യുക്രെയ്നിലെ എയർഫീൽഡും അമേരിക്ക നൽകിയ ആയുധങ്ങളും തകർത്തതായി റഷ്യ

മോസ്‌കോ: യുക്രെയ്ന് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നൽകിയ ആയുധങ്ങളും ഒഡേസയിലെ സൈനിക എയർഫീൽഡിലെ റൺവേയും തകർത്തതായി റഷ്യ. മിസൈൽ ആക്രമണത്തിലാണ് പുതുതായി നിർമ്മിച്ച റൺവേയും ആയുധങ്ങളും തകർത്തതെന്നാണ് റഷ്യയുടെ അവകാശവാദം. യുക്രൈന്റെ രണ്ട് എസ് യു -24എം ബോംബർ വിമാനങ്ങൾ വെടിവെച്ചിട്ടുവെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടിട്ടുണ്ട്. റഷ്യൻ നിയന്ത്രണത്തിലായ യുക്രൈനിലെ മരിയുപോൾ നഗരത്തിലെ സ്റ്റീൽ പ്ലാന്റിൽ അഭയംപ്രാപിച്ച സ്ത്രീകളെയും കുട്ടികളെയും അവിടെനിന്ന് ഒഴിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും മിസൈൽ ആക്രമണം. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലാണ് മരിയുപോളിലെ സ്റ്റീൽ പ്ലാന്റിൽനിന്ന് ആയിരത്തോളം സാധാരണക്കാരെയും 2000ത്തോളം വരുന്ന യുക്രൈൻ സൈനികരെയും ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. മരിയുപോൾ നഗരത്തിലെ സ്റ്റീൽപ്ലാന്റ് ഒഴികെയുള്ള മിക്ക പ്രദേശങ്ങളും റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലായെന്ന് റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നു. നഗരത്തിൽ നിരവധിപേർ ആവശ്യത്തിന് ഭക്ഷണമോ, ശുദ്ധജലമോ, മരുന്നുകളോ ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്നും റിപോർട്ടുണ്ട്. റഷ്യൻ വ്യോമാക്രമണവും ഷെല്ലിങ്ങും ശക്തമായതോടെ യുക്രെയ്ന്റെ തെക്കൻ തീരപ്രദേശങ്ങളിൽനിന്നും കിഴക്കൻ മേഖലയിലെ വ്യാവസായിക മേഖലകളിൽനിന്നും കൂടുതൽ സാധാരണക്കാർ പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്.

Related posts

Leave a Comment