പാലക്കാട്: ആരോഗ്യ വകുപ്പിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച അട്ടപ്പാടി ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന് സ്ഥലംമാറ്റം. ആരോഗ്യമന്ത്രിക്കെതിരെയടക്കം പരസ്യ പ്രതികരണവുമായി രംഗത്ത് വന്നതോടെ ആണ് പ്രഭുദാസിനെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടായാണ് സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാല്‍ ഭരണസൗരക്യാര്‍ത്ഥമാണ് നടപടിയെടുത്തത് എന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി നല്കിയ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാനാണ് ഇപ്പോള്‍ കോട്ടത്തറ ആശുപത്രിയുടെ ചുമതല. എന്നാൽ അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച് ആരോപണങ്ങളില്‍ ഉറച്ച് നില്ക്കുന്നതായി ഡോ. പ്രഭുദാസ് പ്രതികരിച്ചു.
സർക്കാർ ആശുപത്രി നന്നാക്കാൻ ശ്രമിച്ചപ്പോഴുണ്ടായിരുന്ന ആരോപണങ്ങളാണ് തനിക്കെതിരെയുള്ളത്. പൂച്ചെണ്ടും പ്രതീക്ഷിച്ചല്ല ജോലിക്ക് ഇറങ്ങിയതെന്ന് പറഞ്ഞ അദ്ദേഹം തല ഉയർത്തിപ്പിടിച്ചാണ് അടുത്ത സ്ഥലത്തേക്ക് പോകുന്നതെന്നും പറഞ്ഞു.
താൻ ഒന്നും അട്ടപ്പാടിയിൽ നിന്നും കൊണ്ടുപോയിട്ടില്ലെന്ന് എനിക്ക് അറിയാം. എന്റെ കൈകൾ എനിക്ക് അറിയാം. ഇത്തരം കല്ലേറുകൾ പ്രതീക്ഷിച്ച് തന്നെയാണ് ജോലിക്ക് വന്നത്. സർക്കാരിനൊപ്പം നിൽക്കേണ്ടവരാണ് പദ്ധതികൾക്ക് തുരങ്കം വച്ചത്. താൻ ഈ സംവിധാനത്തിനൊപ്പം നിൽക്കുന്നയാളാണ്. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യത്തിൽ താൻ ഉറച്ചു നിൽക്കുന്നു. സ്ഥാപനത്തെ നശിപ്പിക്കാൻ നോക്കിയവരെ കണ്ടെത്തണം. ആശുപത്രി നന്നാക്കിയതിന് താൻ കുറ്റക്കാരനാണെങ്കിൽ ആ ശിക്ഷ ഏറ്റെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി അട്ടപ്പാടി സന്ദര്‍ശിക്കാന്‍ എത്തിയതിന് പിന്നാലെ കടുത്ത ആരോപണങ്ങളുമായി പ്രഭുദാസ് രംഗത്തെത്തിയിരുന്നു. ഇല്ലാത്ത മീറ്റിങ്ങിന്റെ പേരില്‍ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച ശേഷമാണ് മന്ത്രി അട്ടപ്പാടിയിലേക്ക് എത്തിയത്. പ്രതിപക്ഷ നേതാവിന് മുമ്പ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാണ് മന്ത്രിക്ക്. ആശുപത്രിയിലെ ആവശ്യങ്ങള്‍ വ്യക്തമാക്കി പല തവണ കത്ത് നല്‍കിയിട്ടും അനുകൂല നടപടി ഉണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.