പൊലീസിന്റെ ഹെലികോപ്റ്റർ ഉല്ലാസ യാത്രയ്ക്ക്, സൈനിക കോപ്റ്ററിനടക്കം ബാബുവിനെ രക്ഷിക്കാൻ 75 ലക്ഷം രൂപ

  • സി.പി. രാജശേഖരൻ

കൊച്ചി: പ്രതിമാസം 20 മണിക്കൂർ വരെ പറക്കാൻ 80 ലക്ഷം രൂപയ്ക്കു വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ കൈവശം വച്ചിരിക്കെ, പാലക്കാട് മലയിൽ കുടുങ്ങിപ്പോയ ബാബുവിനെ രക്ഷിക്കാൻ സൈന്യം ഉപയോ​ഗിച്ച ഹെലികോപ്റ്ററിന് വീണ്ടും ലക്ഷങ്ങൾ ചെലവ്. ഇതടക്കം, 75 ലക്ഷത്തോളം രൂപ ബാബുവിനു വേണ്ടി ചെലവാക്കിയെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം നൽകുന്ന വിശദീകരണം. ബില്ലുകൾ ഇനിയും ബാക്കിയുണ്ടെന്നും അതു കൂടി കിട്ടുന്ന മുറയ്ക്ക് ചെലവ് ഇനിയും ഉയരുമെന്നുമാണ് കണക്ക്.

കേരളത്തിലെ തന്നെയുള്ള ഒരു മലമടക്കിൽ 400 അടി താഴ്ചയിൽ കുടുങ്ങിയ ഒരു ചെറുപ്പക്കാരനെ രക്ഷപ്പെടുത്താൻ കേരള പൊലീസ്, ഫയർ ഫോഴ്സ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവ അപര്യാപ്തമായപ്പോഴാണ് സൈനിക സഹായം തേടിയതും സൈന്യം അതിസാഹസികമായി ദൗത്യം ഏറ്റെടുത്തതും. സംസ്ഥാനത്ത് താരതമ്യേന ചെറിയൊരു അപകടമുണ്ടായാലും രക്ഷാ പ്രവർത്തനങ്ങൾക്കുള്ള സൈകര്യം ഇനിയും ഉണ്ടായിട്ടില്ലെന്നു ചുരുക്കം. ഉള്ള സൗകര്യങ്ങൾ പോലും സാധാരണ ജനങ്ങൾക്ക് ഉപയോ​ഗിക്കാനാവില്ലെന്നും ഇതോടെ വ്യക്തമായി.
അടിയന്തിര ഘട്ടങ്ങളിൽ ഉപയോ​ഗിക്കുന്നതിനു കേരള പൊലീസിനു വേണ്ടി 2019 -20 മുതല് ഹെലികോപ്റ്റർ കൈവശമുണ്ട്. ഒരു വർഷത്തേക്ക് 22.21 കോടി രൂപ വാടകയും നൽകുന്നു. ഈ ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സമ്മേളനത്തിനു പോയതും 2020ൽ അന്നത്തെ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും കൂടി പത്തനംതിട്ടയിലെ മണൽ കച്ചവടത്തിനു പോയ വിവാദ യാത്ര‌യും മാത്രമാണ് പൊതുജനങ്ങൾ അറിഞ്ഞത്. ഒരിക്കൽ എയർ ആംബുലൻസ് ആയും ഉപയോ​ഗിച്ചു. മറ്റ് യാത്രകൾ ആർക്കു വേണ്ടി, എന്തിനു വേണ്ടി എന്നതിനു കണക്ക് പുറത്തു വന്നില്ല. ഉന്നതരുടെ ആഡംബര ഉല്ലാസ യാത്രകൾക്കു മാത്രമാണ് പൊതു ഖജനാവിൽ നിന്നു കോടികൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതെന്നും വ്യക്തം. നാട്ടുകാർക്ക് അതു കൊണ്ട് പ്രയോജനമില്ലെന്നു ബാബുവിന്റെ രക്ഷാപ്രവർത്തനങ്ങളിലൂടെ വീണ്ടും ബോധ്യമായി.
ഡൽഹി ആസ്ഥാനമായ ചിപ്സൺ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്റാണ് ഇപ്പോൾ കേരള പൊലീസ് ഉപയോ​ഗിക്കുന്നത്.
പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് ചിപ്സൺ നൽകിയത്. 20 മണിക്കൂർ കഴിഞ്ഞ ഓരോ മണിക്കൂറും പറക്കാൻ 90,000 രൂപ അധികം നൽകണം. മൂന്നു വ‍ർഷത്തേക്കാണ് കരാർ.
ടെണ്ടർ ഇല്ലാതെയാണ് ഒന്നാം പിണറായി സർക്കാർ പവൻ ഹൻസെന്ന കമ്പനിക്ക് ഹെലികോപ്റ്റർ വാടക കരാർ നൽകിയത്. പ്രതിമാസം പറക്കാൻ ഒരു കോടി നാൽപത് ലക്ഷവും നികുതിയുമാണ് നൽകിയത്. ഒരു വ‍ർഷത്തെ കരാർ പ്രകാരം 22.21 കോടിയാണ് സർക്കാർ പവൻ ഹൻസിന് നൽകിയത്. പുതിയ കരാറോടെ പവൻ ഹൻസിന് ടെണ്ടർ ഇല്ലാതെ കരാർ നൽകിയതുവഴി സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്ന് കൂടുതൽ വ്യക്തമാവുകയാണ്.

  • ബാബുവിനു ചെലവ് മുക്കാൽ കോടി

മലമ്പുഴയിൽ പാറയിടുക്കിൽ കുടുങ്ങിപ്പോയ ബാബുവിനെ രക്ഷിക്കാൻ മുക്കാൽ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ, വ്യോമസേനാ ഹെലികോപ്റ്റർ, കരസേനാ , മറ്റ് രക്ഷാപ്രവർത്തകർ എന്നിവ‍ർക്ക് മാത്രം നൽകിയത് അരക്കോടി രൂപയാണ്. മതിയായ വിശദീകരണങ്ങളും തെളിവുകളും ഹാജരാക്കിയാൽ ഈ തുക സൈന്യം ഇളവ് ചെയ്യും. 2018ലെയും 19ലെയും പ്രളയ കാലത്ത് ഇത്തരത്തിൽ സുരക്ഷാ പ്രവർത്തനങ്ങ‌ൾക്ക് ചെലവായ പണം സൈന്യം വേണ്ടെന്നു വച്ചിരുന്നു. എന്നാൽ, ഓരോ സുരക്ഷാ ദൗത്യത്തിനും ചെലവാകുന്ന തുക കേന്ദ്ര സംസ്ഥാനങ്ങളെ അറിയിക്കുകയെന്നത് സേനയുടെ നമയപരമായ ഉത്തരവാദിത്വമാണ്. സർക്കാരുകളുമായി പിന്നീടു നടത്തുന്ന ചർച്ചകളിൽ ഈ തുക എന്തു ചെയ്യണമെന്ന കാര്യത്തിൽ സേനാ മേധാവികൾ ഉചിതമായ തീരുമാനമെടുക്കും. ഒരു പൗരന്റെ ജീവൻ രക്ഷിക്കാനുള്ള ദൗത്യം എന്ന നിലയിൽ ബാബുവിന്റെ കാര്യത്തിൽ ഇളവ് അനുവദിക്കാൻ സൈന്യം തയാറായേക്കും.
ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവർത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ച ബാബു രവീട്ടിലെത്തിയപ്പോൾ സംസ്ഥാനം ചെലവിട്ടത് മുക്കാൽ കോടിക്കടുത്ത് തുകയെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം നൽകുന്ന പ്രാഥമിക കണക്ക്.
വ്യോമസേനാ ഹെലികോപ്റ്ററിനും ലക്ഷം കടന്നു മണിക്കൂർ ചെലവ്. കരസേനയുടെതുൾപ്പടെയുള്ള ദൗത്യ സംഘങ്ങൾക്ക് ചെലവ് പതിനഞ്ച് ലക്ഷത്തിലേറെ. എൻഡിആർഎഫ്, ലോക്കൽ ഗതാഗത സൗകര്യങ്ങൾ, മറ്റ് അനുബന്ധ ചെലവ് ഉൾപ്പടെ മുപ്പത് ലക്ഷത്തിലേറെ ചെവലായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ചെലവായിട്ടുള്ള ബില്ല് പൂർണമായി ലഭിക്കാൻ രണ്ടു ദിവസമെടുക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.

Related posts

Leave a Comment