കുഞ്ഞാറ്റകളുടെ കൊയ്ത്തുപാട്ട് പുസ്തകം പ്രകാശനം

ഡോ. കെ ശ്രീകുമാർ

കുട്ടികൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അനുഭവപരിസരങ്ങളെ വീണ്ടെടുത്ത് അവർക്കായി രസകരമായി അവതരിപ്പിക്കുന്ന ബാലസാഹിത്യ കൃതിയാണ് ലേഖ കാക്കനാട്ടിന്റെ കുഞ്ഞാറ്റകളുടെ കൊയ്ത്തുപാട്ട്. ഞാറിന്റെ മണവും പാൽപാകമായ നെല്ലിന്റെ രുചിയുമൊക്കെ മുൻതലമുറകൾക്ക് അനുഭവവേദ്യമായിരിക്കും.ഇന്നാളുകളിലും അവർ അക്കാലത്തെ ​ഗൃഹാതുരയോടെ ഓർത്തെടുത്തുകൊണ്ടേയിരിക്കുന്നു. എന്നാൽ തിരക്കുകളുടെയും യാന്ത്രികതയുടേയും ലോകത്തെ പുതുതലമുറബാല്യത്തിന് ഈ നാട്ട്ചൂരും ചൂടുമുളള ഓർമ്മകൾ എത്രമേൽ അന്യമാവാനേ തരമുളളൂ. മുന്തിയ പുത്തൻ വിദ്യാലയങ്ങളിൽ ഞാറുകൊണ്ടുവന്ന് കുട്ടികളെ പരിചയപ്പെടുത്തേണ്ടി വരുന്ന പുതുയു​ഗ അധ്യാപകരുടെ ധർമസങ്കടം എത്രയെന്ന് പറയാവതല്ല. കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായ ലേഖയുടെ പുതിയ പുസ്തകം കഥനരീതിയിൽ വായനാക്ഷമമായ ഒരാഖ്യായിക പോലെയുണ്ടെങ്കിലും അത് കനപ്പെട്ട മൂല്യമേറിയ ഒരു വൈഞ്ജാനിക ​ഗ്രന്ഥം കൂടിയാണ്. ഇരുപത്തിയഞ്ച് അധ്യായങ്ങളിലായി പൂർണമാകുന്ന പ്രസ്തുത ​ഗ്രന്ഥത്തിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട് കുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം തന്നെ കാച്ചികുറുക്കി അവതരിപ്പിക്കുന്നു. വിത്തും കൃഷി രീതികളും കാലവും ഞാറ്റുവേലയും ഋതുവ്യതിയാനങ്ങളും കൊയ്ത്തുത്സവവും വയൽക്കിളികളുമെല്ലാം മനുഷ്യർക്കൊപ്പം ഇതിൽ ജീവനുളള കഥാപാത്രങ്ങളാകുന്നു. അത്യന്തം രസകരവും ലളിതവുമായ ആഖ്യാനരീതികളിലൂടെയാണ് ​ഗ്രന്ഥകാരി ഈ വയൽകഥ കുട്ടികൾക്കായി പകർന്നുകൊടുക്കുന്നത്. ലക്ഷ്യബോധമുളള ബാലസാഹിത്യ രചയിതാവിനെയാണ് ഈ പുസ്തകതാളുകളിലൂടെ കണ്ട്മുട്ടുന്നത്.സങ്കീർണതയുടെ കെട്ട്പാടുകൾ പുസ്തകത്തിലൊരിടത്തുമില്ല.വരണ്ട ജ്ഞാനപാഠങ്ങളാവാതെ അറിവുകളെ നാളികേര പാകമാക്കി കുട്ടികളുടെ മനസ്സുകളിലേക്ക് പകരുകയാണ് ​ഗ്രന്ഥകാരി ചെയ്യുന്നത്. കഥ വായിക്കും പോലെയോ കേൾക്കും പോലെയോ അവരത് ആസ്വാദ്യമധുരമായി സ്വീകരിക്കുന്നു. അതിലുൾകൊണ്ട നാട്ടറിവുകളെ ഹൃദയത്തിൽ സൂക്ഷിക്കുന്നു. നാട്ടുതനിമയുടെ ചാരുതയിലേക്ക് ഹൈടെക് കുട്ടികളെ കൈ പിടിച്ചാനയിക്കാനുളള ലേഖ കാക്കനാട്ടിന്റെ ഈ ശ്രമം അത്യന്തം പ്രശംസനീയമാണ്. മലയാള സാഹിത്യചരിത്രത്തിൽ ഏറെ പുതുമകളുളള പുസ്തകം കൂടിയാണിത്. ഇത്തരമൊരു ​ഗ്രന്ഥ രചനക്ക് തയ്യാറായ ​ഗ്രന്ഥകാരിക്ക് അഭിനന്ദിച്ചുകൊണ്ട് അവരുടെ സർ​ഗ വഴികളിൽ എല്ലാ ആശംസകളും നേർന്നുകൊണ്ട് കുഞ്ഞാറ്റകളുടെ കൊയ്ത്തുപാട്ടിനെ കുട്ടികൾക്കായി സമർപ്പിക്കുന്നു.

Related posts

Leave a Comment