റോഷി അഗസ്റ്റിൻ മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറി സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന ജലമന്ത്രി റോഷി അ​ഗസ്റ്റിനു പദവിയിൽ തുടരാൻ അവകാശമില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നടത്തുന്ന ​ഗൂഢമായ മൗനവും ​ഗുരുതരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജല തർക്കവുമായി ബന്ധപ്പെട്ട വിഷയമാണിത്. അത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണ്. മരം മുറിച്ച് മാറ്റാമെന്ന് മുല്ലപ്പെരിയാർ ഏകോപന സമിതിയിൽ കേരളത്തിന്റെ പ്രതിനിധി സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബേബി ഡാം പരിസരത്ത് കേരള – തമിഴ് നാട് സംയുക്ത പരിശോധന നടന്നത്. സെപ്റ്റംബർ 17 ന് സെക്രട്ടറി തല മീറ്റിംഗിൽ മരം മുറിക്കാനുള്ള തീരുമാനമെടുത്തു. ഇക്കാര്യം കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഇതൊന്നും അറിഞ്ഞില്ലെന്ന് പറയുന്ന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല.
വകുപ്പിൽ എന്ത് നടക്കുന്നുവെന്ന് മന്ത്രി അറിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹം ആ കസേരയിൽ ഇരിക്കുന്നത്? ജലവിഭവ വകുപ്പ് മന്ത്രിയുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേറ്റത്. മന്ത്രിയെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയും ഒഫീസും ചേർന്നാണ് മരം മുറിക്കാനുള്ള തീരുമാനം എടുത്തെങ്കിൽ ഒരു നിമിഷം പോലും റോഷി അഗസ്റ്റിൻ മന്ത്രി സ്ഥാനത്ത് തുടരരുത്. എ.കെ.ശശീന്ദ്രനും ഇരുട്ടിൽ തപ്പുകയാണ്. മന്ത്രിമാരുടെ വിലാപത്തേക്കാൾ വലുതാണ് മുഖ്യമന്ത്രിയുടെ മൗനം. ഇത്രയും ആക്ഷേപം വന്നിട്ടും ഒരക്ഷരം മിണ്ടിയിട്ടില്ല. ഇവരെല്ലാം ചേർന്ന് മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ വാദങ്ങൾ ദുർബലമാക്കി. ഒരു ഗൂഢാലോചനയുടെ ഭാഗമായാണ് സുപ്രിം കോടതിയിൽ കേരളത്തിന്റെ വാദങ്ങൾ ദുർബലമാക്കിയത്. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ആവർത്തിക്കുന്നു എന്നും സതീശൻ പറഞ്ഞു.

Related posts

Leave a Comment