സി പി എം നേതാക്കളുടെ ഭാര്യമാർക്കായി സർവകലാശാല ജോലികൾ സംവരണം ചെയുന്നത് ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളി: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി

സി പി എം നേതാക്കളുടെ ഭാര്യമാർക്കായി സർവകലാശാല ജോലികൾ സംവരണം ചെയുന്നത് ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. മന്ത്രിസ്ഥാനങ്ങൾ ഉന്നത നേതാക്കളുടെ അടുത്ത ബന്ധുക്കൾക്കായി സംവരണം ചെയ്യപ്പെട്ടപ്പോൾ യൂണിവേഴ്സിറ്റികളിലെ അധ്യാപക ജോലികൾ സി പി എം ന്റെ യുവ നേതാക്കളുടെ ഭാര്യമാർക്കായി മാറ്റി വെച്ചിരിക്കുകയാണ്. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

മന്ത്രിസ്ഥാനങ്ങൾ ഉന്നത നേതാക്കളുടെ അടുത്ത ബന്ധുക്കൾക്കായി സംവരണം ചെയ്യപ്പെട്ടപ്പോൾ യൂണിവേഴ്സിറ്റികളിലെ അധ്യാപക ജോലികൾ സി പി എം ന്റെ യുവ നേതാക്കളുടെ ഭാര്യമാർക്കായി മാറ്റി വെച്ചിരിക്കുകയാണ്.
യോഗ്യതാ മാനദണ്ഡം പോലും പൂർത്തീകരിച്ചിട്ടില്ലാത്തവർ ജോലി ഉറപ്പിച്ചു മടങ്ങുമ്പോൾ അദ്ധ്യപന പരിചയവും, യോഗ്യതയും കൂടുതലായുള്ളവർ മാർക്സിസ്റ്റ്‌ പാർട്ടി നേതാക്കളുടെ ബന്ധുവാകുക എന്ന ‘അടിസ്ഥാന’ യോഗ്യതയില്ലാത്തതിനാൽ സർവകലാശാലകളിൽ നിയമനം ലഭിക്കാതെ പുറത്തേക്ക് പോവുകയാണ്.
ഏറ്റവുമൊടുവിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ മലയാളം വിഭാഗത്തിൽ , അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിക്കാൻ ആവശ്യമായ യോഗ്യതകൾ പൂർത്തീകരിച്ചോ എന്നു പോലും സംശയമുള്ള ആളിനെയാണ് നിയമിക്കാൻ പോകുന്നതെന്ന് കേൾക്കുന്നു. നേതാവിന്റെ ഭാര്യയായതിനാൽ ഇത്തരം യോഗ്യതകളുടെയൊന്നും ആവശ്യമില്ലെന്ന് തന്നെയാണ് മുൻകാല അനുഭവങ്ങൾ നമുക്ക് മനസ്സിലാക്കി തന്നിട്ടുള്ളതും.
പണവും, അധികാരവും, പദവികളും ഉള്ളവർക്ക് കൂടുതൽ കൂടുതൽ ഉയർന്ന സ്ഥാനങ്ങൾ ലഭിക്കുന്നു, ബന്ധങ്ങളില്ലാത്തവരും, പാവപ്പെട്ടവരുമായ ആളുകൾ എല്ലായിടത്തുനിന്നും പിന്തള്ളപ്പെട്ടു പോകുന്നു. ഇങ്ങനെയാണ് കേരളത്തിലിപ്പോൾ ‘എല്ലാം ശരിയാകുന്നത്’.
നന്നായി പഠിച്ചു കൂടുതൽ മാർക്ക്‌ വാങ്ങുകയോ, ഉന്നത ബിരുദങ്ങൾ നേടുകയോ ചെയ്തത് കൊണ്ടായില്ല, യുവജന സംഘടനാ നേതാവിന്റെ ഭാര്യയായാൽ മാത്രമേ കേരളത്തിലെ സർവകലാശാലകളിൽ ജോലി ലഭിക്കൂ എന്നത് നാട്ടിലെ യുവജനങ്ങളോട് നടത്തുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.

Related posts

Leave a Comment