ദേശീയപാത അഴിമതി വിജിലന്‍സ് അന്വേഷിക്കണംഃ ചെന്നിത്തല

ആലപ്പുഴഃ ദേശീയപാതയില്‍ ചേര്‍ത്തല- അരൂര്‍ ബൈപാസിന്‍റെ നിര്‍മാണ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 36 കോടി രൂപ മുടക്കി നടത്തിയ പുനര്‍നിര്‍മാണം നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചല്ല നടത്തിയത്. ടാര്‍ പോലും വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ല. റോഡ് ആകെ തകര്‍ന്നു സഞ്ചാരയോഗ്യമല്ലാതായി. ആരാണ് ഈ അഴിമതിക്ക് ഉത്തരവാദിയെന്നു സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

റോഡ് നിര്‍മാണത്തില്‍ വലിയ തോതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അതേക്കുറിച്ച് വിജിലന്‍സ് അന്വേ,ണം നടത്തണമെന്നും സിപിഎമ്മിന്‍റെ ഏക എംപി എ.എം. ആരിഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എംപിയെ കുറ്റപ്പെടുത്താനാണു പാര്‍ട്ടി ശ്രമിക്കുന്നത്. ആരിഫ് അച്ചടക്കം ലംഘിച്ചെന്നു പറയുന്നു. റോഡ് നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടില്ലെന്നാണു പാര്‍ട്ടി ജില്ലാ സെക്രട്ടറി പറയുന്നത്. റോഡ് നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ചു പറയേണ്ടത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ദേശീയപാത പുനര്‍നിര്‍മാണത്തില്‍ നടന്നിട്ടുള്ള അഴിമതികളെക്കുറിച്ച് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കണം. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Related posts

Leave a Comment