ചൈനാ-റഷ്യ അച്ചുതണ്ട്: പുതിയ സംഘർഷങ്ങളുടെ കേളികൊട്ട്; ലേഖനം വായിക്കാം

ഗോപിനാഥ് മഠത്തിൽ

അകലത്തെ ഇടിമുഴക്കങ്ങൾക്ക് ആശങ്കയുടെ ആവരണം അണിയേണ്ടതില്ലെങ്കിലും അത് നാളെ അരികത്തെ ആപത്തിന്റെ സൂചനയാകുമ്പോൾ അല്പം കരുതൽ നല്ലതാണ്. യുക്രെയിനെ കുറിച്ചാണ് പറയുന്നത്. ഒരുകാലത്ത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നെങ്കിലും ഇപ്പോൾ ആ ചെറിയ രാജ്യം ഗോർബച്ചോവിയൻ നിർബന്ധത്തിന്റെയും പരിഷ്‌ക്കാരങ്ങളുടെയും ഭാഗമായി സ്വതന്ത്രമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ പാകമായിരിക്കുന്നു. അവിടുത്തെ ജനതയ്ക്ക് കൂടുതൽ ഇഷ്ടം പഴയ റഷ്യൻ അവശിഷ്ട സംസ്‌കാരങ്ങളെ ഉപേക്ഷിച്ച് കൂടുതൽ സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ യൂറോപ്യൻ ശൈലി സ്വീകരിക്കണമെന്നാണ്. പക്ഷേ, റഷ്യ പണ്ടത്തെ അടിച്ചമർത്തൽ നയം പിന്തുടർന്നുകൊണ്ട് യുക്രെയിനെ വരുതിയിലാക്കാൻ ശ്രമിക്കുന്നു. കമ്മ്യൂണിസത്തെ കുടഞ്ഞെറിഞ്ഞുകൊണ്ട് ആ രാജ്യം മറ്റൊരു നയവും വ്യക്തിത്വവും എടുത്തണിഞ്ഞെങ്കിലും ആ കാർക്കശ്യത ഇനിയും ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല എന്നതിന്റെ തെളിവാണ് യുക്രെയിന് നേർക്കുള്ള അധിനിവേശ ശ്രമങ്ങൾ. പാശ്ചാത്യജീവിതസംസ്‌കാരം യുക്രെയിൻ സ്വീകരിക്കുന്നത് റഷ്യയ്ക്ക് ഒരു അഭിമാനപ്രശ്‌നമായിരിക്കുന്നു. ഒരുകാലത്ത് റഷ്യയുടെ താളത്തിനൊത്ത് തുള്ളിയിരുന്ന യുക്രെയിൻ പാശ്ചാത്യശക്തികളുടെ പിടിയിലമർന്ന് പഴയ മാതൃരാജ്യത്തിന് നേരെ ഭീഷണി ഉയർത്തുന്നത് എങ്ങനെ നിശബ്ദമായി സഹിക്കും. ആ അസഹിഷ്ണുതയുടെ ഫലമായാണ് റഷ്യ ഒരുലക്ഷം സൈനികരെ യുക്രെയിൻ അതിർത്തിയിലേയ്ക്ക് വിന്യസിച്ചിരിക്കുന്നത്.
ഇവ്വിധത്തിലുള്ള ഒരു ചടുലനീക്കത്തിന് റഷ്യ പ്രേരിപ്പിച്ചിരിക്കുന്നതിന് പിന്നിൽ ചൈനയുടെ മൗനാനുവാദവും നിശബ്ദ സഹായസഹകരണം ഉണ്ടെന്നത് ശ്രദ്ധേയം. ചില വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇരുരാജ്യങ്ങളുടെയും ഭരണാധികാരികൾ അടുത്തകാലത്ത് ബെയിജിംഗിൽ കണ്ടുമുട്ടിയതിന് ഇത്തരമൊരു പശ്ചാത്തലം കൂടിയുണ്ട്. പുതുതായി രൂപംകൊണ്ടിരിക്കുന്ന റഷ്യ-ചൈന അച്ചുതണ്ട് ഏഷ്യൻ ഭൂഖണ്ഡത്തിൽ സമീപകാലത്ത് നടപ്പിലാക്കാൻ ഇരിക്കുന്ന അസ്വസ്ഥതകളുടെ ആമുഖമാണ് യുക്രെയിൻ മേലുള്ള റഷ്യയുടെ കടന്നാക്രമണ ശ്രമം. ഈ അച്ചുതണ്ടിൽ പ്രത്യേകിച്ച് വ്യക്തിത്വ സവിശേഷത അവകാശപ്പെടാനില്ലെങ്കിലും പാകിസ്ഥാൻ കൂടി ഉൾപ്പെട്ടിരിക്കുന്നത് ഇന്ത്യയ്ക്ക് കൂടുതൽ ആപത്കരമാണ്. മാത്രമല്ല, ഇന്ത്യയ്ക്ക് സമീപകാലത്ത് കൂടുതൽ ശത്രുവായിരിക്കുന്ന രാജ്യം പാകിസ്ഥാനാണോ ചൈനയാണോ എന്ന് ചിന്തിക്കുമ്പോൾ ചൈന ആണെന്നതാണ് യാഥാർത്ഥ്യം. ഇന്ത്യൻ അതിർത്തികളിൽ ചൈന സൃഷ്ടിക്കുന്ന അതേ ശല്യം തന്നെയാണ് ആ രാജ്യത്തിന്റെ അയൽരാജ്യങ്ങളായ നേപ്പാളിനോടും ടിബറ്റിനോടും ഭൂട്ടാനോടും പിന്തുടർന്നുവരുന്നത്. അടുത്തിടെ നേപ്പാൾ പരാതിപ്പെട്ടത് ചൈന ആ രാജ്യത്തിന്റെ ഒരു ജില്ല തന്നെ അധീനപ്പെടുത്തിവച്ചിരിക്കുന്നു എന്നാണ്. ചൈന അയൽരാജ്യങ്ങളോട് തുടർന്നുവരുന്ന തന്ത്രപരമായ കീഴ്‌പ്പെടുത്തൽ നയത്തിന്റെ മറ്റൊരു പതിപ്പാണ് റഷ്യ യുക്രെയിനോട് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഒരേ മാനോവികാരമുള്ള രാജ്യങ്ങളുടെ ഹൃദയ ഐക്യം എന്നതിനെ വിശേഷിപ്പിക്കാം.
റഷ്യയും ചൈനയും പഴയ കമ്മ്യൂണിസ്റ്റു മാമൂലുകൾ പിന്തുടരുന്ന രാജ്യങ്ങളാണ്. ലെനിന്റെയും സ്റ്റാലിന്റെയും കമ്മ്യൂണിസ്റ്റ് റഷ്യ ചരിത്രത്തിലേക്ക് കാലഹരണപ്പെട്ടുപോയിരിക്കുന്നു. ലെനിന്റെ പ്രതിമകൾ നഗരനിരത്തുകളിൽ ക്രെയനിൽ തൂക്കി ഒടിച്ച ചിത്രങ്ങൾ ഓർമ്മകളിൽ നിന്ന് ഇനിയും മാഞ്ഞുപോയിട്ടില്ല. ചൈനയെ സംബന്ധിച്ചിടത്തോളം കമ്മ്യൂണിസം കാപ്പിറ്റലിസവുമായി സന്ധി ചെയ്ത് മൂന്നാമതൊരു നപുംസകകമ്മ്യൂണിസമായി പരിണമിച്ചിരിക്കുന്നു. കമ്മ്യൂണിസം ഉപേക്ഷിച്ച റഷ്യയും ജനിതകമാറ്റ കമ്മ്യൂണിസ്റ്റുഭരണം നടത്തുന്ന ചൈനയും ഒരേ അധിനിവേശ തന്ത്രങ്ങൾ സ്വീകരിക്കുമ്പോൾ അപകടപ്പെടുന്നത് ചെറിയ രാജ്യങ്ങളിലെ ശാശ്വത സമാധാനമാണ്. ഇവിടെ റഷ്യയ്ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ആ രാജ്യത്തിന്റെ പരോക്ഷമായ സ്വാർത്ഥ തന്ത്രം തന്നെയാണ്. ഇവിടെ അമേരിക്കയേയും ന്യായീകരിക്കേണ്ട കാര്യമില്ല. ന്യായീകരിക്കേണ്ടത് യുക്രെയിൻ ജനതയുടെ സ്വാതന്ത്ര്യമോഹത്തെയും അവകാശാധികാരത്തെയും മാത്രമാണ്. വെടിക്കോപ്പുകളും അത് ഉപയോഗിക്കുന്നതു സംബന്ധിച്ചുള്ള സാങ്കേതിക വൈദഗ്ധ്യവും സ്വന്തമായുള്ള വൻശക്തി രാജ്യങ്ങൾ എന്ന് അഭിമാനിക്കുന്നവർ സൈനിക ശക്തി തീരിയില്ലാത്ത ചെറിയ രാജ്യങ്ങളോട് പുലർത്തുന്ന അവജ്ഞയും അവഗണനയും കടന്നുകയറ്റവും രണ്ടുതരത്തിലും നീതികരിക്കാനാവാത്ത കാര്യമാണ്. യു.എന്നിന്റെ വേദികളിൽ ആ രാജ്യത്തിന്റെ ശബ്ദമാകാൻ പല രാജ്യങ്ങൾക്കും കഴിയുന്നില്ല എന്നതാണ് ഏറ്റവും ഖേദകരമായ കാര്യം. സ്വന്തം ഇഷ്ടങ്ങൾ താൽപ്പര്യപൂർവ്വം സാധിച്ചെടുക്കാനും മറ്റുരാജ്യങ്ങളുടെ ഇഷ്ടങ്ങൾക്ക് അമിതപ്രാധാന്യം കൊടുക്കാതിരിക്കാനും ഐക്യരാഷ്ട്ര സംഘടനയിൽ അംഗങ്ങളായ വൻശക്തിരാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെയും തായ്‌ലൻഡിന്റെയും ഹോംങ്കോംഗിന്റെയും കാര്യത്തിൽ ചൈന ഉൾപ്പെടെ പലരാജ്യങ്ങളും പലവട്ടം അതിന് ശ്രമച്ചിട്ടുള്ളതാണ്. ഇത്തരം രാജ്യങ്ങളുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾ യു.എൻ. വേദികളിൽ വിജയിച്ചാൽ ആ സംഘടനയുടെ ആത്മാവ് നഷ്ടപ്പെടാൻ തന്നെ അത് കാരണമാകും. ഇവിടെ ചൈന വെറുമൊരു ഉദാഹരണം മാത്രമാണ്. അതുപോലെ തന്നെയാണ് മറ്റ് പ്രധാന രാജ്യങ്ങൾ. ചെറിയ രാജ്യങ്ങളുടെ സ്വതന്ത്രമായ അവകാശങ്ങൾക്കുമേൽ സ്വേച്ഛാധികാര്യങ്ങൾ കൈക്കൊള്ളുന്നത് ഉറുമ്പിനും സിംഹത്തിനും അതിന്റെ ജീവൻ എത്ര പരമപ്രധാനമായിരിന്നോ അതുപോലെ തന്നെ ചെറിയ രാജ്യങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്കും സ്വതന്ത്രമായ ജീവിതതീരുമാനങ്ങൾക്കും പ്രാധാന്യം കൽപ്പിക്കാൻ യു.എന്നിന് കഴിയണം. അതിന് കഴിഞ്ഞില്ലെങ്കിൽ ലീഗ് ഓഫ് നേഷന്റെ സ്ഥിതിയായിരിക്കും ഫലം. യുദ്ധത്തിന്റെ വിപരീതസാഹചര്യങ്ങളെയും അശാന്തിയുടെ എല്ലാ അവസരങ്ങളെയും ഇല്ലായ്മ ചെയ്യുന്നതിൽ മാത്രമാണ് യു.എന്നിന്റെ അർത്ഥപൂർണ്ണമായ നിലനിൽപ്പ്.
വാൽക്കഷണം:
പട്ടിയാണോ പന്നിയാണോ കൂടുതൽ മികച്ച മൃഗം എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. രണ്ടും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ജീവസന്ധാരണം കൊണ്ട് തങ്ങളുടെ ജന്മത്തോട് നീതി പുലർത്തുന്നു എന്നതാണ് സത്യം. അന്യോന്യം മൃഗ സമാനതാരതമ്യങ്ങൾ നടത്തുന്നതിന് പകരം ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ച പ്രസക്തമായ ഒരു ചോദ്യമുണ്ട്. കേരളത്തിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് മനസ്സിലാക്കാൻ സർക്കാരിന് ഇരുപത്തിയൊന്ന് വർഷം വേണ്ടി വന്നോ എന്നാണ് ചോദ്യം. ആ ചോദ്യത്തിൽ തന്നെ ഉത്തരം വ്യംഗ്യമായി ഒളിച്ചിരിക്കുന്നു. പട്ടിക്ക് എല്ലു കിട്ടിയത് വകുപ്പിന്റെ ഇരുപത് ഇരുപത്തിയൊന്ന് വർഷങ്ങളിലാണ്. എല്ലെന്നത് അഴിമതിയും അതിന്റെ വെള്ളപൂശാനുള്ള ശ്രമങ്ങളുമാണ്. ഇത്തരം കുറെ എല്ലുകൾ ഇനിയും അവശേഷിക്കുന്നതുകൊണ്ടാണ് നിർബന്ധപൂർവ്വം നിയമത്തെ നിർവീര്യപ്പെടുത്തിയത്.


Related posts

Leave a Comment