തോക്ക് ബിഹാറില്‍ നിന്ന്, വിറ്റയാള്‍ പിടിയില്‍

കൊച്ചിഃ കോതമംഗലം രാജീവ് ഗാന്ധി ദന്തല്‍ കോളെജിലെ ഹൗസ് സര്‍ജന്‍ മാനസയെ കൊലപ്പെടുത്താന്‍ പ്രതി രാഖില്‍ തോക്ക് വാങ്ങിയത് ബിഹാറില്‍ നിന്നെന്ന് പൊലീസ് കണ്ടെത്തി, ഇയാള്‍ക്കു തോക്ക് വിറ്റ സോനുകുമാര്‍ മോദിയെന്നയാളെ കേരള പോലീസ് ബിഹാറില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ എറണാകുളത്തെത്തിച്ചു കൂടുതല്‍ ചോദ്യം ചെയ്യും.

ബിഹാറിലെ മുന്‍ഗര്‍ സ്വദേശിയാണു മോദി. ഇയാള്‍ കള്ളത്തോക്ക് കച്ചവടക്കാരനാണെന്നു പോലീസിനു വിവരം ലഭിച്ചു. നാടന്‍ തോക്കുകളാണു പ്രധാനമായും വില്‍ക്കുന്നത്. സൈനികരില്‍ നിന്നു വാങ്ങി ചില മാറ്റങ്ങള്‍ വരുത്തി വില്‍ക്കുന്നവരുമായും ഇയള്‍ക്കു ബന്ധമുണ്ടോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ റാഖില്‍ ഇയാളുമായി എങ്ങനെയാണു ബന്ധപ്പെട്ടതെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. സുഹൃത്തുക്കള്‍ വഴി ഓണ്‍ലൈന്‍ സെര്‍ച്ചിലൂടെയാണ് ഇതിനു കഴിഞ്ഞതെന്നാണ് കരുതുന്നത്.

സോനുകുമാറുമായി രാഖിലിനു മുന്‍പരിചയമില്ലെന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായെന്ന് പോലീസ് പറയുന്നു. ബിഹാര്‍ പോലീസിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടാനെത്തിയപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്‍പതിനായിരം രൂപ വരെ ഈടാക്കിയാണ് താന്‍ തോക്കു വില്‍ക്കുന്നതെന്നു മോദി പറഞ്ഞു.

രാഖിലിനു വിറ്റ തോക്കിനും അന്‍പതിനായിരം രൂപ പ്രതിഫലം വാങ്ങിയെന്ന് ഇയാള്‍ പറഞ്ഞു. ബിഹാറിലെ പ്രാദേശിക ഗൂണ്ടാസംഘത്തില്‍ നിന്നു വാങ്ങിയതാണ് തോക്ക്. ഇന്ന് രാവിലെ സോനുകുമാര്‍ മോദിയെ മുന്‍ഗര്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കി, കേരളത്തിലേക്കു കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. തിടര്‍ന്ന് ഇന്നു തന്നെ സോനുവിനെയും കൊണ്ട് കോതമംഗലം പോലീസ് കേരളത്തിലേക്കു തിരിക്കും. നാളെയോ അടുത്ത ദിവസമോ കോതമംഗലം കോടതിയില്‍ ഹാജരാക്കി, കസ്റ്റഡിയില്‍ വാങ്ങും.

പ്രധാനപ്രതി രാഖില്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ കേസിലെ അടുത്ത പ്രതിയാണ് സോനുകുമാര്‍.

Related posts

Leave a Comment