ആർ ബി ഐ പണനയം ; പ്രതികരണങ്ങൾ

കൊച്ചി: പ്രതീക്ഷകൾക്കനുസൃതമായി തന്നെയാണ് റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് അര ശതമാനം വർദ്ധനവ് വരുത്തിയിരിക്കുന്നത്. അന്താരാഷ്‌ട്ര രംഗത്തെ അനിശ്ചിതത്വവും വിലക്കയറ്റത്തെ തുടർന്നുണ്ടായ വ്യാപാരക്കമ്മിയും ചേർന്നപ്പോൾ നിരക്കുവർദ്ധന ഒഴിവാക്കൽ പ്രയാസമായിരുന്നു.കോവിഡിന് മുൻപത്തെ നിരക്കിലേക്ക് പലിശ എത്തിക്കഴിഞ്ഞു. വിലക്കയറ്റം ഉയർന്നു തന്നെയാണ് നിൽക്കുന്നത്. വിഭവശേഷി പരമാവധി ഉപയോഗിക്കും എന്നതും ബാങ്ക് വായ്പ ഉയരും എന്നുമുള്ള പരാമർശങ്ങൾ ബാങ്കുകളെ സംബന്ധിച്ച് പ്രതീക്ഷാകരമാണെന്നും ഫെഡറല്‍ ബാങ്ക്‌ ഗ്രൂപ്പ് പ്രസിഡന്റും & സിഎഫ്ഒയുമായ വെങ്കടരാമന്‍ വെങ്കടേശ്വരന്‍ പറഞ്ഞു.

പണപ്പെരുപ്പ പ്രവണതകളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ധനനയം പരിഷ്‌കരിച്ചതെന്ന് വ്യക്തമാണ്. ആഗോള സാഹചര്യത്തിന്റെ ആഘാതം 6.7 ശതമാനം പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കുന്നുണ്ട്. എന്നിരുന്നാലും, സാമ്പത്തിക വളര്‍ച്ചാ അനുമാനം 7.2 ശതമാനം തന്നെയാണ്. സൂചകങ്ങള്‍ നഗര മേഖലയിലെ ആവശ്യകതയില്‍ പുരോഗതി കാണിക്കുകയും കാലവര്‍ഷം ഗ്രാമീണ ഉപഭോഗത്തെ പിന്തുണയ്ക്കുകയും ചെയ്തതിനാല്‍ നിക്ഷേപങ്ങളിൽ പുരോഗതിയുണ്ടായി. എന്നിരുന്നാലും പണപ്പെരുപ്പം കുറയുന്ന സാഹചര്യമില്ല. അതുകൊണ്ടുതന്നെ നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള ആര്‍.ബി.ഐ. തീരുമാനം അനിവാര്യമായി തോന്നുന്നുവെന്നും ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് പറഞ്ഞു.

“ഏറ്റവും പുതിയ പണ നയത്തില്‍ ആര്‍ബിഐ ഒരു നിയന്ത്രിത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അസ്ഥിരമായ സാഹചര്യങ്ങളിലും വളര്‍ച്ചയും പണപ്പെരുപ്പവും സന്തുലിതമാക്കാനുള്ള ശ്രമങ്ങളുടെ ബൃഹത് വീക്ഷണകോണിലൂടെ വേണം ഈ നടപടിയെ കാണാന്‍. റിപോ നിരക്കില്‍ 50 ബേസ് പോയിന്റുകളുടെ വര്‍ധന വലുതായി തോന്നിയേക്കാം, എന്നാല്‍ പണപ്പെരുപ്പ പ്രവണതയെ മരവിപ്പിക്കാന്‍ ഇത് ആവശ്യമാണ്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആര്‍ബിഐ നിരക്കുകള്‍ കൂട്ടുന്നത്. നേരത്തെ ഉണ്ടായ നിരക്കുവര്‍ധനകളും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു. എങ്കിലും ആശങ്ക പണപ്പെരുപ്പമാണ്. 2023 സാമ്പത്തിക വര്‍ഷം ഇത് 6.7 ശതമാനം ആകും എന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. റീട്ടെയ്ല്‍ പണപ്പെരുപ്പമാണ് മുഖ്യ പ്രശ്‌നം. നമ്മുടെ ശക്തമായ സാമ്പത്തിക അടിസ്ഥാനഘടകങ്ങളും മെച്ചപ്പെട്ട കരുതല്‍ പണശേഖരവും കണക്കിലെടുക്കുമ്പോള്‍ ഈ റിപ്പോ നിരക്കു വര്‍ധന പണപ്പെരുപ്പ ഭീഷണിയെ മറികടക്കാന്‍ ഇന്ത്യയെ ഗുണപരമായി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ” സൗത്ത് ഇന്ത്യന്‍ ബാങ്ക്‌ എംഡിയും, സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.

Related posts

Leave a Comment