യുക്രെയ്‌നിലെ ഇന്ത്യക്കാർക്കു സുരക്ഷിത പാത ഒരുക്കും: റഷ്യ

കീവ്: സൈന്യം അധിനിവേശം തുടരുന്ന യുക്രെയ്നിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നു റഷ്യ. മാനുഷിക പരിഗണന നൽകുമെന്നും യുക്രെയ്നിലെ ഇന്ത്യക്കാർക്ക് സുരക്ഷിത പാത ഉറപ്പാക്കുമെന്നും റഷ്യൻ സ്ഥാനപതി വ്യക്തമാക്കി. യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്നും റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടു. റഷ്യയോടു ചേർന്ന കിഴക്കൻ യുക്രെയ്നിലെ ഹർകീവ്, സുമി നഗരങ്ങളിൽ മലയാളികളുൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണു കുടുങ്ങിക്കിടക്കുന്നത്. ഇവരെ റഷ്യൻ അതിർത്തി വഴി പുറത്തെത്തിക്കാനുള്ള സാധ്യത ഇന്ത്യയിലെ റഷ്യ, യുക്രെയ്ൻ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി ഹർഷ്‍വർധൻ ശൃംഗ്ല ചർച്ച ചെയ്തിരുന്നു. മോസ്കോയിൽനിന്നുള്ള ഇന്ത്യൻ എംബസി സംഘം യുക്രെയ്ൻ അതിർത്തിയിൽനിന്ന് 70 കിലോമീറ്ററകലെ റഷ്യയിലെ ബെൽഗ്രോദിൽ എത്തിയിട്ടുണ്ടെങ്കിലും ശക്തമായ ആക്രമണം മൂലം കൂടുതൽ മുന്നോട്ടുപോകാനാകുന്നില്ലെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

Related posts

Leave a Comment