പുടിനെതിരേ റഷ്യയിലും പ്രതിഷേധം, ആയിരങ്ങൾ അറസ്റ്റിൽ, കമ്യൂണിസ്റ്റ് എംപിയും രം​ഗത്ത്

മോസ്‌കോ: യുക്രൈനെതിരെയുള്ള സൈനിക നടപടിയിൽ റഷ്യയിലും കനത്ത പ്രതിഷേധം. യുദ്ധത്തിനെതിരെ അണിനിരന്ന ആയിരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. യുദ്ധത്തിനെതിരെ സംസാരിക്കുന്നത് രാജ്യദ്രോഹ നടപടിയായി കണക്കാക്കുമെന്നു പ്രസിഡന്റ് പുടിൻ മുന്നറിയിപ്പ് നൽകിയെങ്കിലും എതിർപ്പ് രൂക്ഷമാണ്. അതിനിടെ റഷ്യൻ നടപടിയെ പരസ്യമായി തള്ളിപ്പറഞ്ഞ് റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എംപി മിഖായേൽ മാറ്റ് വീവ് രംഗത്തെത്തിയത് പുടിനു തിരിച്ചടിയായി.
യുദ്ധം എത്രയും വേഗം നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ദ റഷ്യൻ ഫെഡറേഷൻ നേതാവും എംപിയുമായ മാറ്റ് വീവ് പ്രതിപക്ഷ നേതാക്കളിൽ പ്രധാനിയാണ്. ”ഡോണട്‌സ്‌ക്, ലൂഹാൻസ്‌ക് ജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഞാൻ വോട്ട് ചെയ്തത്. സമാധാനത്തിന് വേണ്ടിയാണ് താൻ വോട്ട് ചെയ്തത്. അല്ലാതെ യുദ്ധത്തിനല്ല”-അദ്ദേഹം പറഞ്ഞു. യുദ്ധത്തിനെതിരെ റഷ്യയിൽ നിന്നുതന്നെ പ്രതിഷേധം ഉയരുന്നതിനിടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്തിന്റെ നിലപാടെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം തലസ്ഥാനമായ മോസ്‌കോയിലും സെന്റ് പീറ്റേഴ്‌സ്ബർഗിലും പ്രതിഷേധക്കാർ രംഗത്തെത്തിയിരുന്നു.

Related posts

Leave a Comment