മഹാരാജാസ് കോളേജിലെ മരംമുറി വിവാദം; തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന സമീപനമെന്ന് കെ.എസ്‌.യു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ മരംമുറി വിവാദം തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന സമീപനമെന്ന് കെ.എസ്‌.യു എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ഇടതുപക്ഷ അധ്യാപക സംഘടന തമ്മിലുള്ള പടലപ്പിണക്കം ആണ് ഈ വിഷയവുമായി ബന്ധപ്പെട്ട് സമരം നടത്താൻ എസ്എഫ്ഐയെ പ്രേരിപ്പിക്കുന്നത്. അഴിമതി ആരു ചെയ്താലും അത് തെറ്റ് തന്നെ. എന്നാൽ ചില സാഹചര്യങ്ങളിൽ മാത്രം അഴിമതിക്കെതിരെ സംസാരിക്കുകയും മറ്റ് അവസരങ്ങളിൽ കണ്ണടക്കുകയും ചെയ്യുന്നത് എസ്എഫ്ഐയുടെ ഇരട്ടത്താപ്പ് നയമാണ്.

2016ന് ശേഷമുള്ള രണ്ട് ഗവർണിങ് കൗൺസിലിന്റെ കാലഘട്ടത്തിലെ മുഴുവൻ ക്രയവിക്രയങ്ങളെ പറ്റിയും സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നും കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. നിലവിലെ മരംമുറി വിവാദത്തിന് മുൻപുണ്ടായ മണ്ണു കടത്തും, മഹാരാജാസ് ഹോസ്റ്റലിലെ സോളാർപാനൽ ഉൾപ്പെടെ മോഷണംപോയ സംഭവവും എല്ലാം കൃത്യമായി അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അധികാരികൾക്ക് കത്ത് നൽകുമെന്നും ജില്ലാ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

എല്ലാ കാലഘട്ടത്തിലും മഹാരാജാസ് കോളേജിലെ എസ്എഫ്ഐ അവിടുത്തെ അധ്യാപക സംഘടനയുടെ ചട്ടുകമായി മാറുന്നതായി മനസ്സിലാവുന്നു. അധ്യാപക സംഘടനയും പ്രിൻസിപ്പലുമായി ഏതെല്ലാം കാലഘട്ടത്തെ വിഷയങ്ങൾ ഉണ്ടാകുന്നുവോ അവിടെയെല്ലാം രക്ഷകരായി പരിണമിക്കാൻ ഉള്ള ഉത്തരവാദിത്വം എസ്എഫ്ഐ മഹാരാജാസ് ഏറ്റെടുത്തിരിക്കുകയാണ്.

ചില അധ്യാപകരുടെ ഇംഗിതങ്ങൾക്ക് അനുസരിച്ച് പ്രിൻസിപ്പാൾ വഴങ്ങാതെ വരുമ്പോൾ മാത്രം ആരോപണ വിധേയമാകുന്നത് സംശയകരമാണ്. പ്രിൻസിപ്പലിനൊപ്പം, ഗവർണിങ് കൗൺസിൽ ചെയർമാൻ, പി റ്റി എ സെക്രട്ടറി, നിലവിലത്തെ നിർമ്മാണവുമായി ബന്ധപ്പെട്ട കിറ്റ്‌കോ ചീഫ് എൻജിനീയർ ഉൾപ്പെടെ ഉള്ള മുഴുവൻ ആളുകളും അന്വേഷണ പരിധിയിൽ വരണം. അതുകൊണ്ട് പ്രസ്തുത വിഷയങ്ങളിലെല്ലാം സമഗ്രമായ അന്വേഷണം നടത്തണമെന്നും, പി റ്റി എ ഫണ്ടിൽ നിന്നും കോളേജ് വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ചിലവാക്കിയ മുഴുവൻ തുകയുടെ വിശദാംശങ്ങൾ സർക്കാർ ഓഡിറ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡണ്ട് അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.

Related posts

Leave a Comment