കിറ്റിനും ഉദ്ഘാടന മാമാങ്കം, പ്രതിഷേധിച്ചു വ്യാപാരികള്‍

കൊല്ലംഃ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ദുരിതത്തിലുമായ ജനങ്ങള്‍ക്കിടയിലേക്കു സംസ്ഥാന സര്‍ക്കാരിന്‍റെ ധൂര്‍ത്തിന്‍റെ പുതിയ കല്പന. ഓണക്കാലത്ത് വിതരണം ചെയ്യുന്ന സ്പെഷ്യല്‍ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം മുഴുവന്‍ റേഷന്‍ കടകളിലും ആഘോഷമാക്കാനാണു ഭക്ഷ്യ വകുപ്പില്‍ നിന്നുള്ള നിര്‍ദേശം. റേഷന്‍ കട ഉടമകള്‍ക്കാണ് മൊബൈല്‍ ഫോണിലും ഇ മെയിലിലുമായി നിര്‍ദേശം വന്നത്. ചെലവേറിയതും ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നതുമായ ഈ നടപടിക്കു തയാറല്ലെന്നു റേഷന്‍ വ്യാപാരികള്‍ പറയുന്നു.

ഇന്നാണ് മിക്ക വ്യാപാരികള്‍ക്കും ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്. കിറ്റിന്‍റെ വിതരണം സംബന്ധിച്ച സര്‍ക്കാര്‍ നല്‍കുന്ന പോസ്റ്ററുകള്‍ കടകള്‍ക്കു മുന്നില്‍ സ്ഥാപിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ എന്നിവരുടെ ചിത്രങ്ങളടങ്ങിയതാണ് പോസ്റ്റര്‍. ഈ പോസ്റ്ററിനു മുന്നില്‍ എംപി, എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്‍റ് അല്ലെങ്കില്‍ അംഗങ്ങള്‍, മേയര്‍, ചെയര്‍ പേഴ്സണ്‍, കൗണ്‍സിലര്‍ തുടങ്ങിയ വിഐപികളെ പങ്കെടുപ്പിച്ചു വേണം കിറ്റ് വിതരണം ചെയ്യേണ്ടത്. രാവിലെ എട്ടരയ്ക്കു നടക്കുന്ന ചടങ്ങിന്‍റെ ചിത്രങ്ങള്‍ ബന്ധപ്പെട്ട റേഷനിംഗ് ഉദ്യോഗസ്ഥരുടെ വാട്സ് ഗ്രൂപ്പിലോ ഈ മെയിലിലോ എത്തിച്ചുകൊടുക്കണമെന്നും നിര്‍ദേശിക്കപ്പെട്ടു.

എന്നാല്‍ ഇത്തരം ചടങ്ങുകള്‍ ചെലവേറിയതാണെന്നും തങ്ങള്‍ക്ക് അതു നിറവേറ്റാന്‍ ബാധ്യതയില്ലെന്നും റേഷന്‍ വ്യാപാരികള്‍. കടക്കെണിയിലും ദുരിതത്തിലുമായ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നതും അവരുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തുന്നതുമാണെന്ന് ഓള്‍ കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഈ നടപടിയുമായി സഹകരിക്കില്ലെന്നും വ്യാപാരികള്‍ പറയുന്നു.

Related posts

Leave a Comment