മീനച്ചിലാറ്റിൽ ക്രമാതീതമായ രീതിയിൽ മനുഷ്യവിസർജ്യമെന്ന് റിപ്പോർട്ട്

കോട്ടയം:അൻപതിലധികം കുടിവെള്ള പദ്ധതികളുള്ള കോട്ടയം മീനച്ചിലാറ്റിലെ ജലത്തിൽ ഉയർന്ന അളവിൽ മനുഷ്യ വിസർജ്യ സാന്നിധ്യം കണ്ടെത്തി. പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേർന്ന ഭാഗങ്ങളിലാണ് വെള്ളം ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയത്. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിൽ ആണ് ഗുരുതര സാഹചര്യം ഉള്ളതായി വ്യക്തമായത്.ഫീക്കൽ കോളിഫോം ബാക്ടീരിയയ്ക്ക് പുറമെ, തീവ്ര അമ്ല സാന്നിധ്യവും മീനച്ചിൽ ആറ്റിൽ തിരിച്ചറിഞ്ഞു.

ഉത്ഭവ സ്ഥാനം മുതൽ അവസാനം വരെ ജനവാസ മേഖലകളിലൂടെ കടന്ന് പോകുന്ന മീനച്ചിലാറ്റിൽ മലിനീകരണ തോത് അപകടകരമാം വിധം ഉയരുകയാണ് എന്നതാണ് ഏറെ ശ്രദ്ധേയം. അടുക്കം മുതൽ ഇല്ലിക്കൽ വരെ 10 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലാ സാമ്പിളുകളിലും ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിതായി ട്രോപ്പിക്കൽ ഇൻസ്റ്റ്യൂട്ട് നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
അതായത് മനുഷ്യ വിസർജ്യം പുഴയിൽ കലരുന്നുണ്ടെന്ന് മാത്രമല്ല, അതിന്റെ തോത് തീവ്രവുമാണ്. 7 സാമ്പിളുകളിൽ രണ്ടായിരത്തിന് മുകളിലാണ് എഫ്.സി കൗണ്ട്. സാഹചര്യം അതീവ ഗുരുതരമാണെന്ന് ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സ്റ്റഡീസ് ഡയറക്ടർ പുന്നൻ കുര്യൻ പറഞ്ഞു.

Related posts

Leave a Comment