ഇനിയൊരു ജന്മംകൂടി കൊതിക്കുന്ന പി ടി ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

വളയാത്ത നട്ടെല്ലും കുനിയാത്ത ശിരസ്സുമായിരുന്നു പി ടി തോമസിന്റെ വ്യക്തിത്വത്തിന്റെ കാതലും കരുത്തും. പി ടി എന്ന രണ്ടക്ഷരം കോണ്‍ഗ്രസിന്റെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ഊര്‍ജ്ജദായകമായ പേരായിരുന്നു. സ്‌നേഹബന്ധങ്ങളിലെ ഊഷ്മളതയും നിലപാടുകളിലെ കാര്‍ക്കശ്യവും രാഷ്ട്രീയത്തിലെ പൊതുധാര വിട്ട് പുതുപാതയിലൂടെയായിരുന്നു പി ടി തോമസിന്റെ സഞ്ചാരം. എടുക്കുന്ന നിലപാടുകളിലെ സത്യസന്ധതയായിരുന്നു പി ടിയെ വ്യതിരക്തനാക്കിയിരുന്നത്. ജനമനസ്സുകളില്‍ പി ടി ആര്‍ജ്ജിച്ച ആരാധനയും ആദരവും അനുപമമാണ്. ഇടുക്കിയിലെ ഏറ്റവും പിന്നാക്ക മലയോര പ്രദേശത്തിന്റെ പരുക്കനും കഠിനവുമായ മുഖം കണ്ടുവളര്‍ന്ന പി ടിയുടെ സ്വഭാവത്തിലും ഈ കാഠിന്യവും പരുപരുപ്പും കാണാമായിരുന്നു. എന്നാല്‍ അദ്ദേഹവുമായി കൂടുതല്‍ അടുത്താല്‍ മാത്രമേ സ്‌നേഹത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കുകയുള്ളൂ. രാഷ്ട്രീയം നിലപാടില്ലായ്മയുടെ ആഘോഷമായി തീരുമ്പോള്‍ മണ്ണില്‍ കാലൂന്നി നിലപാടുകളെ ശക്തമാക്കി പി ടി എല്ലാ തലമുറകള്‍ക്കും സ്വീകാര്യനായി തീര്‍ന്നു. വിവിധ തലമുറകളെയും അവരുടെ കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്നതിലും കൈപിടിച്ചുയര്‍ത്തുന്നതിലും പി ടി സ്വീകരിച്ച ശൈലി മാതൃകാപരമായിരുന്നു.

രക്തബന്ധത്തേക്കാള്‍ കട്ടികൂടിയ സ്‌നേഹമുഖമായിരുന്നു പി ടിയുടേത്. എഴുത്തും വായനയും വഴി ആര്‍ജ്ജിച്ച അറിവിന്റെ ലോകം പി ടി സഹപ്രവര്‍ത്തകര്‍ക്കും സമകാലികര്‍ക്കും പങ്കുവെച്ചു. ജീവിതത്തിന്റെ പല വളവിലും തിരിവിലും കാലിടറിപ്പോകുന്ന സഹപ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമേകുന്നതില്‍ പി ടി അതീവ ശ്രദ്ധാലുവായിരുന്നു. അസാധാരണമായ നിരവധി നേതൃപാടവങ്ങള്‍ക്ക് ഉടമയായിരുന്നു പി ടി. മികച്ച സംഘാടകനും പ്രഗത്ഭനായ പ്രഭാഷകനും ജനകീയ പ്രശ്‌നങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സമരനായകനുമായിരുന്നു പി ടി തോമസ്. തെറ്റുകള്‍ക്ക് നേരെ വിരല്‍ചൂണ്ടാനുള്ള ആര്‍ജ്ജവമായിരുന്നു പി ടിയുടെ സ്വഭാവത്തിന്റെ മറ്റൊരു സവിശേഷത. വിവിധ വിഷയങ്ങളില്‍ ലാഭചേതങ്ങള്‍ നോക്കാതെ നിലപാട് സ്വീകരിക്കാറുള്ള പി ടിക്ക് 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം നഷ്ടമായത് പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പിനുവേണ്ടി പൊരുതിയതിന്റെ പേരിലായിരുന്നു. വാക്ധീരതയായിരുന്നു പി ടി തോമസിന്റെ വാളും കവചവും. നിയമസഭയിലും പൊതുവേദികളിലും നിശിതമായ വിമര്‍ശനങ്ങളുയര്‍ത്തുന്നതില്‍ പി ടി ഒരിക്കലും പിശുക്ക് കാണിച്ചിട്ടില്ല. പാര്‍ട്ടിക്കകത്തെ അരുതായ്മകള്‍ക്കെതിരെയും കണിശമായ നിലപാടുകള്‍ അദ്ദേഹം സ്വീകരിച്ചിരുന്നു. കെ എസ് യുവിലെയും യൂത്ത് കോണ്‍ഗ്രസിലെയും തലമുറകള്‍ക്ക് ജ്ഞാനസ്‌നാനം നടത്തിയ പി ടി അവര്‍ക്കൊക്കെ ഗുരുസ്ഥാനീയനായിരുന്നു. തെറ്റുകളെ വിചാരണ ചെയ്യുന്നതിലും ശരികളെ ശ്ലാഘിക്കുന്നതിലും ഒരിക്കലും പി ടി വൈമനസ്യം പ്രകടിപ്പിച്ചിട്ടില്ല. ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങളെ അനുകൂലിച്ചതിന്റെ പേരില്‍ ജീവിച്ചിരിക്കെ പ്രതിയോഗികള്‍ അദ്ദേഹത്തിന്റെ ശവഘോഷയാത്ര നടത്തിയപ്പോഴും രൂക്ഷമായി വിമര്‍ശിക്കപ്പെട്ടപ്പോഴും പി ടി അതിനെ തമാശയായി തള്ളിക്കളയുകയായിരുന്നു.

അന്ധമായ മത മമതയോ മതവിദ്വേഷമോ പുലര്‍ത്താത്ത നൂറുശതമാനം മതേതരവാദിയായ നേതാവായിരുന്നു അദ്ദേഹം. കേരളത്തില്‍ മാത്രമല്ല ഗള്‍ഫ് നാടുകളിലും യൂറോപ്പിലും മലയാളികള്‍ ഉള്ളിടത്തെല്ലാം രൂപീകരിക്കപ്പെട്ട കൂട്ടായ്മകളില്‍ പി ടി ഓര്‍മ്മിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തിരുന്നു. ദീര്‍ഘമായ യാത്രകളും അത് സൃഷ്ടിക്കുന്ന ആലസ്യങ്ങളില്‍പോലും ഉണര്‍ന്നിരുന്ന് എഴുത്തും വായനയും നിര്‍വഹിക്കുകയെന്നത് പി ടിയുടെ ശീലമായിരുന്നു. സ്‌നേഹിച്ചും സ്‌നേഹിക്കപ്പെട്ടും കൊതിതീരാത്ത പി ടിയുടെ ഹൃദയഹാരിയായ ഗാനമായിരുന്ന വയലാറിന്റെ വരികള്‍ അന്ത്യയാത്രയിലും പാടികേള്‍ക്കാനും ഈ മനോഹരതീരത്ത് ഇനിയൊരു ജന്മംകൂടി ജീവിക്കാനും പ്രകൃതിസ്‌നേഹിയും മനുഷ്യസ്‌നേഹിയുമായ പി ടി കൊതിച്ചിരുന്നു.

Related posts

Leave a Comment