ഗുണ്ടകള്‍ വാഴുന്നു , പൊലീസ് നോക്കുകുത്തി ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം


രാഷ്ട്രീയ കൊലപാതകങ്ങളുടെ ചോരക്കളം വറ്റാത്ത കേരളം ഗുണ്ടാവാഴ്ചയുടെ കുരുതിക്കളമായി മാറുകയാണോ? ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് നൂറിനടുത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറിയ കേരളത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ അതിക്രമങ്ങളും ഗുണ്ടാസംഘങ്ങളുടെ കുടിപ്പകകളും കൊണ്ട് ഭീതിജനകമായ അവസ്ഥകള്‍ ഏറെ നിലനില്‍ക്കുന്നത് തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ്. സംസ്ഥാന ഭരണത്തിന്റെയും പൊലീസ് വകുപ്പിന്റെയും ആസ്ഥാന ജില്ലയിലെ അക്രമികളുടെ അഴിഞ്ഞാട്ടം പൊലീസിനെ നാണംകെടുത്തുകയാണ്. ചെറുതും വലുതുമായ നൂറിലേറെ ഗുണ്ടാസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്ത് അക്രമിസംഘത്തിന് ഭരണകക്ഷിയായ സി പി എമ്മിന്റെയും ഒരുവിഭാഗം പൊലീസിന്റെയും സഹായങ്ങളും സംരക്ഷണവും ലഭിക്കുന്നതുകൊണ്ടാണ് അക്രമങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുന്നത്. ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ പൊലീസ് ശ്രമിച്ചാല്‍ ഒന്നുകില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം അല്ലെങ്കില്‍ പ്രത്യാക്രമണം പൊലീസിനുനേരെ ഉയരും. വാഴ മുള്ളിന്മേല്‍ വീണാലും മുള്ള് വാഴമേല്‍ വീണാലും പരിക്ക് വാഴക്കുതന്നെയെന്ന അവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്.
കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ഒരുഡസന്‍ ഗുണ്ടാ ആക്രമണങ്ങളും രണ്ട് ഗുണ്ടാ കൊലപാതകങ്ങളുമാണ് തലസ്ഥാന നഗരിയില്‍ നടന്നത്. സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകകളുടെ ഫലമായുണ്ടാകുന്ന അക്രമങ്ങള്‍ക്ക് ഒരു സംഘവും പൊലീസില്‍ പരാതിപ്പെടാറില്ല. വാളുകൊണ്ടും കത്തികൊണ്ടും ബോംബുകൊണ്ടും സംഘങ്ങള്‍ തമ്മില്‍ തന്നെ കുത്തിയും വെട്ടിയും പകരം ചോദിക്കുകയും പക തീര്‍ക്കുകയും ചെയ്യുന്ന രീതിയാണ് ഇവരുടേത്. സ്വര്‍ണക്കടത്തിലും മയക്കുമരുന്ന് കടത്തിലും ഭൂമാഫിയകളുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പല അക്രമങ്ങളും പ്രത്യാക്രമണങ്ങളും നടക്കുന്നത്. ഗുണ്ടകള്‍ക്ക് പൊലീസിനെയോ നിയമത്തെയോ പേടിയില്ല. എതിര്‍സംഘങ്ങളെയാണ് പേടി. അതുകൊണ്ട് നീണ്ടുപോകുന്ന കേസുകള്‍ക്ക് പിന്നാലെ പോകാതെ ചോരക്ക് പകരം ചോര ജീവന് പകരം ജീവന്‍ എന്ന കാട്ടുനീതിയാണ് ഇവര്‍ നടപ്പാക്കുന്നത്. സംഘത്തലവന്‍ ഉത്തരവിട്ടാല്‍ എത്ര അടുത്ത സൗഹാര്‍ദ്ദവും കുടുംബബന്ധങ്ങളുമാണെങ്കിലും എതിരാളിയുടെ കഥ കഴിക്കാന്‍ ഇവര്‍ക്ക് ഒട്ടുംമടിയില്ല. ഏറ്റവും കൂടിയ ശിക്ഷ മരണംതന്നെ. കൈകാലുകള്‍ വെട്ടിയെടുക്കലാണ് അടുത്ത ശിക്ഷ. ക്വട്ടേഷന്‍ നടപ്പാക്കുന്നതില്‍ സംഘാംഗങ്ങളോ തലവന്മാരോ നടത്തുന്ന ചതികളാണ് പകരം ചോദിക്കലിന് കാരണമാകുന്നത്. പണം ലഭിച്ചാല്‍ പുരുഷന്മാരെ മാത്രമല്ല സ്ത്രീകളെയും കുട്ടികളെയും ഇവര്‍ ആക്രമിക്കും. പൊലീസ് ഗൗരവമായി കേസെടുക്കാത്തതാണ് ഗുണ്ടാ ആക്രമണങ്ങള്‍ വ്യാപിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അക്രമത്തിന്റെ സമയവും സ്ഥലവും ഇരയെപ്പറ്റിയും അറിവുണ്ടായിട്ടും പൊലീസ് നടപടിയെടുക്കാത്തത് ഇരുപക്ഷത്തിനും സംരക്ഷണമാകുന്നു.
കല്ലൂരില്‍ സുധീഷ് എന്ന ഗുണ്ടാസംഘത്തലവന്‍ കൊല്ലപ്പെട്ടതാണ് ഈ പരമ്പരയിലെ ഒടുവിലത്തെ ഗുണ്ടാവധം. കഴിഞ്ഞ പതിനൊന്നിന് സുധീഷിനെതേടി മറുസംഘം വീട്ടിലെത്തി. അയല്‍വീട്ടിലൊളിച്ച ഇയാളെ തേടിപ്പിടിച്ച് കാല് വെട്ടിമാറ്റിക്കൊണ്ടായിരുന്നു പകരം വീട്ടിയത്. ചോരവാര്‍ന്ന് മരണപ്പെട്ടു എന്നുറപ്പായതിനുശേഷമായിരുന്നു സംഘം സ്ഥലംവിട്ടത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആറ്റിങ്ങലില്‍ നടന്ന വധോദ്യമ കേസിലെ പ്രതിയായിരുന്നു സുധീഷ്. അങ്ങിനെ വധശ്രമത്തെ വധംകൊണ്ടായിരുന്നു ഗുണ്ടാസംഘം പകപോക്കിയത്. തിരുവനന്തപുരം ജില്ലയില്‍തന്നെ മംഗലപുരത്ത് യുവാവിനെ വെട്ടിയ കേസില്‍ പ്രതിക്ക് അനുകൂലമായാണ് പൊലീസ് നടപടി ഉണ്ടായത്. പകരംവീട്ടാന്‍ ഗുണ്ടാസംഘം പ്രതിയെ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. ഉള്ളൂരില്‍ കോഴിക്കച്ചവടം നടത്തുന്ന സ്ത്രീയുടെ കട കൊള്ളയടിച്ചത് നവംബര്‍ 16നായിരുന്നു. തുമ്പയില്‍ വീടിനുനേരെ നടന്ന അക്രമം, കണിയാര്‍പുരത്ത് യുവാവിനുനേരെ നടന്ന ക്രൂരമായ മര്‍ദ്ദനം, കണിയാപുരത്തെ അക്രമത്തിലെ പ്രതിക്ക് നേരെ നടന്ന മറു ആക്രമണം, മംഗലപുരത്ത് ബിരുദ വിദ്യാര്‍ത്ഥിയെ തടികൊണ്ട് മര്‍ദ്ദിച്ച സംഭവം, ആറ്റിങ്ങല്‍ മങ്കാട്ട് മൂലയില്‍ നടന്ന ആക്രമണം, പുത്തന്‍തോപ്പിലെ ഗുണ്ടാപ്പിരിവിനെ ചൊല്ലിയുണ്ടായ ആക്രമണം, ബാലരാമപുരത്തെ ജ്വല്ലറി ആക്രമണം, നെയ്യാറ്റിന്‍കര ആലംമൂട്ടില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ നടന്ന ആക്രമണം എല്ലാം കവര്‍ച്ചക്ക് വേണ്ടിയുള്ളതായിരുന്നു.
സംസ്ഥാനത്ത് ക്രമസമാധാനനില ഇത്രയേറെ വഷളായ ഒരുകാലവും ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. അക്രമികള്‍ തെരുവുകളില്‍ മാത്രമല്ല, വീടുകളിലും ഇരച്ചുകയറി കൊള്ളയും കൊലയും നടത്തുകയാണ്. ലക്ഷ്യമിട്ട ഇരകളെ ലഭിച്ചില്ലെങ്കില്‍ പകരം കിട്ടിയവരെ ആക്രമിച്ചുകൊണ്ട് പകപോക്കുകയാണ്. മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും യോഗം വിളിച്ച് പൊലീസിന് ഉത്‌ബോധനം നല്‍കിയിട്ടും അക്രമം കുറയുകയല്ല, കൂടിവരികയാണ്. പൊലീസ് ഏത്, ഗുണ്ടകള്‍ ഏത് എന്ന് തിരിച്ചറിയാനാവാത്ത തരത്തില്‍ സംസ്ഥാന പൊലീസ് സേന ഗുണ്ടാവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. സി പി എം പ്രാദേശിക നേതൃത്വം ഗുണ്ടകള്‍ക്ക് പരിരക്ഷ നല്‍കുമ്പോള്‍ പൊലീസിന് നോക്കുകുത്തിയായി നില്‍ക്കുകയേ നിര്‍വാഹമുള്ളൂ.

Related posts

Leave a Comment