കുത്തനെ തകര്‍ന്ന് റൂബിള്‍ ; മൂല്യം 40 ശതമാനം ഇടിഞ്ഞു

മോസ്‌കോ: ലോകരാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് റൂബിളിന്റെ മൂല്യത്തില്‍ വന്‍ ഇടിവ്. ഡോളറിനെതിരെ റൂബിളിന്റെ മൂല്യം 40 ശതമാനം ഇടിഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി യുഎസും സഖ്യകക്ഷികളും റഷ്യയിലെ ചില പ്രമുഖ ബാങ്കുകളെ രാജ്യാന്തര സാമ്പത്തിക വിനിമയ സംവിധാനമായ സ്വിഫ്റ്റില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. റഷ്യയുടെ സെന്‍ട്രല്‍ ബാങ്കിനും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. അന്താരാഷ്ട്ര പെയ്‌മെന്റ് സംവിധാനമായ സ്വിഫ്റ്റില്‍ നിന്ന് റഷ്യയുടെ സെന്‍ട്രല്‍ ബാങ്കിനെ വിലക്കിയതോടെ ഇവര്‍ക്ക് വിദേശനാണ്യ റിസര്‍വ് ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്.
യുഎസ് ഉള്‍പ്പെടെ ജി7 രാജ്യങ്ങളായ കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, എന്നിവയും ഉപരോധങ്ങള്‍ കടുപ്പിക്കാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
സ്വിഫ്റ്റില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും വിലക്കിയതോടെ കറന്‍സിക്കായി നെട്ടോട്ടമോടുകയാണ് ജനങ്ങള്‍. റഷ്യന്‍ പ്രസിഡണ്ട് വ്‌ലാദിമിര്‍ പുടിന്‍ രാജ്യത്തെ ആണവ പ്രതിരോധ ഏജന്‍സികളോട് കരുതലോടെ ഇരിക്കാന്‍ ആവശ്യപ്പെട്ടതോടു കൂടി രാജ്യത്തെ നിക്ഷേപകര്‍ എല്ലാം സുരക്ഷിത തീരങ്ങള്‍ തേടി യാത്രയായി. ഡോളറിലും യെന്നിലും ഒക്കെയാണ് ഇവര്‍ ഇപ്പോള്‍ നിക്ഷേപം നടത്തുന്നത്.
റഷ്യന്‍ വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ വ്യോമപാത ഉപയോഗിക്കുന്നതിലും വിലക്കുണ്ട്. റഷ്യന്‍ മാധ്യമങ്ങളുടെ അന്താരാഷ്ട്ര പ്രക്ഷേപണവും വിലക്കിയിട്ടുണ്ട്. ഇതോടെയാണ് കറന്‍സിയുടെ മൂല്യവും താഴേക്ക് പോയത്. റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് പോലും റൂബിളിനെ കയ്യൊഴിഞ്ഞ നിലയാണ്.

Related posts

Leave a Comment