നിയമസഭ സമ്മേളനം മാർച്ച് 18ന് അവസാനിപ്പിക്കാൻ ശുപാർശ

തിരുവനന്തപുരം : നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി മാർച്ച് 18ന് അവസാനിപ്പിക്കാൻ ശുപാർശചെയ്തുള്ള കാര്യോപദേശക സമിതിയുടെ അഞ്ചാമത് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സമർപ്പിച്ചു. നേരത്തെ മാർച്ച് 23ന് അവസാനിക്കുന്ന തരത്തിലാണ് സഭസമ്മേളനം തീരുമാനിച്ചിരുന്നത്. ബജറ്റ് അവതരണത്തിനായി ചേർന്ന പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം രണ്ടുഘട്ടമായാണ് നടക്കുക. 25 മുതൽ മാർച്ച് 10വരെ സഭ ചേരില്ല. ബജറ്റ് 11 ന് അവതരിപ്പിച്ച് 14 മുതൽ 18 വരെ മാത്രമാകും സഭ സമ്മേളിക്കുക. 18ന് അനൗദ്യോഗികാഗങ്ങളുടെ കാര്യത്തിനായുള്ള സമയം ധനകാര്യത്തിനും നിയമനിർമ്മാണത്തിനുമായി മാറ്റിവെയ്ക്കണമെന്നും ശുപാർശയിലുണ്ട്. 12.30ന് സഭ പിരിഞ്ഞശേഷം രണ്ടിന് അരാഹ്നസമ്മേളനം ചേർന്ന് രാത്രിയോടെ സഭാനടപടികൾ അവസാനിക്കും.
സ്പീക്കർ എം ബി രാജേഷ് എക്സ്-ഒഫിഷ്യോ ചെയർമാനും പിണറായി വിജയൻ, വി ഡി സതീശൻ, ഇ ചന്ദ്രശേഖരൻ, റോഷി അഗസ്റ്റിൻ, കെ രാധാകൃഷ്ണൻ, മാത്യൂ ടി തോമസ്, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് എന്നിർ അംഗങ്ങളായും നിയമസഭ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണൻ നായർ ഉൾപ്പെടുന്നതുമാണ് കാര്യോപദേശക സമിതിയുടെ ഘടന.

Related posts

Leave a Comment