റേഷൻ കരിഞ്ചന്ത ഇല്ലാതാക്കാനാവില്ലെന്ന് മന്ത്രിയുടെ കുറ്റസമ്മതം

തിരുവനന്തപുരം: റേഷന്‍ കരി‍ഞ്ചന്ത നടത്തുന്ന സംഘത്തെ പൂര്‍ണമായി ഇല്ലാതാക്കുക എളുപ്പമല്ലെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ കുറ്റസമ്മതം. കരിഞ്ചന്ത തടയാന്‍ ഗോഡൗണില്‍ നിന്ന് കടകളിലേക്ക് പോകുന്ന ലോറികളില്‍ ജിപിഎസ്സും ക്യാമറയും സ്ഥാപിക്കും. നവംബര്‍ ഒന്നിന് മുമ്പ് ഇത് പൂർത്തിയാക്കുകയാണ് ലക്ഷ്യം. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് തിരിച്ചേല്‍പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ സര്‍ക്കാരും റേഷന്‍ കരിഞ്ചന്ത തടയാന്‍ വലിയ പരിശ്രമങ്ങളാണ് നടത്തിയത്. അതിന്‍റെ തുടര്‍ച്ചയായി നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് കരിഞ്ചന്ത പൂര്‍ണമായി തടയുകയാണ് ലക്ഷ്യം. അനര്‍ഹമായി മു‍ന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചുപയോഗിക്കുന്നവര്‍ ഇപ്പോഴും സംസ്ഥാനത്ത് ധാരാളമുണ്ട്. ഇനിയും തിരിച്ചേല്‍പ്പിക്കാത്തവരുടെ കാര്‍ഡ് പിടിച്ചെടുത്ത് നിയമ നടപടികളിലേക്ക് കടക്കും. അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ അത് തിരിച്ചേല്‍പിച്ചാല്‍ മാത്രമേ ഇപ്പോഴും പട്ടികയ്ക്ക് പുറത്ത് നില്‍ക്കുന്ന പാവങ്ങളായ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ കിട്ടികയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

Related posts

Leave a Comment