ട്രാവൻകൂർ ഷുഗേഴ്‌സ് കെമിക്കൽസ് ഫാക്ടറിയിൽ നടന്ന സ്പിരിറ്റ് കള്ളക്കടത്തുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം വേണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്‌സ് കെമിക്കൽസ് ഫാക്ടറിയിൽ നടന്ന സ്പിരിറ്റ് കള്ളക്കടത്തുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം വേണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ട്രാവൻകൂർ ഷുഗേഴ്‌സിൽ നടന്ന സ്പിരിറ്റ് ക്രമക്കേടിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുളിക്കീഴ് പൊലീസ് എഫ്‌ഐആർ ഇട്ടെങ്കിലും അന്തർസംസ്ഥാന ഇടപാടായതിനാൽ വിജിലൻസും ഉന്നത ഉദ്യോഗസ്ഥരും അന്വേഷിക്കണം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന എക്‌സൈസ് മന്ത്രിക്ക് പരാതി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് സിപിഎമ്മിന്റെ ഭരണത്തിൻകീഴിൽ വ്യാപക അഴിമതിയും അക്രമവും കള്ളക്കടത്തുമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറിമാരായ പ്രാഫ.സതീഷ് കൊച്ചുപറമ്പിൽ, അഡ്വ.എൻ .ഷൈലാജ്, മാന്നാർ അബ്ദുൽ ലത്തീഫ്, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ.ഷംസുദ്ദീൻ, ഡിസിസി സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കേരി, റോജി കാട്ടാശേരി, റെജി തർകോലിൽ, അബ്ദുൾ സത്താർ, തോമസ് വർഗീസ്, സണ്ണി തോമസ്, കെ.ജെ.മാത്യു, ജിനു തുമ്പുംകുഴി, ഐഎൻടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് റെജിമോൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഖിൽ ഓമനക്കുട്ടൻ, ജില്ലാ സെക്രട്ടറി ജിജോ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment