ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ ആർഎസ്എസ് അതിക്രമം: പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം : രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വലതുപക്ഷ സംഘടനകൾ നടത്തിവരുന്ന ആക്രമണങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കർണാടകയും ഗുജറാത്തും ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ആർ എസ് എസ്സുമായി ചേർന്ന് നിൽക്കുന്ന വലതുപക്ഷ സംഘടനകൾ ക്രിസ്ത്യാനികൾക്കെതിരെ നടത്തുന്ന അക്രമങ്ങൾ അസ്വസ്ഥത ഉളവാക്കുന്നതാണ്. കർണാടകയിൽ കഴിഞ്ഞ ആഴ്‌ച മാത്രം ക്രിസ്ത്യാനികൾക്കെതിരായ നിരവധി ആക്രമണങ്ങളാണ് ഉണ്ടായത് . 2021 ഡിസംബർ 11ന് കർണാടകയിലെ കോലാർ ജില്ലയിൽ ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുകയും അവരുടെ മതഗ്രന്ഥങ്ങൾ കത്തിക്കുകയും ചെയ്തു. അതേ ദിവസം തന്നെ ബെലഗാവിയിൽ ഒരു പുരോഹിതനെ വെട്ടുകത്തിയുമായി ഒരാൾ പിന്തുടരുന്ന സംഭവവും ഉണ്ടായി. എന്നാൽ ഈ സംഭവങ്ങളിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ക്രിസ്ത്യൻ ഗ്രൂപ്പുകൾക്കെതിരായ സമീപകാലത്തു നടന്ന അതിക്രമങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ (പിയുസിഎൽ) റിപ്പോർട്ട് പ്രകാരം 2021ൽ കർണാടകയിൽ മാത്രം ക്രിസ്ത്യൻ സമൂഹത്തിനെതിരായ 39 അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.
ക്രിസ്ത്യാനികൾ അവരുടെ ആരാധനാലയങ്ങൾ അടച്ചുപൂട്ടാൻ നിർബന്ധിതരാകുകയും അവരുടെ ഞായറാഴ്ച പ്രാർത്ഥനകൾക്കായി ഒത്തുകൂടുന്നത് നിർത്തുകയും ചെയ്തു. വലതുപക്ഷ ഗ്രൂപ്പുകൾ ഭരണകൂടത്തിന്റെ ഒത്താശയോടെ പ്രാർത്ഥന സ്വാതന്ത്രത്തിനെതിരെ നടത്തുന്ന ഈ ആക്രമണങ്ങൾ നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന മതം ആചരിക്കാനും, വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ്. ആൾക്കൂട്ട ആക്രമണങ്ങളുടെ പല കേസുകളിലും, യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനുപകരം, പാസ്റ്റർമാരെയും വിശ്വാസികളെയും പോലീസ് അറസ്റ്റ് ചെയ്യുകയാണ്. പ്രാർത്ഥനായോഗങ്ങൾ നിർത്തിവയ്ക്കാൻ പള്ളികൾക്ക് പോലീസ് ഔപചാരിക നോട്ടീസ് നൽക്കുന്ന സംഭവങ്ങളാണ് അവിടെ അരങ്ങേറുന്നത്.
ഗുജറാത്തിൽ, മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടന മതവികാരം വ്രണപ്പെടുത്തുകയും പെൺകുട്ടികളെ ക്രിസ്ത്യാനിത്വത്തിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു എന്ന കുറ്റമാരോപിച്ചുകൊണ്ടു ഗുജറാത്ത് ഫ്രീഡം ഓഫ് റിലീജിയൻ ആക്റ്റ്, 2003 പ്രകാരം കേസെടുത്തു. വഡോദര നഗരത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
ഇന്ത്യയിലെ ന്യൂനപക്ഷ പീഡനങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് അന്താരാഷ്ട്ര ഫോറങ്ങൾ വരെ തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട് . 2020-ൽ, യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) അവരുടെ റിപ്പോർട്ടിൽ ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങൾ ആയി തരംതാഴ്ത്തിയിട്ടുണ്ട് .
അസ്ഥിരമായ ഈ സാഹചര്യത്തിൽ, വലതുപക്ഷ ഗ്രൂപ്പുകളുടെ ക്രിസ്ത്യൻ സമുദായത്തിന് നേരെയുള്ള ആക്രമണം തടയാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ കർണാടക, ഗുജറാത്ത്, മധ്യപ്രദേശ്, യുപി ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

Related posts

Leave a Comment