വീണ്ടും ന്യൂനമർദം, മഴ ശക്തം, ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.
11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.
ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ 2398.32 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. റൂൾ കർവ് പ്രകാരം ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. ‌ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്നുണ്ട്. ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയരുകയാണ്. ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കളക്ടർ ജാഗ്രത നിർദ്ദേശം നൽകി.

Related posts

Leave a Comment