റൈസ് പാർക്ക് ഭൂമിയേറ്റെടുക്കൽ ; നടന്നത് കോടികളുടെ അഴിമതി ; സിപിഎം നേതൃത്വത്തിന് പരാതി

പാലക്കാട്: റൈസ് പാര്‍ക്ക് ഭൂമിയേറ്റെടുക്കലില്‍ വന്‍ അഴിമതിനടന്നതായി പരാതി. ആരോപണവുമായി സിപിഎമ്മിലെ തന്നെ ഒരു വിഭാഗമാണ് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച്‌ സിപിഎം പ്രാദേശിക ഘടകത്തിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. ഭൂമിയേറ്റെടുക്കലിന്റെ മറവില്‍ രണ്ടു കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കണ്ണമ്ബ്രയില്‍ റൈസ് പാര്‍ക്ക് സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള 36 സഹകരണ ബാങ്കുകളുടെ കൂട്ടായ്മയിലാണ് ഇതിനായി ഭൂമി വാങ്ങാനുള്ള ധനസമാഹരണം നടത്തിയത്.

ഇതിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിനായിരുന്നു ഭൂമി വാങ്ങാനുള്ള ചുമതല. 27.66 ഏക്കര്‍ ഭൂമി പദ്ധതിക്കായി കണ്‍സോര്‍ഷ്യം വാങ്ങി. റോഡോ, മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത സ്ഥലം ഏക്കറിന് 23 ലക്ഷം രൂപ നിരക്കില്‍ ആറരക്കോടിയോളം രൂപയ്ക്കാണ് വാങ്ങിയത്. എന്നാല്‍ ഈ മേഖലയില്‍ ഏക്കറിന് 16 ലക്ഷം രൂപ മാത്രമാണ് ഭൂമി വില എന്നിരിക്കെ 7 ലക്ഷം രൂപ അധിക നിരക്കില്‍ ഭൂമി വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്നാണ് കണ്ണമ്ബ്രയിലെ സിപിഐഎം പ്രാദേശിക ഘടകത്തിലെ ഒരുവിഭാഗം പരാതി നല്‍കിയത്. ഈ ഇടപാടില്‍ കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് കമ്മിഷനായി രണ്ട് കോടിയോളം രൂപ ലഭിച്ചെന്നും പരാതിയില്‍ പറയുന്നു. അതേസമയം പരാതിയില്‍ അന്വേഷണം നടത്താന്‍ രണ്ടംഗ കമ്മീഷനെ നിയോഗിച്ചതായി സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളുടെ കൂട്ടായ്മയാണ് പദ്ധതിയ്ക്കായുള്ള പണം നല്‍കിയത്. ഒരു കോടി രൂപയായിരുന്നു ഓരോ ബാങ്കുകളുടെയും വിഹിതം. ഇതില്‍ 20 മുതല്‍ 50 ലക്ഷം വരെ ഓരോ ബാങ്കുകളും കണ്‍സോര്‍ഷ്യത്തിന് നല്‍കിയിട്ടുണ്ട്. ഭൂമി ഇടപാടില്‍ സംശയമുയര്‍ന്നതോടെ പല സഹകരണ ബാങ്കുകളും പണം നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ക്രമക്കേടുമായി ബന്ധപ്പെട്ട പരാതി കഴിഞ്ഞ ജനുവരിയില്‍ ഒരു വിഭാഗം പ്രാദേശിക നേതാക്കള്‍ ജില്ലാ ഘടകത്തിന് നല്‍കിയിരുന്നു. കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കിയവരുടെ അഴിമതി പങ്കാളിത്തം അന്വേഷിച്ച്‌ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പരാതി നല്‍കിയിട്ടും ജില്ലാ നേതൃത്വം അവഗണിച്ചതോടെയാണ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയത്.

Related posts

Leave a Comment