റിയാസിന്റെ ഇൻസൾട്ടും ഷംസീറിന്റെ ഇൻവെസ്റ്റും ; സി പി എമ്മിലെ അധികാരത്തർക്കം എം എൽ എമാരുടെ ചെലവിൽ അലക്കാനുള്ള മന്ത്രിയുടെ ശ്രമവും പബ്ലിസിറ്റിക്കുവേണ്ടിയുള്ള തറവേലകളുമാണ്

മന്ത്രിമാരുടെ മൂന്നുദിവസത്തെ പഠനക്ലാസ് കഴിഞ്ഞ് പുറത്തുവന്ന തരുണൻമാരായ മന്ത്രി റിയാസും എം എൽ എ ഷംസീറും ഏറ്റുമുട്ടിയത് പഠിച്ചപാഠം നാട്ടുകാരെ കാണിക്കുന്നതിന് വേണ്ടിയായിരുന്നുവോ?…….എം എൽ എമാർ കരാറുകാരെ കൂട്ടി മന്ത്രിമാരെ കാണാൻ ചെല്ലുന്നതിനെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ ആക്ഷേപം. അഴിമതിക്കാരായ കരാറുകാരെ സഹായിക്കാൻ വേണ്ടിയാണ് എം എൽ എമാർ ശുപാർശക്കാരുമൊത്ത് മന്ത്രി വസതികളും ഓഫീസുകളും നിരങ്ങുന്നതെന്ന ധ്വനിയാണ് മരുമകൻ മന്ത്രിയുടെ വരികൾക്കിടയിൽ വായിച്ചാൽ മനസ്സിലാവുക. മന്ത്രിസഭയിലെ മൂപ്പിളമ പോരാണ് മന്ത്രിയുടെ ആരോപണത്തിനും എം എൽ എയുടെ മറുമൊഴിക്കുമുള്ള പ്രധാന കാരണം. ഒക്‌ടോബർ ഏഴിന് നിയമസഭയിലാണ് മന്ത്രിയുടെ ആരോപണമുണ്ടായതെങ്കിലും പിന്നീട് സി പി എം നിയമസഭാകക്ഷി യോഗത്തിലാണ് മന്ത്രിക്കുനേരെ എം എൽ എ ശരം തൊടുത്തത്. ജനപ്രതിനിധികളെക്കുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നായിരുന്നു ഷംസീറിന്റെയും അഴീക്കോട് എം എൽ എ കെ വി സുമേഷിന്റെയും കഴക്കൂട്ടം എം എൽ എ കടകംപള്ളി സുരേന്ദ്രന്റെയും വിമർശനം. മണ്ഡലത്തിലെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി എം എൽ എമാർക്ക് കരാറുകാരുമായി ബന്ധപ്പെടേണ്ടിവരുമെന്നും അതിൽ അഴിമതി ആരോപിക്കുന്നത് പക്വതയുള്ള മന്ത്രിക്ക് ചേർന്നതല്ലെന്നുമായിരുന്നു റിയാസ് വിരുദ്ധ എം എൽ എമാരുടെ വാദം. മുഖ്യമന്ത്രിയുടെ മരുമകനെന്ന ബന്ധുബലത്തിന്മേലാണ് റിയാസിന്റെ വളയമില്ലാത്ത ചാട്ടമെന്ന് എതിർപ്പുകാരായ എം എൽ എമാർ പരസ്യമായി പറഞ്ഞില്ലെങ്കിലും രഹസ്യമായി അവർ ആക്ഷേപം ചൊരിയുന്നുണ്ട്. നിയമസഭയിലും പാർട്ടിയിലും ഏറ്റവും ജൂനിയറും നവാഗതനുമായ മന്ത്രി തങ്ങളെ പെരുമാറ്റച്ചട്ടം പഠിപ്പിക്കാനിറങ്ങിയത് മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണെന്നുള്ള അഹങ്കാരത്തിന്റെ പേരിലാണെന്ന് സീനിയർ അംഗങ്ങൾക്ക് തോന്നിയാൽ അവരെ കുറ്റപ്പെടുത്താനാവില്ല. എസ് എഫ് ഐയിലും ഡി വൈ എഫ് ഐയിലും മാത്രമല്ല പാർട്ടിയിലും നിയമസഭയിലും തന്നേക്കാൾ ജൂനിയറായ റിയാസിനെ മന്ത്രിയാക്കിയതിലുള്ള അമർഷംകൂടി ഷംസീറിന്റെ വാക്കുകളിൽ തിളച്ചുമറിയുന്നുണ്ട്. കണ്ണൂരിലെ സി പി എം രാഷ്ട്രീയത്തിൽ പുതുതായി രൂപംകൊണ്ട സമവാക്യങ്ങളാണ് ഷംസീറിന തഴഞ്ഞ് റിയാസിനെ സ്വീകാര്യനാക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത്. ഒരുകാലത്ത് പിണറായിയുടെയും കോടിയേരിയുടെയും കണ്ണിലെ കൃഷ്ണമണിയായിരുന്ന പി ജയരാജൻ ഇപ്പോൾ അവരുടെ കണ്ണിലെ കരടാണ്. ജയരാജന്റെ അരുമശിഷ്യനായ ഷംസീറും അവർക്ക് അനഭിമതനായതിൽ അതിശയിക്കാനില്ല. ആക്ഷേപത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും പെട്ടെന്നുള്ള നാക്കുപിഴയല്ലെന്നും ആലോചിച്ച് ഉറപ്പിച്ച് പറഞ്ഞതാണെന്നും റിയാസ് ആവർത്തിച്ചതോടെ ഷംസീർ പ്രതിരോധത്തിലായി. അതിനെ മറികടക്കാൻ ഈയിടെ അവാർഡ് ലഭിച്ച സിനിമയിലെ ‘ഇൻസൾട്ട്’ എന്നു തുടങ്ങുന്ന ഡയലോഗ് കടമെടുത്തുകൊണ്ടായിരുന്നു ഒടുവിൽ ഷംസീറിന്റെ പയറ്റ്. എം എൽ എമാരെ ഒന്നടങ്കം അധിക്ഷേപിക്കുന്ന തരത്തിലുള്ള റിയാസിന്റെ പരാമർശത്തിൽ അവകാശലംഘനത്തിന് മന്ത്രിയെ വിധേയനാക്കുന്നതിന് പകരം അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് പാർട്ടി ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ തുനിഞ്ഞത്. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൽ എം എൽ എമാരും പങ്കാളികളാവരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും മന്ത്രി ആവർത്തിച്ചതോടെ ഷംസീർ മൗനത്തിലായി. പാർട്ടിയിലെ ബന്ധുബലം ഇപ്പോഴാണ് ഷംസീറിന് ബോധ്യമായത്. റിയാസിനെതിരെയുള്ള ആക്ഷേപങ്ങൾ അമ്മായിയച്ഛൻ പിണറായി വിജയനെതിരെയുള്ള ഒളിയമ്പുകളാണെന്ന കാര്യം ചൂണ്ടിക്കാട്ടി ഷംസീറിനെതിരെ ഒരുവിഭാഗം വാളെടുത്തിരിക്കുകയാണ്. കരാറുകാരും ഉദ്യോഗസ്ഥരും മുഴുവനും അഴിമതിക്കാരല്ലെന്നും മന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സി പി എം നേതൃത്വത്തിലുള്ള കരാറുകാരുടെ സംഘടന രംഗത്തുവന്നത് കരാറുകാരും സി പി എമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് വ്യക്തമാക്കുന്നത്. റിവൈസ് എസ്റ്റിമേറ്റ് എന്ന ഓമനപ്പേരിലൂടെ അർഹതപ്പെട്ടതിലും കൂടുതൽ പണം കരാറുകാർക്ക് അനുവദിച്ചുകൊടുക്കുന്നതിലാണ് അഴിമതിയുടെ ആറാട്ട് നടക്കുന്നത്. അത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കാതെ എം എൽ എമാരെ അഴിമതിക്കാരായി ചിത്രീകരിക്കുന്ന മന്ത്രിക്ക് വെട്ടിപ്പിന്റെയും തട്ടിപ്പിന്റെയും ബാലപാഠങ്ങൾ ചൊല്ലിക്കൊടുക്കുകയാണ് ഉദ്യോഗസ്ഥരും കരാറുകാരും. ഭരണം അഴിമതിമുക്തമാക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും അതിന് പാർട്ടി പിന്തുണയുണ്ടെന്നുമുള്ള ആക്ടിംഗ് സെക്രട്ടറിയുടെ പ്രസ്താവന കശാപ്പുകാരന്റെ അഹിംസാ പ്രസംഗംപോലെ പരിഹാസ്യമാണ്. സി പി എമ്മിലെ അധികാരത്തർക്കം എം എൽ എമാരുടെ ചെലവിൽ അലക്കാനുള്ള മന്ത്രിയുടെ ശ്രമവും പബ്ലിസിറ്റിക്കുവേണ്ടിയുള്ള തറവേലകളാണ്.

Related posts

Leave a Comment