മുഹമ്മദ് റിയാസും എ എ റഹീമും വ്യക്തി സ്വാധീനം വളർത്തുന്നു, സംഘടനയെ മൂന്നം​ഗ നേതൃത്വം ഹൈജാക്ക് ചെയ്തെന്നു ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം

പത്തനംതിട്ട: മന്ത്രി റിയാസ് മുഹമ്മദ്, അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം, സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് എന്നിവർക്കെതിരേ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ രൂക്ഷ വിമർശനം. സംഘടന എന്ന നിലയിലല്ല, വ്യക്തികൾ എന്ന നിലയിൽ അധീശത്വം സ്ഥാപിക്കാൻ റിയാസ് മുഹമ്മദും റഹിമും പരിശ്രമിക്കുന്നതായി പ്രതിനിധികൾ കുറപ്പെടുത്തി. ഇവരുടെ സ്വാധീനത്തിൽപ്പെട്ട് സതീശും നോക്കുകുത്തിയാകുന്നു എന്നാണ് വിമർശനം. കേരളത്തിന്റെ പൊതു സമൂഹം നേരിടുന്ന സുപ്രധാന വിഷയങ്ങളിലൊന്നും സംഘടനയ്ക്ക് ഫലപ്രദമായി ഇടപെടാൻ കഴിയുന്നില്ലെന്നുമുണ്ട് ആക്ഷേപം.
മുഹമ്മദ് റിയാസ്, എഎ റഹിം, എസ് സതീഷ് എന്നിവരടങ്ങുന്ന കോക്കസ് ആണ് സംഘടനയെ നയിക്കുന്നതെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.
സംഘടന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചതിന് ശേഷം നടന്ന പൊതുചർച്ചയിലാണ് പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്. നേരത്തെ ജില്ലാ സമ്മേളനങ്ങളിലും എ.എ.റഹീമിനെതിരെ സമാനമായ വിമർശനം പലയിടത്തും ഉയർന്നിരുന്നു. ഒടുവിൽ സംസ്ഥാന സമ്മേളനത്തിലേക്ക് എത്തിയപ്പോൾ റഹീമിനെ കൂടാതെ മുൻ അഖിലേന്ത്യ അധ്യക്ഷൻ മുഹമ്മദ് റിയാസിനും നിലവിലെ സംസ്ഥാന അധ്യക്ഷൻ എസ്. സതീശനും സമാന വിമർശനം നേരിടേണ്ടി വന്നു. മൂന്ന് നേതാക്കളും ചേർന്നുള്ള കോക്കസ് സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്ക് സംഘടനയെ ഉപയോഗിക്കുന്ന നില വന്നെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

മുൻകാലങ്ങളിൽ സ്വയം വിമർശനം നടത്തിയിരുന്ന സംഘടനാ റിപ്പോർട്ടിൽ ഇക്കുറി അങ്ങനെയൊരു ആത്മപരിശോധന ഇല്ലെന്നും ചില പ്രതിനിധികൾ കുറ്റപ്പെടുത്തി. സംസ്ഥാനത്താകെയുള്ള ലഹരിമാഫിയയെ പ്രതിരോധിക്കാൻ സംഘടനയ്ക്കു കഴിയുന്നില്ല. പലയിടത്തും ലഹരിമാഫിയക്കാരും ഗുണ്ടാസംഘടനകളും സംഘടനയെ പ്രവർത്തനങ്ങൾക്ക് മറയാക്കുന്നുവെന്ന വിമർശനമുയർന്നു. മാഫിയ തലവന്മാരും സംഘങ്ങളും സംഘടനയെ വെല്ലുവിളിക്കുന്നതായും പ്രതിനിധികൾ കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് ക്വട്ടേഷൻ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിട്ട ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടിട്ടും സംഘടനക്കുള്ളിൽ ക്വട്ടേഷൻ പിടിമുറുക്കുന്നതായി പ്രതിനിധികൾ ആക്ഷേപം ഉന്നയിച്ചു. ഡിവൈഎഫ്ഐയുടെ പേര് മറയാക്കി ചിലയിടങ്ങളിൽ സാമൂഹിക വിരുദ്ധർ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. പല തവണ ഇത് കണ്ടെത്തിയിട്ടും തെറ്റുകൾ ആവർത്തിക്കപ്പെടുകയാണെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. മലബാറിലെ സ്വർണക്കടത്ത്, ​ഗൂണ്ടാ മാഫിയ സംഘങ്ങളുടെ വെല്ലുവിളിയിൽ നിന്നു സംഘടനെ മോചിപ്പിക്കാൻ കഴിയുന്നില്ലെന്നും ആക്ഷേപമുയർന്നു.

Related posts

Leave a Comment