എം എൽ എ മാർക്കെതിരെ പറഞ്ഞതിൽ ഉറച്ചുതന്നെ റിയാസ് ; ഷംസീറിന് മറുപടി ; പോര് മുറുകുന്നു

കോഴിക്കോട് : എംഎല്‍എമാര്‍ കരാറുകാരെയും കൂട്ടി മന്ത്രിമാരെ കാണാന്‍ വരരുതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പാര്‍ട്ടിയോഗത്തില്‍ വിമര്‍ശനമുന്നയിച്ച എഎന്‍ ഷംസീറിന് മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം മന്ത്രിയുടെ വാക്കുകളോട് ഷംസീര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തായാലും ഷംസീറും റിയാസും തമ്മിലുള്ള ശീതസമരം പുതിയ തലത്തിലേക്കെന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത്.

നിയമസഭയിലെ പരാമര്‍ശമാണ് സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ രൂക്ഷവിമര്‍ശനത്തിനിടയാക്കിയത്. എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി തന്നെ കാണാന്‍ വരരുത് എന്ന് റിയാസ് നിയമസഭയില്‍ പറഞ്ഞതിനെ എഎന്‍ ഷംസീര്‍ എംഎല്‍എ വിമര്‍ശിച്ചിരുന്നു. ആരെയൊക്കെ കൂട്ടി കാണാന്‍ വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന് ഷംസീര്‍ തുറന്നടിച്ചു.

എന്നാല്‍ എംഎല്‍എമാരെ കൂട്ടി കരാറുകാര്‍ കാണാന്‍ വരുന്നതുമായി ബന്ധപ്പെട്ട തന്‍റെ പ്രസ്താവനയില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്നും ഒരടി പിന്നോട്ടില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. നിയമസഭയില്‍ താന്‍ നടത്തിയ പ്രസംഗം ഇടതുമുന്നണിയുടെ നിലപാടാണെന്നും അത് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നത് വസ്തുതയാണ്. എംഎല്‍എമാര്‍ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി വരുന്നതിനെക്കുറിച്ചാണ്. സ്വന്തം മണ്ഡലത്തിലെ എംഎല്‍എമാരുമായി കരാറുകാര്‍ വരുന്നതില്‍ തെറ്റില്ലെന്നും ചില എംഎല്‍എമാര്‍ മറ്റ് മണ്ഡലങ്ങളില്‍ ഇടപെടുന്നുവെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

മന്ത്രിക്കെതിരെ സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു വിശദീകരണം. അതേസമയം എംഎല്‍എമാരുടെ യോഗത്തില്‍ ഒരാള്‍ പോലും തന്നെ വിമര്‍ശിച്ചിട്ടില്ലെന്നും റിയാസ് പറഞ്ഞു. വിവാദമായതുകൊണ്ട് നിലപാടില്‍നിന്ന് പിന്നോട്ടുപോവില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മുഹമ്മദ് റിയാസിന്‍റെ പ്രസ്താവനയോട് എ.എന്‍ ഷംസീര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല

Related posts

Leave a Comment