‘സാമൂഹ്യ മാധ്യമങ്ങളിൽ പരിഹാസ കഥാപാത്രം’ ; ‘പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക്’ ; റഹീമിന് സെക്രട്ടറി സ്ഥാനം നഷ്ടമായേക്കും

കൊച്ചി : ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് എ എ റഹീമിനെ മാറ്റിയേക്കുമെന്നുള്ള സൂചനകൾ പുറത്തുവരുന്നു. പൊതുസമൂഹത്തിലും സാമൂഹ്യ മാധ്യമങ്ങളിലും റഹീമിന് പിന്തുണയില്ലെന്ന കണ്ടെത്തലാണ് ഇത്തരം ചർച്ചകൾക്ക് വഴിവെച്ചതെന്നാണ് സൂചന. 2018 നവംബറിലാണ് ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായി റഹീം സ്ഥാനമേൽക്കുന്നത്. പിണറായി വിജയന്റെ പ്രത്യേക താല്പര്യത്തോടെയാണ് പ്രായപരിധി കഴിഞ്ഞിട്ടും റഹീമിനെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചത്.

സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിനുശേഷം സംഘടനയെ കാര്യമായ രീതിയിൽ ചലിപ്പിക്കുവാൻ റഹീമിന് സാധിച്ചിട്ടില്ല. ഭരണപക്ഷത്ത് ആയിരുന്നിട്ടും കേരളമൊട്ടാകെ സംഘടനാ സംവിധാനം ഉണ്ടായിരുന്നിട്ടും ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ ഡിവൈഎഫ്ഐ പരാജയമായിരുന്നു.അതോടൊപ്പം സർക്കാരിന്റെ തെറ്റായ നയങ്ങളെയും തീരുമാനങ്ങളെയും ചാനൽ ചർച്ചകളിലും പൊതുവേദികളിലും ന്യായീകരിച്ചു മുന്നോട്ടുപോയ റഹീമിന് പൊതുസമൂഹത്തിലുള്ളത് പരിഹാസമുഖമാണ്. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് ജോസഫൈൻ മാറ്റേണ്ടതില്ലെന്ന നിലപാടുമായി റഹീം രംഗത്തുവന്നിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പാർട്ടിയുടെ തീരുമാനം മറിച്ചായത് റഹീമിനെ വീണ്ടും പരിഹാസ കഥാപാത്രമാക്കി.

കോവിഡ് സംസ്ഥാനത്തു രൂക്ഷമായ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് ‘ യൂത്ത് കെയർ’ പ്രവർത്തനങ്ങളുമായി സജീവമായി മുന്നോട്ടു വന്നപ്പോൾ വ്യാജവാറ്റ് നിർമ്മാണപ്രവർത്തനങ്ങളും ആക്രമ ബലാത്സംഗ പ്രവർത്തനങ്ങളുമായി വാർത്തകളിൽ ഡിവൈഎഫ്ഐ നിരന്തരം ഇടംപിടിച്ചതും നേതൃത്വത്തിന് തലവേദന സമ്മാനിച്ചിരുന്നു. താഴെതട്ടിൽ അണികളുടെ കൊഴിഞ്ഞുപോക്കും വർധിച്ചതോടെയാണ് റഹീമിനെ മാറ്റുവാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നത്.

Related posts

Leave a Comment