കവിത വായിക്കാം ; “ഒറ്റയാൻ” : ✍️ ഡോ. ഷോളി സുമൻ

കാടിന്റെ നിഗൂഢതകളെ തിരയുന്ന,
കടലിന്റെ ആഴങ്ങളെ ഭയക്കുന്ന,
വന്യതകളിൽ മേയുന്ന ഒരൊറ്റയാനുണ്ട്…
അവനെ നിങ്ങൾ
ചങ്ങലക്കെട്ടഴിച്ചുവിടരുത്..
കാരണം അവന്റെ കണ്ണുകളിൽ
പ്രണയമുണ്ട്..
അവന്റെ കാഴ്ചകളിൽ
അഗ്നിയുണ്ട്..
അവന്റെ നെഞ്ചിൽ
കനവുകളുണ്ട്…
അവൻ നിങ്ങളുടെ ഉറക്കം കെടുത്തും…
നിശ്ശബ്ദതകളിൽ ചിന്നം വിളിക്കും…
അവന്റെ മൂരിനിവർത്തലുകൾ
നിങ്ങളുടെ മേൽ
ഇടിമുഴക്കമാകും..
കാരണം നിങ്ങൾ കെട്ട ലോകത്തിന്റെ
കാവൽക്കാരാണ്…
കള്ളങ്ങളും ചതികളും
നിങ്ങൾക്ക്, മനോഹരമന്ദസ്മിതങ്ങൾക്കുള്ളിൽ
ഒളിപ്പിച്ചുവയ്ക്കേണ്ടതുണ്ട്…
ആരുമറിയാതെ.. (എന്ന് നിങ്ങൾ കരുതുന്നു…)
അവയൊക്കെ കുടഞ്ഞിടേണ്ടതുണ്ട്…
എന്നിട്ട് ആരുമറിയാതെ, (എന്ന് നിങ്ങൾ കരുതുന്നു)
അതൊക്കെ ഗർവിന്റെ ഭാണ്ഡത്തിലാക്കേണ്ടതുണ്ട്..
അതൊക്കെയാണല്ലോ നിങ്ങളെ നിങ്ങളാക്കുന്നത്..
അതുകൊണ്ട് ഒരിക്കലും, അവന്റെ.. ആ ഒറ്റയാന്റെ ചങ്ങലക്കെട്ടഴിഞ്ഞുപോകാതെ സൂക്ഷിക്കണം…
അവനൊരിക്കൽ ആരുമറിയാതെ കാടുകയറിപ്പോകുമെന്ന് സ്വപ്നം കാണാം.

Related posts

Leave a Comment