സ്റ്റാലിനിസം പിടിമുറുക്കുന്ന സി പി എം ; വീക്ഷണം എഡിറ്റോറിയൽ വായിക്കാം


സി പി എം ഏകശിലാ പാര്‍ട്ടിയാണെന്നും ആ പാര്‍ട്ടിയെ തകര്‍ക്കാന്‍ പാര്‍ട്ടിക്കകത്തോ പുറത്തോ ഉള്ള ശക്തികള്‍ക്ക് സാധ്യമല്ലെന്ന് സി പി എം ഊറ്റംകൊള്ളാറുണ്ട്. എന്നാല്‍ കടുത്ത ഇരുമ്പുമറയ്ക്കുള്ളില്‍ ഗ്രൂപ്പിസവും വര്‍ഗീയതയും മുതലാളിത്ത ജീര്‍ണതയും വളരുകയാണെന്നാണ് കൂട്ടമായുള്ള ശിക്ഷാവിധികള്‍ വ്യക്തമാക്കുന്നത്. അച്ചടക്കത്തിന്റെ വടിവാളുകളേറ്റ് നിരവധി നേതാക്കളും പ്രവര്‍ത്തകരും പിടയുകയാണ്. പുന്നപ്ര-വയലാറിന്റെ നാട്ടില്‍ സി പി എം എന്നും വിഭാഗീയതക്ക് വളക്കൂറുള്ള മണ്ണാണ്. അച്യുതാനന്ദനെ മാരാരിക്കുളത്ത് തോല്‍പ്പിച്ചതും കെ ആര്‍ ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും ആലപ്പുഴയിലെ പാര്‍ട്ടി ചരിത്രത്തിലെ കടുത്ത നടപടികളായിരുന്നു. ഇപ്പോള്‍ വലയില്‍ വീണത് മുന്‍മന്ത്രി ജി സുധാകരനാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പല മണ്ഡലങ്ങളിലും സുധാകരന് വീഴ്ച പറ്റിയതായാണ് പാര്‍ട്ടി നിയമിച്ച അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കുന്നത്. ഇതിന്റെ പേരിലാണ് സുധാകരനെ പരസ്യമായി ശാസിക്കുന്നത്. ഇരുപത്തിരണ്ടോളം കുറ്റങ്ങളാണ് സുധാകരന്റെ പേരില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ജില്ലയില്‍ ഡോ. തോമസ് ഐസക്കുമായി കൊമ്പുകോര്‍ത്ത് നില്‍ക്കുന്ന സുധാകരന്‍ ഒരു വട്ടംകൂടി തെരഞ്ഞെടുപ്പിന് ഒരുങ്ങിയതായിരുന്നു. പക്ഷെ സംസ്ഥാന നേതൃത്വം സീറ്റ് നിഷേധിക്കുകയും അമ്പലപ്പുഴയില്‍ സുധാകരന് പകരം എച്ച് സലാമിനെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തത് സുധാകരനെ താഴ്ത്തിക്കെട്ടാനായിരുന്നു. ജില്ലയിലെ പല നേതാക്കളുമായി അദ്ദേഹം നല്ല ബന്ധത്തിലല്ല. അരനൂറ്റാണ്ട് കാലത്തെ പാര്‍ട്ടി ബന്ധമാണ് സുധാകരനുള്ളത്. അച്ചടക്കരാഹിത്യത്തിന് സുധാകരന്‍ ശിക്ഷിക്കപ്പെടുന്നത് ഇത് രണ്ടാംതവണയാണ്. നേരത്തെ വി എസ് അച്യുതാനന്ദന്‍ ഗ്രൂപ്പുകാരനായിരുന്നു. പിന്നീട് മറുകണ്ടം ചാടി പിണറായി വിജയന്റെ പ്രിയങ്കരനായി. അച്ചടക്ക ലംഘനമല്ല, തെരഞ്ഞെടുപ്പില്‍ പൊതുമരാമത്ത് കരാറുകാരില്‍ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ട് പിരിച്ചെടുക്കുന്നതില്‍ സുധാകരന്‍ ശുഷ്‌കാന്തി കാണിച്ചില്ലെന്നതാണ് സുധാകരന് നേരെ നടപടിക്ക് കാരണമായത്. പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ എസ് ഡി പി ഐക്കാരനെന്ന് ആരോപിച്ചെന്നതും സുധാകരന്‍ ചെയ്ത കുറ്റങ്ങളില്‍ ചിലതാണ്. സ്ഥാനാര്‍ത്ഥി അല്ലാതിരുന്നിട്ടും തന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തി കാണിക്കാന്‍ ചിത്രത്തോടുകൂടിയ പോസ്റ്ററുകള്‍ മണ്ഡലത്തിലുടനീളം പ്രചരിപ്പിച്ചതും പാര്‍ട്ടിയെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. 2016-ല്‍ ജി സുധാകരന്‍ അമ്പലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ 22,621 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍ എച്ച് സലാം മത്സരിച്ച ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 11,125 വോട്ടുകളായി കുറഞ്ഞു. ഇതിന് ഉത്തരവാദി സുധാകരനാണെന്നായിരുന്നു അന്വേഷണ കമ്മീഷന്റെ നിഗമനം. ഏഴുതവണ നിയമസഭയിലേക്ക് മത്സരിക്കുകയും രണ്ടുതവണ മന്ത്രിയാവുകയും ചെയ്ത സുധാകരന് ഒരുവട്ടം കൂടി മത്സരിച്ച് മന്ത്രിയാകാനുള്ള കൊതിയുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എം വിജയിച്ചുവെങ്കിലും പാര്‍ട്ടി അച്ചടക്കത്തിന്റെ കെട്ട് പൊട്ടുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം കാണുന്നത്.
കുറ്റ്യാടിയിലും പൊന്നാനിയിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് തെരുവില്‍ പ്രകടനം നടത്തി. എറണാകുളം, കൊല്ലം, അരുവിക്കര, പെരിന്തല്‍മണ്ണ, കല്‍പ്പറ്റ എന്നിവിടങ്ങളിലും വിമത പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നു. എതിരാളികള്‍ക്കെതിരെ ഏറ്റവും നിന്ദ്യമായ ഭാഷയില്‍ സംസാരിക്കാറുള്ള സുധാകരന്റെ നാവ് പലപ്പോഴും വിഷം ചീറ്റാറുണ്ട്. സുധാകരനെതിരെയുള്ള നടപടി സി പി എമ്മിന്റെ ആഭ്യന്തര കാര്യമാണെങ്കിലും ഇതിലടങ്ങിയിരിക്കുന്ന സ്വേച്ഛാധിപത്യ പ്രവണത ആരെയും അലോസരപ്പെടുത്തുന്നതാണ്. ഭരണത്തെയും പാര്‍ട്ടിയെയും ഉള്ളംകൈയിലിട്ട് അമ്മാനമാടിയ സ്റ്റാലിനും മറ്റും സൃഷ്ടിച്ച ഏകാധിപത്യത്തിന്റെ നടത്തിപ്പുകാരനാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.

Related posts

Leave a Comment