നെടുമ്പാശേരി വിമാനത്താവളത്തിലെ ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്ക്കണം; കേരളത്തോട് കേന്ദ്രം

നെടുമ്പാശേരി വിമാനത്താവളത്തിലെ ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്ക്കുന്നതിന് നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൻറെ നിർദേശം. കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി.ഇക്കഴിഞ്ഞ നവംബറിൽ നെടുമ്പാശേരി എയർപോർട്ടിൽ നിന്നും ഷാർജയിലേക്ക് പോകുന്നതിനായി ഷാജി കോടങ്കടത്ത് നടത്തിയ ആർടിപിസിആർ ടെസ്റ്റിന് അമിത തുക ഈടാക്കിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ടെസ്റ്റിന് ഈടാക്കുന്ന തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. വിമാനത്താവളത്തിലെ ആർടിപിസിആർ നിരക്കിൽ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. അതിനാൽ വിഷയത്തിൽ അടിയന്തിര തീരുമാനം എടുക്കാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കത്ത് അയക്കുകയായിരുന്നു. ഇതേത്തുടർന്ന് അനന്തര നടപടികൾക്കായി ജോയിൻറ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും പരാതി നൽകിയ ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.
നെടുമ്പാശേരി എയർപോർട്ടിൽ റാപ്പിഡ് ആർടിപിസിആർ ടെസ്റ്റിന് 2490 രൂപയാണ് ഈടാക്കിവരുന്നത്. എന്നാൽ ഇതേ ടെസ്റ്റിന് കോഴിക്കോട് എയർപോർട്ടിൽ 1380രൂപ മാത്രമാണ് ഈടാക്കുന്നത്. നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് ഒരാഴ്ച 14,000 ത്തോളം യാത്രക്കാർ യാത്ര ചെയ്യുന്നുണ്ട്. എയർപോർട്ടിൽ റാപ്പിഡ് ആർടിപിസിആർ പരിശോധനയുടെ പേരിൽ കോടികളാണ് പിരിച്ചെടുക്കുന്നതെന്നും ഷാജി കോടങ്കണ്ടത്ത് ആരോപിച്ചു.

Related posts

Leave a Comment