ട് ടീമുകൾ ആവശ്യമെങ്കിൽ കണ്ണൂർ, വയനാട് ജില്ലകളിലേക്ക് തയ്യാറാണ് .ശബരിമല നട തുറക്കുമ്പോൾ കൂടുതൽ തീർത്ഥാടകർ പ്രവേശിക്കുന്നത് ഇന്നത്തെ അവസ്ഥയിൽ പ്രയാസം സൃഷ്ടിക്കും. മഴ ശക്തമായതിനാൽ നദിയിൽ കലക്കവെള്ളമാണുള്ളത്. കുടിവെള്ളത്തിൻ്റെയും കുളിക്കാനുള്ള വെള്ളത്തിൻ്റെയും ലഭ്യതയിൽ കുറവു വരും. അതിനാൽ അടുത്ത മൂന്നു നാല് ദിവസങ്ങളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ യോഗം തീരുമാനിച്ചു. ജലനിരപ്പ് അപകടകരമായതിനാൽ പമ്പാസ്നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവുകളിലും ഇറങ്ങരുത്. സ്പോട്ട് ബുക്കിംഗ് നിർത്തും. ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകുന്ന കാര്യം പരിഗണിക്കണം.

Related posts

Leave a Comment