വിമാനടിക്കറ്റ് നിരക്ക് വർധനവ് നിയന്ത്രിക്കാൻ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണം: എം.കെ രാഘവൻ എം.പി

കോഴിക്കോട്: വിമാനടിക്കറ്റ് നിരക്ക് വർദ്ധനവ് നിയന്ത്രിക്കാൻ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്ന് എം.കെ രാഘവൻ എം.പി പ്രധാനമന്ത്രിയോടും, കേന്ദ്ര വ്യോമയാന മന്ത്രിയോടും ആവശ്യപ്പെട്ടു.

ആഭ്യന്തര അന്താരാഷ്‌ട്ര സർവീസുകളുടെ ടിക്കറ്റ് നിരക്കുകൾ ഉത്സവ അവധി സീസണുകളിൽ ഗണ്യമായി വർദ്ധിക്കുകയാണ്. സാധാരണക്കാരായ ആഭ്യന്തര യാത്രക്കാർക്കും, അന്താരാഷ്‌ട്ര സർവ്വീസുകൾ ആശ്രയിക്കുന്ന പ്രവാസികൾക്കും അടിയന്തിര യാത്രാ വേളകളിൽ കനത്ത തിരിച്ചടിയുണ്ടാക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ഉത്സവ സീസണുകളിലെ ടിക്കറ്റ് നിരക്ക് ഉയരുന്നത് അതത് സെക്ടറുകളിൽ കൂടുതൽ സീറ്റുകൾ ലഭ്യമാക്കിയാൽ മറികടക്കാം. ഇതിനായി കൂടുതൽ യാത്രക്കാരുള്ളയുള്ള രാജ്യങ്ങളുമായുള്ള ഉഭയകക്ഷി കാരാറുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും എം.പി ആവശ്യപ്പെട്ടു.

കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിമാന നിരക്ക് പരിധി, നിരക്ക് ഒരു പരിധിക്ക് മുകളിലേക്ക് പോകുന്നത് തടഞ്ഞിരുന്നു. ഈ പരിധി നിശ്ചയിച്ചതിലൂടെ വിമാനനിരക്ക് ഒരു പരിധിയിൽ കുറയാനോ ഒരു പരിധിയിൽ കൂടാനോ പാടില്ല. എന്നാൽ, കോവിഡ് കാലത്തെ ഈ പരിധി ഒഴിവാക്കി, പഴയ സ്ഥിതി തുടരുന്നതോട് കൂടി വിമാന നിരക്കുകളും വലിയ രീതിയിൽ കൂടുന്ന സ്ഥിതിയാണുള്ളത്.

ഈ സാഹചര്യം പരിഗണിച്ച് കേന്ദ്രസർക്കാർ കോവിഡ് കാലത്ത് കൊണ്ടുവന്ന നിരക്ക് നിയന്ത്രണ പരിധി വീണ്ടും നടപ്പിലാക്കണമെന്ന് എം.പി പ്രധാനമന്ത്രിക്കും, കേന്ദ്ര വ്യോമയാന മന്ത്രിക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടു.

Related posts

Leave a Comment