കണ്ണൂരിൽ നടപ്പാക്കുന്നത് ചുവപ്പിൽ പൊതിഞ്ഞ കാവിവത്കരണ അജണ്ട : കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം : സഖാക്കളിലെ സവർക്കർ ഭക്തന്മാരുടെ ചുവപ്പിൽ പൊതിഞ്ഞ കാവിവൽക്കരണ അജണ്ടയാണ് കണ്ണൂർ സർവകലാശാല സിലബസിൽ തീവ്രഹിന്ദുത്വ പാഠ്യപദ്ധതി നടപ്പാക്കാൻ ശ്രമിച്ചതിലൂടെ വെളിവായതെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. ബംഗാളിലും ത്രിപുരയിലും സംഭവിച്ചപോലെ സിപിഎം-സംഘ്പരിവാർ ദ്വന്ദങ്ങളിലെ ആശയപരവും രാഷ്‌ടീയപരവുമായ രഹസ്യ ബാന്ധവം കേരളത്തിലും ശക്തമാണ്. ഒന്ന് ഇരുട്ടി വെളുക്കുമ്പോൾ ബിജെപി മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുന്നത് പോലെയുള്ള  അദ്‌ഭുതങ്ങൾ കേരളത്തിലും സംഭവിച്ചാൽ അമ്പരക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ സർവകലാശാല എന്നാൽ കേരളത്തിലെ ഇടതുകോട്ടയുടെ “സൈദ്ധാന്തിക പോളിറ്റ് ബ്യുറോ” എന്നാണറിയപ്പെടുന്നത്. പക്ഷെ അവിടെത്തന്നെ  രാഷ്ട്ര ഓര്‍ നാഷന്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന വിഭാഗത്തില്‍ പതിനൊന്നു പുസ്തകങ്ങളാണ് വിദ്യാർത്ഥികൾക്ക് പഠിക്കാനായി നിർേദശിച്ചത് എന്നത് സർവകലാശാല അധികൃതർ , സെനറ്റ് , സിൻഡിക്കറ്റ് അംഗങ്ങൾ അറിഞ്ഞില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. ഹിന്ദുത്വ ദേശീയവാദികളിൽ പ്രധാനികളായ സവര്‍ക്കര്‍, ഗൊള്‍വാള്‍ക്കര്‍, ദീനദയാല്‍ ഉപാധ്യായ തുടങ്ങിയവരുടെയെല്ലാം പുസ്തകങ്ങൾ വിദ്യാർത്ഥികൾ വായിക്കണം എന്ന ശാഠ്യം  പഠനമല്ല മറിച്ച് സംഘ്പരിവാറിന്റെ ഇടുങ്ങിയ പിന്തിരിപ്പൻ ചിന്താഗതികൾക്ക് വിദ്യാർത്ഥികളുടെയിടയിൽ പ്രചാരണം ഉറപ്പിക്കുകയും അതുവഴി കേരളത്തിന്റെ ഭാവിതലമുറയുടെ ചിന്തകളിലേക്ക് സംഘപരിവാർ ഹിന്ദുത്വയുടെ ഇരുണ്ട പാഠങ്ങൾ ഊട്ടിയുറപ്പിക്കുകയും ചെയ്യുകയെന്ന ഗീബൽസിയൻ അജണ്ടയുടെ പ്രായോഗിക പരീക്ഷണമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ സർവകലാശാല സിലബസിലെ സംഘിവൽക്കരണത്തെ ന്യായീകരിച്ചതുവഴി തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വത്തെപ്പോലും വിസ്മരിക്കുകയാണ്. കേവലം സംഘ്പരിവാർ വക്താവായി അദ്ദേഹം മാറുകയും ചെയ്തു. ഗവർണറുടെ ഈ നിലപാടിനെ അനുകൂലിച്ചു മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ഫാസിസത്തിന്  കുടപിടിക്കുന്നതാണെന്നും കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി.

Related posts

Leave a Comment