നിരക്കുകളിൽ മാറ്റമില്ല, നടപ്പ് വർഷം വളർച്ചാ നിരക്ക് 9.5 %

മുംബൈ: റിപ്പോ റിവേഴ്സ് റിപ്പോ പലിശ നിരക്കുകൾക്ക് മാറ്റമില്ല. നിലവിലെ നിരക്കുകൾ തുടരാൻ ധനനയസമിതി തീരുമാനിച്ചതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ജിഡിപി വളർച്ചാ നിരക്ക് മെച്ചപ്പെടുന്നതായും നടപ്പ് വർഷം വളർച്ചാ നിരക്ക് 9.5 ശതമാനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും ഈ വർഷം 5.3 ശതമാനത്തിനുള്ളിലായിരിക്കുമെന്നും റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കി.

സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ തെറ്റിയില്ല. തുടർച്ചയായ ഒൻപതാം തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തിയില്ല. റിപ്പോ, റിവോഴ്സ് റിപ്പോ നിരക്കുകൾ ഇപ്പോഴത്തെ നാല്, 3.35 ശതമാനം എന്നിങ്ങനെത്തന്നെ തുടരും. വിലക്കയറ്റ ഭീഷണിയും കൊവിഡ് ഭീതിയുമെല്ലാം ഇപ്പോഴത്തെ റിസർവ് ബാങ്ക് തീരുമാനത്തിനു കാരണമായി.

സാമ്പത്തിക പ്രവർത്തനങ്ങൾ പൂർണമായും സജീവമാകാത്തത്, നിരക്കുകൾ ഉയർത്തുന്നതിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തൽ ഉണ്ടായിരുന്നു. അടുത്ത വർഷം വർഷത്തിൽ രണ്ടാമത്തെയും നാലാമത്തെയും പാദവാർഷികങ്ങളിലും റിപ്പോ നിരക്ക് കൂട്ടിയേക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.

ഇത് സംഭവിക്കുകയാണെങ്കിൽ 2022 സാമ്പത്തിക വർഷം അവസാന പാദമെത്തുമ്പോൾ റിപ്പോ നിരക്ക് 4.50 ശതമാനമാകും. റിവേഴ്‌സ് റിപ്പോ നിരക്കിലും ഇതേ നിലയിൽ വർധനയുണ്ടാകാം. ഇതോടെ അടുത്തവർഷം മധ്യത്തോടെ വായ്പാ, നിക്ഷേപ പലിശകൾ വർധിക്കുമെന്നും നിഗമനമുണ്ട്.

Related posts

Leave a Comment