കേരളത്തിലെ സിപിഎമ്മിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നു ; കെ.സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന പൊലീസിലല്ല കേരളത്തിലെ സിപിഎമ്മിലാണ് ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നതെന്ന് ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഎമ്മിനകത്ത് ആർഎസ്എസ് ഉണ്ട് എന്നതിന്റെ തെളിവാണ് സ്വർണക്കടത്ത് കേസും കൊടകര കുഴൽപ്പണക്കേസും ആവിയായിപ്പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊടകര കുഴൽപ്പണക്കേസിൽ പ്രതിയാകുമെന്ന് പറഞ്ഞ ബിജെപി നേതാവ് കെസുരേന്ദ്രൻ സാക്ഷിയായി മാറിയതെങ്ങിനെയെന്ന് സിപിഎം നേതൃത്വം മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കോടതിയിൽ മൊഴി രേഖപ്പെടുത്തിയിട്ടും ഇന്നേവരെ മുഖ്യമന്ത്രിക്ക് ഒരു നോട്ടീസ് പോലും അയക്കാതിരുന്നത് സിപിഎം – ആർഎസ്എസ് രഹസ്യ ബാന്ധവത്തിന്റെ തെളിവാണെന്നും സുധാകരൻ ആരോപിച്ചു.ഇടതുപക്ഷ ഗവൺമെന്റിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരിൽ സിപിഐ സംസ്ഥാന നേതൃത്വം വനിതാ നേതാവിനെതിരെ ശബ്ദിക്കുന്നത് പിണറായിയെ തൃപ്തിപ്പെടുത്താൻ മാത്രമാണെന്നും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും സംസാരിക്കുന്നവർക്ക് അതിനോട് തെല്ലും ആത്മാർത്ഥതയില്ല എന്നതിന്റെ തെളിവാണ് ആനി രാജക്കെതിരായ അഭിപ്രായ പ്രകടനങ്ങളെന്നും സുധാകരൻ ആരോപിച്ചു. സംസ്ഥാനത്ത് വർധിച്ചുവരുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Related posts

Leave a Comment