കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ് പുതുക്കി നൽകുന്നത് അനിശ്ചിതമായി നിർത്തി; കുവൈറ്റ് പ്രവാസികളിൽ ആശങ്കയേറുന്നു

കൃഷ്ണൻ കടലുണ്ടി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ് പുതുക്കി നൽകുന്നത് അനിശ്ചിതമായി നിർത്തി വെച്ചിരിക്കുന്നത് കാരണം വളരെയേറെ പ്രവാസികൾ ആശങ്കാകുലരായിരിക്കുകയാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. നിയമാനുസൃത താമസരേഖകൾ ഉള്ള പ്രവാസികൾക്ക് അപേക്ഷിക്കുന്ന മുറക്ക് പുതുക്കി നൽകിക്കൊണ്ടിരുന്നു രീതിയാണ് യാതൊരു മുന്നറിയിപ്പും കൂടാതെ പെട്ടെന്ന് നിർത്തിവെച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രലായ അണ്ടർ സെക്രട്ടറി രൂപീകരിക്കുന്ന സാങ്കേതിക കമ്മിറ്റി നിശ്ചയിക്കുന്ന മാനദന്ധം അനുസരിച്ച് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് വേണ്ടിയാണ്ഈ നടപടി എന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. കുവൈറ്റിലെ അനിയന്ത്രിതമായ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനുള്ള പരിഷ്‌ക്കാരങ്ങൾ ലക്‌ഷ്യം വെച്ചാണ് ഇത്.

നിലവിൽ ലൈസൻസ് പുതുക്കി നൽകുന്നതിനുള്ള നിബന്ധനകൾ പൂർണ്ണമായും പാലിച്ചുകൊണ്ട് നൽകുന്ന അപേക്ഷകൾ ഒന്നും തന്നെ ഇപ്പോൾ ബന്ധപ്പെട്ട ഓഫിസുകളിൽ സ്വീകരിക്കുന്നില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ പെട്ടെന്നുള്ള ഈ നടപടി മൂലം വ്യാപാര സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസെൻസികൾ പുതുക്കാനാവാതെ ബുദ്ധിമുട്ടിലായിരിക്കയാണെന്നു പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് വണ്ടിയോടിക്കുന്നത് കണ്ടെത്തിയാൽ നിയമ നടപടി നേരിടേണ്ടി വരുമെന്നുള്ളതാണ് ഏവരെയും ഭയപ്പെടുത്തുന്നത്.

ഈ നടപടി മൂലം വൈദ്യ സേവന രംഗത്തും നിർമ്മാണ പദ്ധതികൾക്കും വലിയ പ്രയാസവും സാമ്പത്തിക നഷ്ടവും ഇടവരുത്തിയേക്കാം. എൻജിനീയർമാരെയും ടെക്‌നിഷ്യൻമാരെയും മാത്രമല്ല ആരോഗ്യമേഖലയിലെ ഡോക്ടർമാർ തൊട്ട് സാങ്കേതിക വിദഗ്ധർ വരെയുള്ള ഏവരെയും ഇത് ബാധിക്കുമെന്നതാണ് നിലവിലെ സ്ഥിതി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് മൃതാവസ്ഥയിലായ ചെറുകിട വ്യപാര മേഖലയെ കൂടുതൽ തളർത്തുന്നതായും ഈ നടപടി മാറിയേക്കും.

2014ലെ ഉത്തരവ് പ്രകാരം രണ്ടു വർഷത്തെ താമസരേഖയും പ്രതിമാസം അറുനൂറ് കുവൈറ്റി ദിനാർ കുറയാതെ ശമ്പളവും യൂണിവേഴ്സിറ്റി ഡിഗ്രി യോഗ്യതയും ഉള്ളവർക്കാണ് ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിച്ചുകൊണ്ടിരുന്നത്. കുവൈറ്റി കുടുംബങ്ങളുമായി ബന്ധമുള്ള പല വിഭാഗങ്ങളിലും പെടുന്ന ബന്ധുക്കൾക്കും വീട്ടു ജോലിക്കാർക്കും ഈ നിബന്ധനകളിൽ ഇളവ് നൽകിയിട്ടുണ്ട്.

പ്രവാസികളെ മാത്രമല്ല നിരവധി കുവൈറ്റി കുടുംബങ്ങളെയും ഭൃത്യന്മാരുടെ ലൈസൻസുകൾ പുതുക്കാനാവാത്തതു കാരണം ഈ നടപടികൾ വിഷമിപ്പിക്കുന്നുണ്ട് . കാലാവധി കഴിഞ്ഞ ലൈസൻസുമായി വാഹനമുപയോഗിച്ച് അപകടമുണ്ടായാൽ ഇൻഷുറൻസ് കമ്പനികൾക്ക് ഉത്തരവാദിത്വമുണ്ടായിരിക്കുന്നതല്ലെന്നത് പ്രതിസന്ധി വർധിപ്പിക്കുന്നു.

അറുപത് വയസ്സ് കഴിഞ്ഞ ഡിഗ്രി യോഗ്യത ഇല്ലാത്ത പ്രവാസികളുടെ താമസ രേഖകൾ സംബന്ധിച്ചും ഇനിയും വ്യക്തത വന്നിട്ടില്ലാത്ത സാഹചര്യത്തിൽ പ്രവാസി സമൂഹത്തിനു മറ്റൊരു ഇരുട്ടടിയായി മാറുകയാണ് ഡ്രൈവിംഗ് ലൈസൻസ് പ്രതിസന്ധി.

Related posts

Leave a Comment