കടല്‍ക്ഷോഭത്തില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കണംഃ കെ.കെ. രമ

ത്രുവനന്തപുരം:കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട് ക്യാമ്പുകളിൽ ദുരിതത്തിൽ കഴിയുന്ന വരെ അടിയന്തിരമായി പുനരധിവസിപ്പിക്കണമെന്ന് കെ.കെ.രമ എംഎൽഎ ആവശ്യപ്പെട്ടു. തീരദേശ ജനത നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തി തീരഭൂസംരക്ഷണ വേദിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ കുടിൽ കെട്ടി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

പുനർഗേഹം പദ്ധതി മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നതാണ്. പത്തുലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങി വീടുവെക്കാൻ കേരളത്തിലെ ഏതെങ്കിലും തീരത്ത് കഴിയുമോയെന്ന് കെ.കെ രമ ചോദിച്ചു. കാടിൻ്റെ അവകാശം ആദിവാസികൾക്ക് എന്ന പോലെ കടലിൻ്റെയും തീരത്തിൻ്റെയും അവകാശം മത്സ്യത്തൊഴിലാളികൾക്ക് നൽകണമെന്ന് കെ.കെ.രമ എംഎൽഎ ആവശ്യപ്പെട്ടു.

ഏതാനും മാസം മുമ്പുണ്ടായ ചുഴലിക്കാറ്റും തുടർന്നുണ്ടായ കടൽക്ഷോഭത്തിലും വീടും ഉപജീവന മാർഗ്ഗങ്ങളും നഷ്ടപ്പെട്ട് മൂവായിരത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയാർത്ഥികളായി കഴിയുകയാണ്. കൊറോണാ വ്യാപനത്തിൻ്റെ സാഹചര്യത്തിൽ, നിരവധി കുടുംബങ്ങൾ ക്യാമ്പുകളിൽ തിങ്ങി ഞെരുങ്ങിക്കഴിയുന്നത് അപകടകരമാണ്. മാസങ്ങൾ കഴിഞ്ഞിട്ടും ഇവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നില്ല. ഈ വിഷയമുന്നയിച്ച് ഫിഷറീസ് വകുപ്പ് മന്ത്രിക്ക് തീരഭൂസംരക്ഷണ വേദി നിവേദനം സമർപ്പിച്ചിരുന്നു. ഒരു നടപടിയുമുണ്ടായിട്ടില്ല.

കടൽക്ഷോഭത്തിൻ്റെ പേരിൽ സർക്കാർ പ്രഖ്യാപിച്ച പുനർഗേഹം പദ്ധതി മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നതാണ്. സർക്കാർ നൽകുന്ന 10 ലക്ഷം രൂപ കൊണ്ട് തീരത്ത് ഒരിടത്തും സ്ഥലം വാങ്ങി വീടുവെക്കാൻ കഴിയില്ല. സഹായധനത്തിൻ്റെ ആദ്യ ഗഡു കൈപ്പറ്റി ഒരു വർഷത്തിനകം വീടുവെച്ചില്ലെങ്കിൽ പതിനെട്ടു ശതാമാനം പലിശയോടെ തുക തിരിച്ചുപിടിക്കുമെന്ന വ്യവസ്ഥ തീര ജനതയെ കടക്കെണിയിലേക്ക് എറിയുന്നതാണ്.

കോവിഡിൻ്റെ മറവിൽ ഭരണകൂട ഭീകരതയാണ് സർകാർ അഴിച്ചുവിടുന്നത്. കേരളത്തിൽ നിരവധിയിടങ്ങളിൽ മത്സ്യ വിപണനം നടത്തുന്ന സ്ത്രീകളെ അക്രമിക്കാനും കള്ളക്കേസുകൾ ചുമത്താനുമാണ് പോലീസും സർക്കാർ സംവിധാനങ്ങളും ശ്രമിക്കുന്നത്. ദുരന്ത വ്യാപനത്തിൻ്റെ സാഹചര്യത്തിൽ ജീവിതം വഴിമുട്ടുന്ന മനുഷ്യരെ ശത്രുതാപരമായി കാണുന്ന നയം തിരുത്തണം.

കാടിൻ്റെ അവകാശം ആദിവാസികൾക്ക് എന്ന പോലെ തീരത്തിൻ്റെ അവകാശം തീര ജനതയ്ക്ക് അവകാശപ്പെട്ടതാണ്. അതിനാവശ്യമായ നിയമനിർമ്മാണം നടത്തുന്നതിന് പകരം തീരുത്തുനിന്ന് തീര ജനതയെ കുടിയൊഴിപ്പിച്ച് കോർപ്പറേറ്റുകൾക്കും ടൂറിസം മാഫിയകൾക്കും വീതിച്ചു നൽകാനുള്ള പദ്ധതികളാണ് സർക്കാർ കൈക്കൊള്ളുന്നത്.

ഈ നയങ്ങൾക്കെതിരെ തുടർന്നു നടത്തുന്ന സമരത്തിൻ്റെ തുടക്കമായാണ് സെക്രട്ടറിയേറ്റിന് മുന്നിലെ കുടിൽ കെട്ടി പ്രതിഷേധ സമരം നടത്തുന്നത് എന്ന് തീരഭൂസംരക്ഷണ വേദി നേതാക്കൾ വ്യക്തമാക്കി.

തീരഭൂ സംരക്ഷണ വേദി ചെയർപെഴ്സൺ മാഗ്ലിൽ ഫിലോമിന അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സിന്ധൂര എസ്, വൈസ് ചെയർമാൻ കെ.പി.പ്രകാശൻ, സേവ്യർ ലോപ്പസ്, ഗസാലി മലപ്പുറം, സുധി ലാൽ തൃക്കുന്നപ്പുഴ, ടി.എൽ സന്തോഷ് തൃശൂർ,ബിജു കണ്ണങ്ങനാട്ട് -എറണാകുളം, നാസർ ആറാട്ടുപുഴ, ഹെൻട്രി വിൻസൻ്റ് തിരുവനന്തപുരം, തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment