താത്കാലിക ജീവനക്കാരെ ബലിയാടാക്കി മന്ത്രി റിയാസിന്റെ പ്രതിച്ഛായാ നിര്‍മ്മിതി ; ഭരണാനുകൂല സംഘടനയിലും അമര്‍ഷം

 
സ്വന്തം ലേഖകന്‍
കോഴിക്കോട്: പ്രതിച്ഛായ നിര്‍മ്മാണത്തിനുവേണ്ടിയുള്ള പിആര്‍ വര്‍ക്കിന്റെ പേരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് താത്കാലിക ജീവനക്കാരെ ഉള്‍പ്പെടെ ബലിയാടാക്കുന്നതില്‍ ഭരണാനുകൂല സര്‍വീസ് സംഘടനയിലും കടുത്ത അമര്‍ഷം. വടകര പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം ക്യാമറകളുമായ് മന്ത്രി നടത്തിയ ‘മിന്നല്‍ സന്ദര്‍ശന ‘ത്തെ തുടര്‍ന്ന് രണ്ട് താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതിന്റെ മുന്നോടിയായി ഇവരെ രണ്ടു ദിവസമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കയാണ്.
 റെസ്റ്റ് ഹൗസില്‍ 21 വര്‍ഷമായി ജോലി ചെയ്യുന്ന പി കെ പ്രകാശന്‍, 18 വര്‍ഷമായി ജോലി ചെയ്യുന്ന സി എം ബാബു എന്നിവരെയാണ് പിരിച്ചുവിടാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്. ഇതില്‍ ഒരാള്‍ സിപിഎം അനുഭാവിയാണ്. എന്നാല്‍ ഇതിനെതിരെ വിവിധ സര്‍വീസ് സംഘടനകള്‍ ശക്തമായ പ്രതിഷേധത്തിലാണ്.
ഇവരെ പിരിച്ചുവിടരുതെന്ന് സിപിഎം അനുകൂല എന്‍ജിഒ യൂണിയന്‍ മന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടെങ്കിലും റിയാസ് അനുകൂലമായല്ല പ്രതികരിച്ചതെന്നാണ് വിവരം. കുടുംബങ്ങളുടെ അത്താണിയായ, അമ്പത് വയസ്സിലേക്ക് കടക്കുന്ന ജീവനക്കാരെ എന്ത് കുറ്റത്തിനാണ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നതെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്. ഇതില്‍ ഒരു ജീവനക്കാരന്റെ ഭാര്യ വികലാംഗയുമാണ്. ഇവരെയെല്ലാം ജോലിയില്‍ സ്ഥിരപ്പെടുത്തണമെന്ന ഫയല്‍ സര്‍ക്കാറിന് മുമ്പില്‍ നില്‍ക്കുമ്പോഴാണ് റിയാസിന്റെ ഇടപെടല്‍ ഉണ്ടാവുന്നത്. ഇവര്‍ക്കൊപ്പം ജോലിയില്‍ പ്രവേശിച്ച പല ജീവനക്കാരെയും മുന്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് തന്നെ സ്ഥിരപ്പെടുത്തിയിരുന്നു.
 റസ്റ്റ് ഹൗസില്‍ മുറികള്‍ക്കുള്ളില്‍ താമസക്കാര്‍ മദ്യപിക്കുന്നതിന് ജീവനക്കാര്‍ ഉത്തരവാദികളല്ല. ജീവനക്കാര്‍ മദ്യം വിളമ്പുകയോ ഡ്യൂട്ടി സമയത്ത് മദ്യപിക്കുകയോ ചെയ്താല്‍ മാത്രമേ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. കെട്ടിടത്തിന് പുറത്തെ കുപ്പയില്‍ നിന്ന് കാലപ്പഴക്കമുള്ള മദ്യക്കുപ്പി കണ്ടെടുത്ത് അത് ജീവനക്കാരുടെ തലയില്‍ കെട്ടിവെക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടാനുള്ള ഇത്തരം ഷോ വര്‍ക്കിലൂടെ തങ്ങളെ ബലിയാടാക്കരുതെന്നുമാണ് ജീവനക്കാരുടെ പക്ഷം. റസ്റ്റ് ഹൗസിന്റെ നിയന്ത്രണം താത്കാലിക ജീവനക്കാര്‍ക്കല്ല. സര്‍വീസ് സംഘടനയില്‍ അംഗത്വമില്ലാത്തവരാണ് താത്കാലിക ജീവനക്കാര്‍. ആരും ചോദിക്കാന്‍ ഇല്ലെന്നതിന്റെ പേരില്‍ അവരെ വേട്ടയാടുന്നത് മന്ത്രി ഹോബിയാക്കി മാറ്റിയെന്നാണ് ആക്ഷേപം. ആഴ്ചകള്‍ക്ക് മുമ്പ് തലസ്ഥാനത്ത് റസ്റ്റ് ഹൗസില്‍ മന്ത്രി പരിശോധന നടത്തി നടപടിയെടുത്തതും താത്കാലിക ജീവനക്കാര്‍ക്കെതിരെയായിരുന്നു. താത്കാലിക ജീവനക്കാരെ പിറ്റേന്നു തന്നെ പിരിച്ചുവിടണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് മന്ത്രി വടകര റസ്റ്റ് ഹൗസില്‍ നിന്ന് ശനിയാഴ്ച മടങ്ങിയത്. ഒരു നോട്ടീസ് പോലും നല്‍കാതെയാണ് ഇത്.  പിരിച്ചുവിടല്‍ നടപടി ഉണ്ടായാല്‍ പ്രതിഷേധം കടുപ്പിക്കാനാണ് സര്‍വീസ് സംഘടനകളില്‍ ഉയരുന്ന അഭിപ്രായം. ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടി മന്ത്രി സ്ഥിരം ജീവനക്കാരെയും ബലിയാടാക്കുമെന്ന് ഇവര്‍ ഭയക്കുന്നു.

Related posts

Leave a Comment