റംബൂട്ടാൻ വഴി നിപ്പ പകരുമോ?

കോഴിക്കോട് : കോഴിക്കോട് ചാത്തമംഗലത്ത് കഴിഞ്ഞ ദിവസം നിപ ബാധിച്ച് 12 കാരൻ മരിച്ചതോടെ വലിയ ആശങ്കയാണ് ഉയരുന്നത്. മരിച്ച കുട്ടി ദിവസങ്ങൾക്ക് മുമ്പ് റംബൂട്ടാൻ കഴിച്ചിരുന്നതായി മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു. റംബൂട്ടാനിൽ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന ആരോഗ്യ വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം പുറത്തുവന്നതോടെ പഴങ്ങളെ ജനങ്ങൾ സംശയത്തോടെ നോക്കുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ പഴക്കടകളിൽ കച്ചവടം തീർത്തും കുറവാണെന്നാണ് റിപ്പോർട്ടുകൾ. ഈ വാർത്തയുടെ പശ്ചാത്തലത്തിൽ സംശയ ദുരീകരണം നടത്തുകയാണ്, ഡോ. കെ പി അരവിന്ദൻ. മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന റംബൂട്ടാനിൽ നിന്നോ മറ്റു ഫലങ്ങളിൽ നിന്നോ നിപ പകരില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.‘ കോഴിക്കോട് മാർക്കറ്റുകളിൽ ഇപ്പോൾ റംബൂട്ടാൻ ആരും വാങ്ങുന്നില്ലത്രെ.
ഇത് തെറ്റിദ്ധാരണ മൂലമാണ്. മാർക്കറ്റുകളിൽ കിട്ടുന്ന ഫലങ്ങൾ തികച്ചും സുരക്ഷിതമാണ്.
വവ്വാലുകൾ കടിച്ചിട്ട ഫലങ്ങളിൽ നിന്ന് രോഗം പകരണമെങ്കിൽ അതിന്റെ ഉമിനീർ മുഴുവനായി ഉണങ്ങുന്നതിനു മുൻപ് അത് എടുത്ത് കഴിക്കുകയോ അതെടുത്ത കൈ കഴുകാതെ വായിലേയ്‌ക്കോ മറ്റോ കൊണ്ടു പോവുകയോ വേണം. ഉമിനീർ ഉണങ്ങിക്കഴിഞ്ഞാൽ വൈറസിന് പുറത്ത് അധിക സമയം ജീവിക്കാനാവില്ല. പല മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞ് മാർക്കറ്റിൽ എത്തുന്ന ഫലങ്ങളിൽ വൈറസിന്റെ ഒരു സാന്നിധ്യവും ഉണ്ടാവില്ല. അതിനാൽ തന്നെ മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന റംബൂട്ടാനിൽ നിന്നോ മറ്റു ഫലങ്ങളിൽ നിന്നോ നിപ്പ പകരില്ല, ഉറപ്പ്.

Related posts

Leave a Comment