യുവതയോട് പ്രതികാരം : റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാപ്പകൽ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി പി.എസ്.സി റാങ്ക് ലിസ്റ്റിലെത്തിയിട്ടും നിയമനം നൽകാത്തതിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ
സമരം ചെയ്തുവെന്ന ഒറ്റക്കാരണത്താൽ സംസ്ഥാനത്തെ യുവജനങ്ങളോട് പ്രതികാരം തീർക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തി. ആഗസ്റ്റ് നാലിന് റാങ്ക് ലിസ്റ്റ് അവസാനിക്കാനിരിക്കെ അത് നീട്ടണമെന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം പ്രതിപക്ഷം നിയമസഭയിൽ ആവർത്തിച്ചിട്ടും മുഖ്യമന്ത്രി നിർദയം നിരാകരിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. റാങ്ക് പട്ടിക നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ധാർഷ്ട്യം അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
കോൺഗ്രസ് അംഗം ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ വിഷയം സഭയിൽ കൊണ്ടുവന്നത്. കേരളത്തിലെ പബ്ലിക് സര്‍വീസ് കമ്മിഷനെ കോടികളുടെ തട്ടിപ്പ് നടത്തിയ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്ന് ഷാഫി മുഖ്യമന്ത്രിയോട് പറഞ്ഞു. വിശ്വാസ്യതയുടെയും സുതാര്യതയുടെയും കാര്യത്തില്‍ സഹ്യപര്‍വതത്തിനൊപ്പം ഉയരമുണ്ടായിരുന്ന പി.എസ്.സി ഇപ്പോൾ തൃശ്ശൂരിലെ കരുവന്നൂര്‍ ബാങ്കിന്റെ അവസ്ഥയിലേക്ക് മാറുകയാണ്. ഉദ്യോഗാര്‍ഥികളുടെ താല്‍പര്യത്തിനപ്പുറം മറ്റു പലതും സംരക്ഷിക്കപ്പെടാനുള്ള കേന്ദ്രമായും പാർട്ടി സർവീസ് കമ്മീഷനായും പി.എസ്.സിയെ മാറ്റരുത്. റാങ്ക് ലിസ്റ്റ് മൂന്നുമാസത്തേക്ക് എങ്കിലും നീട്ടണമെന്ന് ഉദ്യോഗാര്‍ഥികള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പോയി നേടിയ വിധിയാണ്. ആ വിധിക്കെതിരെ എന്തിനാണ് പി.എസ്.സി അപ്പീല്‍ പോകുന്നത്? അതിന് എന്തിനാണ് സര്‍ക്കാര്‍ പിന്തുണ കൊടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.  
കോവിഡ് സാഹചര്യത്തിൽ 115 ദിവസം കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചിട്ടില്ല. ആ സമയത്തൊക്കെ, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ വലിയ വീഴ്ചകളും കുറവുകളുമുണ്ടായി. പ്രമോഷന്‍ സംബന്ധിച്ച തര്‍ക്കങ്ങളില്‍ വീഴ്ചകളുണ്ടായി. കേസുകളും തീർപ്പായിട്ടില്ല.  അതിന്റെ പേരിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വൈകിയത്. ഈ കാലതാമസം കാരണം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇക്കാര്യത്തിൽ സര്‍ക്കാര്‍ ഉദാരമായ സമീപനം കാട്ടി യോഗ്യതയുള്ളവരെ സര്‍വീസില്‍ കൊണ്ടുവരാന്‍ അല്‍പം കൂടി സമയം അനുവദിച്ചു കൊടുക്കുകയാണ് വേണ്ടത്. അതിനു പകരം പിടിവാശി ആരെ സഹായിക്കാന്‍ വേണ്ടിയാണെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
കേരളത്തില്‍ അപ്രഖ്യാപിത നിയമന നിരോധനത്തിന് സര്‍ക്കാര്‍ കോപ്പുകൂട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ സമരകാലത്ത്, മുട്ടിലിഴഞ്ഞും ഭിക്ഷയാചിച്ചും മീന്‍വിറ്റും സെക്രട്ടേറിയേറ്റിനു മുന്നില്‍ പട്ടിണി കിടന്നും ഉദ്യോഗാര്‍ഥികള്‍ സമരം നടത്തി. അന്ന് ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ നല്‍കിയ ഉറപ്പുകള്‍ പോലും പാലിക്കപ്പെടുന്നില്ല. ശിവരഞ്ജിത്തിനെയും നസീമിനെയും പോലുള്ള, പി.എസ്.സിയുടെ ചരിത്രത്തിലില്ലാത്ത അട്ടിമറികള്‍ക്ക് കാരണക്കാരായവര്‍ നാട്ടില്‍ കയ്യും വീശി വെറുതെ നടക്കുമ്പോൾ  തൊഴില്‍ കിട്ടാന്‍ ലിസ്റ്റില്‍ ഉള്ളവര്‍ ജോലിക്കു വേണ്ടി ഇപ്പോഴും പുറത്തലഞ്ഞു നടക്കുകയാണ്. കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ഒന്നും രണ്ടും മൂന്നും റാങ്ക് നൽകി അനധികൃത നിയമനം നൽകുന്ന സർക്കാർ നടപടി ക്രൂരമാണെന്നും  ഷാഫി ചൂണ്ടിക്കാട്ടി.
അതേസമയം, പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കെല്ലാം തൊഴിൽ നൽകാനാവില്ലെന്നും ഇനിയും റാങ്ക് ലിസ്റ്റ് നീട്ടാനാവില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. റാങ്ക് പട്ടികകള്‍ നീട്ടണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി നിയമപരമായ വിഷയമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, പ്രതിപക്ഷത്തിന്റേത് പി.എസ്.സിയുടെ യശസ് ഇടിച്ചു താഴ്ത്തുന്ന നിലപാടാണെന്നും കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. ഉദ്യോഗാർത്ഥികൾ സർക്കാരിന്റെ ശത്രുക്കളല്ലെന്നും അവരെ മക്കളായി കാണാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടതെന്നും വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. പകരം റാങ്ക് ലിസ്റ്റ് ഇല്ലാത്ത പശ്ചാത്തലത്തിൽ പട്ടിക നീട്ടാത്തത് അനധികൃത നിയമനങ്ങൾ നിർബാധം തുടരുന്നതിനാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment