സ്റ്റാലിന്‍ ക്രൂരതയുടെ ശേഷിപ്പുകള്‍


മ്യൂണിസ്റ്റ് ഏകാധിപതിയും ക്രൂരനായ ഭരണാധികാരിയുമായ ജോസഫ് സ്റ്റാലിന്റെ സമാനതകളില്ലാത്ത മൃഗീയമായ കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന തെളിവുകളാണ് കഴിഞ്ഞ ദിവസം ഉക്രയിനില്‍ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങള്‍. 1924 മുതല്‍ 1953 വരെ അധികാരത്തിലിരുന്നു സ്റ്റാലിന്‍ കൊന്നു തള്ളിയ ദശലക്ഷക്കണക്കിന് പൗരന്‍മാരുടെ അനേകം ശവങ്ങളില്‍ ഒന്ന് മാത്രമാണിത്. എണ്ണായിരത്തിലധികം പേരെയാണ് ഇവിടെ കൂട്ടമായി മറവ് ചെയ്തതെന്ന് തലയോട്ടികളും മറ്റു അസ്ഥിഭാഗങ്ങളും വ്യക്തമാക്കുന്നു. പീപ്പിള്‍സ് കമ്മിസാറിയേറ്റ് ഫോര്‍ ഇന്റേണല്‍ എഫേഴ്‌സ് എന്ന ചാരസംഘടനയായിരുന്നു ആഭ്യന്തരതലത്തില്‍ റഷ്യന്‍ പൗരന്‍മാരെ കൊല ചെയ്തിരുന്നത്. സ്റ്റാലിന്റെ കാലത്ത് നിലനിന്നിരുന്ന ഗുലാക് എന്ന കൊലക്കളത്തിലും മറ്റും കൊല ചെയ്യപ്പെട്ടത് 15 ലക്ഷം പൗരന്‍മാരാണെന്നായിരുന്നു ആദ്യ കണക്കുകള്‍. എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ കൊലപ്പെട്ട റഷ്യന്‍ പൗരന്‍മാരുടെ ഇരട്ടിയെങ്കിലും പേര്‍ സ്റ്റാലിനിനാല്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പിന്നീട് വ്യക്തമാവുകയുണ്ടായി.
സോവിയറ്റ് റഷ്യയുടെ ശില്‍പി ലെനിന്റെ സഹപ്രവര്‍ത്തകരും അടുത്ത കുടുംബാംഗങ്ങളുമടക്കം ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നേതാക്കളടക്കമുള്ള നിരവധി പേര്‍ സ്റ്റാലിനാല്‍ കൊലപ്പെട്ടിട്ടുണ്ട്. പീഡനം സഹിക്കവയ്യാതെ ആയിരക്കണക്കിനാളുകള്‍ ആത്മഹത്യ ചെയ്യപ്പെടുകയും സൈബീരിയയിലേക്ക് നാടുകടത്തപ്പെടുകയുമുണ്ടായി. ലെനിന്റെ പത്‌നി നടേഷ ക്രൂപ്‌സകായ പോലും ക്രൂരപീഡനങ്ങള്‍ക്ക് വിധേയമായി. 1924ല്‍ ലെനിന് പിന്നാലെ പത്‌നിയും മരണപ്പെട്ടതിനാല്‍ കൂടുതല്‍ പീഡനങ്ങള്‍ക്ക് വിധേയമാകേണ്ടി വന്നില്ല. വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ലെനിന്റെ വിശ്വസ്തനായ സഹപ്രവര്‍ത്തകന്‍ ട്രോഡ്‌സ്‌കി സ്റ്റാലിന്റെ പീഡനങ്ങള്‍ സഹിക്കവയ്യാതെ നാടുവിട്ടുപോയെങ്കിലും സ്റ്റാലിന്റെ രഹസ്യപൊലീസ് അദ്ദേഹത്തെ മെക്‌സിക്കോയില്‍ വെച്ച് കൊലപ്പെടുത്തി. തന്റെ എതിരാളികളുമായി പ്രവര്‍ത്തിക്കുന്ന നിരവധി കമ്യൂണിസ്റ്റ് നേതാക്കളെ സ്റ്റാലിന്‍ വെടിയുണ്ടക്ക് ഇരയാക്കി കൊലപ്പെടുത്തി. കമ്യൂണിസത്തെ തൊഴിലാളി വര്‍ഗ സമഗ്രാധിപത്യമാകുന്നതിന് പകരം വ്യക്തിയുടെ ഏകാധിപത്യമാക്കി മാറ്റിയത് സ്റ്റാലിനായിരുന്നു. 1937-38 കാലത്ത് 1.2 മില്യന്‍ സോവിയറ്റ് പൗരന്‍മാരെയാണ് സ്റ്റാലിന്‍ ഭരണകൂടം കൊല ചെയ്തത്. മഹത്തായ ശുദ്ധീകരണം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ കൂട്ടക്കൊലകള്‍ക്ക് ഇരയായവരെ പ്രതിവിപ്ലവകാരികളെന്നാണ് സ്റ്റാലിന്‍ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോള്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്ത ഉക്രയിനില്‍ തന്നെയായിരുന്നു സ്റ്റാലിന്‍ കൂട്ടക്കൊല നടത്തിയ വിന്നിസ്റ്റാസിയ. 11000 പേരെയാണ് ഇവിടെ കൂട്ടക്കുരുതി നടത്തിയത്. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 80 ശതമാനം സി സി അംഗങ്ങളെയും 90 ശതമാനം പോളിറ്റ്ബ്യൂറോ അംഗങ്ങളെയും സ്റ്റാലിന്‍ കൊല ചെയ്തു. എഴുത്തുകാര്‍, ചിന്തകര്‍, കവികള്‍, രഹസ്യാന്വേഷണ വിഭാഗം കമ്മിസര്‍മാര്‍, ലെനിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകര്‍, റഷ്യയുടെ മോചനത്തിനും നിര്‍മിതിക്കും വേണ്ടി പ്രയത്‌നിച്ച ആയിരക്കണക്കിന് വിപ്ലവകാരികളെ സ്റ്റാലിന്‍ കൊന്നുതള്ളി. ട്രോഡ്‌സ്‌കിയെപ്പോലെ കൊലചെയ്യപ്പെട്ട മറ്റൊരു സമുന്നത നേതാവ് സെര്‍ജി കിറോവ്, അസര്‍ബൈജാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ലെനിന്‍ഗ്രാഡ് റീജ്യനല്‍ കമ്മിറ്റിയുടെയും ഒന്നാം സെക്രട്ടറിയായിരുന്നു. കമ്യൂണിസ്റ്റ് ക്രൂരതയുടെ ഭീകരമുഖമായിരുന്നു ജോസഫ് സ്റ്റാലിന്‍. തന്റെ ഭരണത്തിനെതിരെ വിരല്‍ചൂണ്ടുന്നവരെയും വിമര്‍ശിക്കുന്നവരെയും അദ്ദേഹം കൊന്നൊടുക്കി. കൂട്ട നേതൃത്വം എന്ന ആശയത്തിന് പകരം സ്വന്തം ആധിപത്യം നടപ്പാക്കിയ സ്റ്റാലിനെ ഇപ്പോഴും ആരാധിക്കുന്നവര്‍ കേരളത്തിലുണ്ട്. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ക്രൂഷ്‌ചേവ് നടത്തിയ പ്രസംഗം സ്റ്റാലിന് ചുറ്റും കെട്ടിപ്പൊക്കിയ വീരബിംബത്തെ അടിമുടി തകര്‍ത്തു. ലെനില്‍ നിന്ന് അധികാരം കൈപ്പറ്റിയ സ്റ്റാലിന്റെ ക്രൂരതകളായിരുന്നു ക്രൂഷ്‌ചേവ് വിശദീകരിച്ചത്. മാര്‍ക്‌സിസത്തിനും ലെനിസത്തിനും പകരം സ്റ്റാലിനിസം സോവിയറ്റ് യൂണിയന്റെയും ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും മേല്‍ കെട്ടിവെയ്ക്കുകയായിരുന്നു സ്റ്റാലിന്‍ ചെയ്തിരുന്നത്. ഒരിക്കലും തകരില്ലെന്ന് ധരിച്ചിരുന്ന സോവിയറ്റ് യൂണിയന്‍ കണ്ണാടി തകര്‍ന്നപോലെ പൊട്ടിച്ചിതറിയത് സ്വയം കൃതാനര്‍ത്ഥമായിരുന്നു.

Related posts

Leave a Comment