മലബാർ കലാപ നായകരെ നീക്കം ചെയ്തത് ഭീരുത്വവും സ്വാതന്ത്ര്യ സമരത്തോടുളള വെല്ലുവിളിയും: രമേശ് ചെന്നിത്തല

തിരുവനന്തപുരം : ബ്രിട്ടീഷ് സാമ്രാജ്യത്തെ കിടുകിടെ വിറപ്പിച്ച  മലബാർ കലാപത്തിലെ  387 ധീരവിപ്‌ളവകാരികളുടെ പേരുകൾ സ്വാതന്ത്ര്യസമരത്തിലെ   രക്തസാക്ഷികളുടെ പട്ടികയിൽനിന്ന് നീക്കം ചെയ്ത  ചരിത്ര ഗവേഷണ കൗൺസിലിന്റെ നടപടി  ഭീരുത്വവും ഇന്ത്യയുടെ മഹത്തായ ദേശീയ സമരത്തോടുള്ള അവഹേളനവുമാണെന്ന് രമേശ് ചെന്നിത്തല. സാമ്രാജ്യത്വത്തിന് വിടുപണി ചെയ്ത ചരിത്രം മാത്രമുള്ള സംഘപരിവാറിന്  
സാമ്രാജ്യ വിരുദ്ധ  പോരാട്ടത്തിന് നേതൃത്വം നൽകിയ  വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും  ആലി മുസലിയാരെയും പോലെയുള്ള   ധീര രക്തസാക്ഷികളുടെ ഓർമകൾ അലോസരമുണ്ടാക്കിയേക്കാം. അധികാരം ഉപയോഗിച്ച് ചരിത്രം വളച്ചൊടിക്കാനും  ചരിത്ര പുസ്തകങ്ങൾ തിരുത്താനും, ചരിത്രപുരുഷൻമാരെ  തമസ്‌കരിക്കാനും കഴിഞ്ഞേക്കും, എന്നാൽ  കോടിക്കണക്കായ സാധാരണ ഇന്ത്യാക്കാരുടെ മനസിൽ നിന്ന് വാരിയൻ കുന്നത്തിനെയും ആലി മുസിലായാരെപ്പോലെയുമുള്ള  ധീരനായകൻമാരുടെ സ്മരണകൾ തുടച്ചുനീക്കാൻ കഴിയില്ലെന്ന്  ബിജെപിയും സംഘപരിവാറും മനസിലാക്കണം. വാരിയൻ കുന്നത്തിനെയും ആലിമുസ്ലിയാരെയും പോലുളള  ധീരർ പോരാടിയതും രക്തസാക്ഷികളായതും എല്ലാ  ഇന്ത്യാക്കാർക്കും വേണ്ടിയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ പൊള്ളുന്ന ഏടാണ് മലബാർ കലാപം. മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം രൂപം കൊണ്ട ഖിലാഫത്ത് പ്രക്ഷോഭം  ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഇന്ത്യയിൽ നിന്നും കെട്ടികെട്ടിക്കാനുള്ള ജനകീയ പോരാട്ടമായിരുന്നു. ആ പോരാട്ടത്തിന്റെ ബലിപീഠത്തിലാണ് വാരിയൻ കുന്നത്ത്  കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരുമൊക്കെ  ജീവത്യാഗം ചെയ്തത്. ഇവരുടെ മഹത്തായ രക്തസാക്ഷിത്വത്തെ കേവലം ഹിന്ദു -മുസ്‌ലിം കലാപമാക്കി ഇകഴ്ത്തിക്കാണിക്കാനും അതുവഴി അവരെ അപമാനിക്കാനുമുള്ള  സംഘപരിവാറിന്റെയും ദേശീയ ചരിത്രകൗൺസിലിന്റെയും നീക്കത്തെ  ഇന്ത്യൻ ജനത അവജ്ഞയോടെ തള്ളിക്കളയും. മഹാത്മാഗാന്ധിയെ ഇല്ലായ്മ ചെയ്യുകയും നെഹ്‌റുവിന്റെ ഓർമകളെ തുടച്ചുനീക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാറിൽ നിന്നും അവരുടെ ആജ്ഞാനുവർത്തികളിൽനിന്നും ഇതിനെക്കാൾ കൂടുതൽ  ഒന്നും   പ്രതീക്ഷിക്കാനില്ലെന്നും രമേശ് ചെന്നിത്തല  വ്യക്തമാക്കി. 

Related posts

Leave a Comment