വിമാനത്താവളങ്ങളില്‍ കോവിഡ് സര്‍ട്ടിഫിക്കേഷന്‍ സൗജന്യമാക്കണംഃ സുധാകരന്‍

തിരുവനന്തപുരംഃ കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി വിദേശത്തേക്കു പോകുന്ന മലയാളികളില്‍ നിന്ന് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അമിതമായ നിരക്ക് ഈടാക്കുന്നത് അടിയന്തിരമായി അവസാനിപ്പിക്കണമെന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കു കത്ത് നല്‍കി.

കോവിഡ് മഹാമാരി മൂലം തൊഴില്‍ നഷ്ടപ്പെട്ടും ശമ്പളം മുടങ്ങിയും കേരളത്തില്‍ കുടുങ്ങിപ്പോയ പതിനായിരക്കണക്കിനു വിദേശ മലയാളികള്‍ അവരുടെ തൊഴിലിടങ്ങളിലേക്കു മടങ്ങിത്തുടങ്ങിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ നിയമങ്ങള്‍ മൂലം ലക്ഷങ്ങള്‍ ചെലവാക്കി അവിടങ്ങളിലെ ഹോട്ടലുകളില്‍ ക്വാറന്‍റൈനില്‍ കഴിയേണ്ട സാഹചര്യമാണ് ഇവര്‍ക്കുള്ളത്. അതിനിടയിലാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ കൊള്ളനിരക്കില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഫീസ് ഈടാക്കുന്നത്. ഒരാളില്‍ നിന്ന് 2,500 മുതല്‍ 3500 വരെ രൂപയാണ് ഇങ്ങനെ ഈടാക്കുന്നത്. ഇതു സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതല്ല. മറ്റ് പല രാജ്യങ്ങളിലും ഇതു സൗജന്യമായാണ് ലഭ്യമാക്കുന്നത്. കേരളത്തിലും ഈ നയം നടപ്പാക്കണമെന്ന് സുധാകരന്‍ കത്തില്‍ ‌മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ആപത്തുകാലത്ത് കേരളത്തെ മനസറിഞ്ഞു സഹായിച്ചിട്ടുള്ള പ്രവാസികളെ ഈ പ്രതിസന്ധികാലത്ത് സര്‍ക്കാര്‍ കൈയയച്ച് സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

Leave a Comment