ഇളക്കി നട്ടപ്പോൾ വേരറ്റു, മടക്കം പഴയ വേരുകൾ തേടിഃ ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: “ഒരു ചെടി മുളച്ചുവരുന്ന സ്ഥലത്തു തന്നെ നിന്നാലേ തഴച്ചു വളരൂ. ഇളക്കി നട്ടാൽ വളർച്ച മുരടിക്കും. വേരറ്റുപായ താൻ പഴയ വേരുകൾ തേടി മടങ്ങുകയാണ്, ഉപാധികളൊന്നുമില്ലാതെ.”
ചെറിയാൻ ഫിലിപ്പ് ഇതു പറഞ്ഞതു കോൺ​ഗ്രസ് പാർട്ടിയെക്കുറിച്ചും താൻ അതിലെ അം​ഗമായിരുന്ന കാലത്തെക്കുറിച്ചുമായിരുന്നു. അദ്ദേഹം ഒന്നുകൂടി വിശദമാക്കി,


കോൺ​ഗ്രസിലായിരുന്നപ്പോൾ അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇടതുപക്ഷ സഹയാത്രികനായിരുന്നപ്പോൾ വെറും ന്യായീകരണ തൊഴിലാളിയായി മാത്രം മാറിപ്പോയി. ജീവിതത്തിന്റെ അവസാനകാലം താൻ ജനിച്ചു വളർന്ന തറവാട്ടിൽ തന്നെ ജീവിക്കണം. കോൺ​ഗ്രസിലേക്കുള്ള മടങ്ങിവരവ് അറിയിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തിലാണു ചെറിയാൻ ഫിലിപ്പിന്റെ ഏറ്റുപറച്ചിൽ. അങ്ങനെ മടങ്ങിവരുന്നതിന് തനിക്കുള്ള അവകാശത്തെക്കുറിച്ചും ചെറിയാൻ ആത്മവിശ്വാസത്തോടെ വിശദമാക്കി.
തന്റെ രാഷ്‌ട്രീയ വളർച്ചയുടെ പടവുകളെല്ലാം കോൺ​ഗ്രസിലാണ്. കെഎസ്‌യുവിലൂടെ തുടങ്ങിയതാണു പൊതു ജീവിതം. പിന്നീട് അതിന്റെ സംസ്ഥാന പ്രസിഡന്റായി, യൂത്ത് കോൺ​ഗ്രസ് ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി. അന്നെല്ലാം കോൺ​ഗ്രസിന്റെ ആദർശങ്ങൾക്കു വേണ്ടിയാണ് നിലകൊണ്ടത്. എന്നാൽ അവിടെ ഉണ്ടായിരുന്ന ചില കാര്യങ്ങളോടു വിയോജിപ്പ് തോന്നിയതിനാൽ പാർട്ടിയിൽ നിന്നു രാജിവച്ചു. ആരും തന്നെ പുറത്താക്കിയതല്ല. അതുകൊണ്ട് പാർട്ടിയിലേക്കു മടങ്ങുന്നതിന് ഒരുപാധിയുമില്ല. പണ്ടു കോൺ​ഗ്രസിനെക്കുറിച്ചു പറഞ്ഞതിനേക്കാൾ കൂടുതൽ സിപിഎമ്മിനെ‌ കുറിച്ചു പറയാനുണ്ട്. പക്ഷേ, പറയുന്നില്ല. പറഞ്ഞിട്ടു കാര്യവുമില്ല. അഭിപ്രായ സ്വാതന്ത്ര്യം കല്പിച്ചിട്ടില്ലാത്ത പാർട്ടിയാണത്.
45 വർഷം ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ ഭാ​ഗമായിരുന്നു. 20 വർഷം ഇടതുപക്ഷത്തോട് അനുഭാവം കാട്ടി. പക്ഷേ, സിപിഎം അടക്കം ഒരു പാർട്ടിയിലും അം​ഗത്വം നേടിയില്ല. തന്റെ ബൗദ്ധിക ഇടപെടലുകളെല്ലാം കോൺ​ഗ്രസിലായിരുന്നപ്പോഴാണ് സംഭവിച്ചത്. കാൽ നൂറ്റാണ്ട് എന്ന രാഷ്‌ട്രീയ ചരിത്ര പുസ്തകം ഇന്നും പത്രപ്രവർത്തക വിദ്യാർഥികൾക്കടക്കം പാഠപുസ്തകമാണ്. ഈ പുസ്കതത്തിന് ഇന്നും പ്രസക്തിയുണ്ട്. ഇഎംഎസ് നമ്പൂതിരിപ്പാട് വരെ പ്രശംസിച്ച ആധികാരിക ​ഗ്രന്ഥമാണത്. എന്നാൽ അതിന്റെ തുടർരചന നടത്താതിരുന്നത് സിപിഎമ്മിന് എതിരാകും എന്നതുകൊണ്ടായിരുന്നു.


സിപിഎമ്മിനൊപ്പം പ്രവർത്തിച്ചപ്പോഴും രാഷ്‌ട്രീയ സത്യസന്ധത പുലർത്തി. എന്നാൽ തനിക്കവിടെ പ്രസക്തിയില്ലെന്നു പിന്നീടു മനസിലായി. അതുകൊണ്ടാണ് വേരുകൾ തേടിയുള്ള ഈ മടക്കയാത്ര. സ്വന്തം തറവാടിൽ കിടന്നു മരിക്കണമെന്നാണ് ആ​ഗ്രഹം, കോൺ​ഗ്രസ് ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. വർ​ഗീയതയും ഏകാധിപത്യവും ദേശീയ തലത്തിൽ കൊടികുത്തി വാഴുകയാണ്. അതിനെ ചെറുക്കാൻ കോൺ​ഗ്രസിനേ കഴിയൂ. വർ​ഗീയ- ഏകാധിപത്യ ശക്തികൾക്ക് ഇടതുപക്ഷം ബദലല്ല. കോൺ​ഗ്രസ് നശിച്ചാൽ രാജ്യം നശിക്കും. ഇതു തിരിച്ചറിഞ്ഞ് ഒട്ടേറെപ്പേർ കോൺ​ഗ്രസിലേക്കു മടങ്ങിവരികയാണ്. പാർട്ടിയെ ശക്തിപ്പെടുത്തുകയാണു തന്റെയും ലക്ഷ്യമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.


ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ അയിരൂർകുഴി പകലോമറ്റം കടവന കുടുംബാം​ഗമാണ് ചെറിയാൻ ഫിലിപ്പ്. 1953 നവംബർ 21നാണു ജനനം. അച്ഛൻ കെ.സി. ഫിലിപ്പ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ്, മാർ ഇവാനിയോ‌സ് കോളെജ്, ​ഗവണ്മെന്റ് ലോകോളെജ് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള ചെറിയാൻ അവിവാ​ഹിതനാണ്.
എ.കെ. ആന്റണി കെപിസിസി പ്രസിഡന്റായിരിക്കെ, 2021ലാണ് ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസ് വിട്ടത്. കോൺ​ഗ്രസിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിക്കുന്നതിനു മുൻപ് അദ്ദേഹം ആന്റണിയെ വീട്ടിൽപോയി കണ്ട് അനു​ഗ്രഹം തേടി. രണ്ടു തവണയിൽ കൂടുതൽ നിയമസഭയിലേക്കും പാർലമെന്റിലേക്കും മത്സരി‌ച്ചു ജയിച്ചവർ‌ക്ക് സീറ്റ് നൽകരുതെന്നാവശ്യപ്പെട്ടായിരുന്നു രാജി. ഒട്ടേറെ സാമൂഹ്യ സന്നദ്ധ സംഘടനകൾ സ്ഥാപിച്ചു പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കുറച്ചു കാലം വീക്ഷണം ദിനപത്രത്തിന്റെ രാഷ്‌ട്രീയ ലേഖകനുമായിരുന്നു.

Related posts

Leave a Comment