തിരിച്ചുവരുന്ന ട്രേഡ് യൂണിയന്‍ ഗുണ്ടായിസം ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം


നോക്കുകൂലിയും അന്യായമായ ജോലികുത്തകയും കൂലിവര്‍ധനയും കൊണ്ട് കേരളത്തില്‍ വന്‍ വ്യവസായങ്ങള്‍ മാത്രമല്ല, ചെറുകിട-ഇടത്തരം കച്ചവടക്കാരും, തൊഴിലാളി യൂണിയന്‍ പ്രതിരോധത്തിന്റെ കയ്പുനീര് കുടിക്കുകയാണ്. തൊഴില്‍ത്തര്‍ക്കം എന്നതിലപ്പുറം രാഷ്ട്രീയ മുഷ്‌കിന്റെയും ധാര്‍ഷ്ട്യത്തിന്റെയും കൊടിത്തണലില്‍ ട്രേഡ് യൂണിയന്‍ ഗുണ്ടായിസം കേരളത്തിലേക്ക് തിരിച്ചുവരികയാണ്. രണ്ടുവര്‍ഷം മുമ്പ് മട്ടന്നൂരില്‍ ഒരു വിവാഹമണ്ഡപ ഉടമയും കൊല്ലത്തെ ഇന്‍ഡസ്ട്രിയല്‍ സ്ഥാപന ഉടമയും ആത്മഹത്യ ചെയ്തത് മുനിസിപ്പല്‍ അധികൃതരുടെയും സി ഐ ടി യു പ്രവര്‍ത്തകരുടെയും അന്യായമായ നടപടികളുടെ പേരിലായിരുന്നു. ഇന്നത്തെ എക്‌സൈസ് മന്ത്രിയുടെ ഭാര്യ ചെയര്‍പേഴ്‌സണായിരുന്ന മട്ടന്നൂര്‍ നഗരസഭയുടെ പകപോക്കലിന്റെ പേരില്‍ കടംവാങ്ങിയും ബാങ്ക് വായ്പയെടുത്തും ആരംഭിച്ച വിവാഹമണ്ഡപത്തിന്റെ പണിപൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതുമൂലമാണ് ഉടമക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. കൊല്ലത്ത് ചെറുകിട വര്‍ക്‌ഷോപ്പ് ആരംഭിക്കുന്നതിന് മുമ്പേ സ്ഥാപനത്തിന് മുന്നില്‍ ചെങ്കൊടി നാട്ടി തൊഴില്‍ ആധിപത്യത്തിന് സി ഐ ടി യു ശ്രമിച്ചതിന്റെ പേരില്‍ മനംനൊന്ത് പ്രവാസി സംരംഭകനായിരുന്ന ഉടമയും സ്വയംഹത്യയുടെ വഴി തേടുകയായിരുന്നു.


ഈ രണ്ട് സംഭവങ്ങള്‍ക്ക് ശേഷം തെല്ലൊരു ശമനമുണ്ടായിരുന്ന നോക്കുകൂലിയും ട്രേഡ് യൂണിയന്‍ അവകാശവാദവും വീണ്ടും തലപൊക്കുകയാണ്. കണ്ണൂരില്‍ മാതമംഗലത്തും മാടായിലും കോഴിക്കോട് പേരാമ്പ്രയിലുമാണ് അന്യായമായ തൊഴിലവകാശം നേടാനുള്ള സി ഐ ടി യു സമരം നടക്കുന്നത്. ഗള്‍ഫിലും അമേരിക്കന്‍-യൂറോപ്യന്‍ നാടുകളിലും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ഉലകം ചുറ്റുന്നതിനിടയിലാണ് സംരംഭകവിരുദ്ധ സമരം നടക്കുന്നത്. പലതരം ലൈസന്‍സുകള്‍ ആവശ്യപ്പെടുന്ന വ്യവസായങ്ങള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കും മുന്നിലുള്ള ചുവപ്പുനാട പറിച്ചെറിഞ്ഞ് സംരംഭകരുടെ കര്‍മ്മവീഥിയിലെ തടസ്സങ്ങള്‍ നീക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വസിച്ച് കേരളത്തില്‍ വ്യവസായം ആരംഭിക്കാന്‍ തുനിഞ്ഞ പ്രവാസികള്‍ ഇപ്പോള്‍ ചെകുത്താനും കടലിനും ഇടയിലായിരിക്കയാണ്. നാഴികക്ക് നാല്പ്പതുവട്ടം നിക്ഷേപസൗഹൃദ അന്തരീക്ഷം സാധ്യമാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ കണ്ണൂര്‍ ജില്ലയിലാണ് സംരംഭകരെ കണ്ണീര് കുടിപ്പിക്കുന്ന ട്രേഡ് യൂണിയന്‍ ഗുണ്ടായിസം അരങ്ങേറുന്നത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളും മുഖ്യമന്ത്രിയടക്കമുള്ള ഉന്നത നേതാക്കളുടെ സാന്നിധ്യവുമുള്ള പ്രദേശങ്ങളിലാണ് സി ഐ ടി യു, കച്ചവടത്തിനും വ്യവസായങ്ങള്‍ക്കും പൂട്ടിട്ട് സ്ഥാപനങ്ങള്‍ സ്തംഭിപ്പിക്കുന്നത്. സമരം നടത്തുന്ന കടഉടമകളെ മാത്രമല്ല അവിടെനിന്നും സാധനങ്ങള്‍ വാങ്ങുന്ന നാട്ടുകാരെയും ഇവര്‍ മര്‍ദ്ദിക്കുന്നു. സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പൊലീസ് സമരത്തിന് കാവല്‍ നില്‍ക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചതിന് പിന്നാലെയാണ് സി ഐ ടി യു വീണ്ടും നിയമം കൈയ്യിലെടുത്ത് തൊഴില്‍മേഖലകളില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത്.

മാടായിലും മാതമംഗലത്തും ലോഡ് ഇറക്കാന്‍ ഉടമകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും അതിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് സമരം തുടരുന്നത്. 1957-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയ നാള്‍ മുതലാണ് കേരളം തൊഴില്‍ സമരങ്ങളുടെ നാടായി മാറിയത്. ആറ് പതിറ്റാണ്ടിലേറെക്കാലമായി ട്രേഡ് യൂണിയന്‍ രംഗത്ത് ആധിപത്യം സ്ഥാപിച്ച സി ഐ ടി യുവിന്റെ തടവിലാണ് കേരളത്തിലെ മിക്ക വ്യവസായ-വാണിജ്യ സ്ഥാപനങ്ങളും. സ്ഥാപനം ആരംഭിക്കുന്നതിന് മുമ്പുതന്നെ ചെങ്കൊടി നാട്ടി ആധിപത്യം വിളംബരം ചെയ്യുന്നതോടെ ഉടമ രണ്ടാംനിരയിലും സി ഐ ടി യു-സി പി എം നേതാക്കള്‍ ഒന്നാംനിരയിലുമിരിക്കുന്ന ലോകത്ത് ഒരിടത്തും കാണാത്ത ട്രേഡ് യൂണിയന്‍ ഗുണ്ടായിസമാണ് കേരളത്തില്‍ അരങ്ങേറുന്നത്. സംരംഭകരോടുള്ള സി പി എമ്മിന്റെ മനോഭാവത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അവരുടെ നേതാക്കളുടെ വേഷങ്ങളിലും ജീവിതരീതികളിലുമാണ് മാറ്റങ്ങളുണ്ടായിരിക്കുന്നത്. നക്ഷത്രസൗകര്യമുള്ള ജീവിതരീതി ഇവര്‍ മുതലാളിമാരില്‍ നിന്നും അനുകരിക്കുകയായിരുന്നു. ബൂര്‍ഷ്വയെ തോല്‍പ്പിക്കാന്‍ ബൂര്‍ഷ്വയുടെ നാട്ടിലെ വിദ്യാഭ്യാസവും ജീവിതരീതിയും കൈക്കൊള്ളണമെന്നും ബൂര്‍ഷ്വയുടെ അച്ഛനാകണമെന്നുമുള്ള കൈതേരി സഹദേവന്റെ നേതൃത്വത്തിന് പാര്‍ട്ടിവിരുദ്ധമായ ജീവിതരീതികളില്‍ അഭിരമിക്കാനാണ് ഏറെ ഇഷ്ടം. സി പി എം കേരളത്തിലെ ഭരണകക്ഷിയാണ്. ക്രിയാത്മകമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃക കാണിക്കേണ്ടത് അവരാണ്. കാലഹരണപ്പെട്ട മുദ്രാവാക്യങ്ങളും സമരരീതികളും ഇപ്പോഴും കൈവിടാത്ത സി പി എം കാലഹരണത്തിന്റെ അഴുക്കിലും കുപ്പയിലും പുളയുന്ന എരുമക്കൂട്ടങ്ങളെപ്പോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ജീവിതരീതികളുടെ ചാണകത്തിലും ചെളിയിലും മൂത്രത്തിലും കിടന്ന് പുളയുകയാണ്. കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും തടസ്സം നില്‍ക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയും അവരുടെ വര്‍ഗ ബഹുജന സംഘടനകളുമാണ്. കാലത്തോട് കലഹിക്കേണ്ടത് സമൂഹത്തിന്റെ നന്മക്ക് വേണ്ടിയായിരിക്കണം. ട്രേഡ് യൂണിയനുകളെ പൊന്മുട്ടയിടുന്ന താറാവുകളെപ്പോലെ വളര്‍ത്തുന്ന സി പി എം പ്രതിബദ്ധരാവേണ്ടത് സി ഐ ടി യുവിനോടല്ല; ജനങ്ങളോടായിരിക്കണം.

Related posts

Leave a Comment