പമ്പ കക്കി അണക്കെട്ടും തുറന്നേക്കും, വൃഷ്ടി പ്രദേശത്ത് കനത്ത മഴ

പത്തനംതിട്ട: കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസർവോയറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയുടെ ഫലമായി റിസർവോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായി. റിസർവോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേർന്നു കൊണ്ടിരിക്കുകയാണ്. പരമാവധി ശേഷി 981.46 മീറ്ററാൺെങ്കിലും നിലവില് സംഭരിക്കാൻ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് 979.84 മീറ്റർ ആണ്.

യഥാക്രമം 977.84 മീറ്റർ, 978.84 മീറ്റർ, 979.34 മീറ്റർ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ് നീല, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കുന്നത്. ഇത്തരത്തിൽ ജലനിരപ്പ് ചേർന്നതിനാൽ ഈ മാസം 18 ന് രാവിലെ 11 മണി മുതൽ ഡാമിന്റെ 2 ഷട്ടറുകൾ ഉയർത്തി. പിന്നീട് ജല നിരപ്പ് കുറഞ്ഞതിനാൽ 27 ന് ഷട്ടറുകൾ അടച്ചു. 979.84 അടിയിലേക്ക് ഉയർന്നാൽ വീണ്ടും ഷട്ടറുകൾ തുറക്കും. കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു. ആവശ്യമെങ്കിൽ റിസർവോയറിൽ നിന്നും നിയന്ത്രിത അളവിൽ ജലം തുറന്നു വിടും.

Related posts

Leave a Comment